- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപിയെ നേരിടുന്നതിന് ഭയമുള്ളവർക്ക് കോൺഗ്രസ് വിടാം;അവർ ആർഎസ്എസിന്റെ ആളുകൾ; പകരം ഭയമില്ലാത്തവരെ പാർട്ടിയിലേക്കെത്തിക്കണം'; കോൺഗ്രസ് വിട്ട സിന്ധ്യയെയും ജിതിൻ പ്രസാദയേയും ഉന്നമിട്ട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: യാഥാർഥ്യം ഉൾക്കൊള്ളുന്നതിനും ബിജെപിയെ നേരിടുന്നതിനും ഭയമുള്ളവർക്കു കോൺഗ്രസ് വിടാമെന്ന് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. പകരം ധൈര്യശാലികളായ ആളുകളെ പാർട്ടിയിലേക്കു കൊണ്ടുവരും. കോൺഗ്രസ് വിട്ടുപോയ നേതാക്കൾക്കെതിരെയാണ് രാഹുൽ തുറന്നടിച്ചത്. കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിലെ പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ യോഗത്തിലായിരുന്നു പ്രതികരണം.
അടുത്തിടെ ബിജെപി.യിൽ ചേർന്ന കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. മധ്യപ്രദേശിലെ ഒട്ടേറെ കോൺഗ്രസ് എംഎൽഎ.മാരുമായി ബിജെപി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു.
അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ജിതിൻ പ്രസാദയ്ക്ക് സുപ്രധാനപദവി നൽകുമെന്നാണ് വിവരം. ജൂണിലാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്.
'ഭയമില്ലാത്ത ധാരാളം ആളുകൾ ഉണ്ട്. പക്ഷേ അവരെല്ലാം കോൺഗ്രസിനു പുറത്താണ്. ആ ആളുകളെല്ലാം നമ്മുടേതാണ്. അവരെ അകത്തേക്ക് കൊണ്ടുവരണം. പകരം പാർട്ടിക്കുള്ളിലെ ഭയപ്പെടുന്നവരെ ഒഴിവാക്കണം. അവർ ആർഎസ്എസിന്റെ ആളുകളാണ്, അവർ പോകണം, അവർ ആസ്വദിക്കട്ടെ. ഞങ്ങൾക്ക് അവരെ ആവശ്യമില്ല. നമുക്കു നിർഭയരായ ആളുകളെ വേണം. ഇതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് നിങ്ങൾക്കുള്ള എന്റെ സന്ദേശം.' ഓൺലൈൻ യോഗത്തിൽ രാഹുൽ പറഞ്ഞു.
സ്വന്തം വീട് സംരക്ഷിക്കേണ്ടി വന്നപ്പോൾ ഭയപ്പെട്ടെന്നും അങ്ങനെയാണ് സിന്ധ്യ ആർഎസ്എസിൽ ചേർന്നതെന്നും രാഹുൽ യോഗത്തിൽ പറഞ്ഞതായി പ്രവർത്തകർ പറഞ്ഞു. 3500ഓളം പേർ വരുന്ന കോൺഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിലെ പ്രവർത്തകരെ ആദ്യമായാണ് രാഹുൽ അഭിസംബോധന ചെയ്യുന്നത്. വിവിധ മേഖലകളിൽനിന്നുള്ള 10 യുവ പ്രവർത്തകരുമായി അദ്ദേഹം നേരിട്ടും സംസാരിച്ചു. തന്നോട് സംസാരിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും സഹോദരനായി കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ, നിരവധി മുതിർന്ന നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, നടി ഖുഷ്ബു സുന്ദർ, നാരായണ റാണെ, രാധാകൃഷ്ണ വിഖെ പാട്ടീൽ തുടങ്ങിയവരണ് രാജിവച്ച പ്രമുഖർ. ജ്യോതിരാദിത്യ സിന്ധ്യ, നാരായണ റാണെ എന്നിവർ ഇപ്പോൾ കേന്ദ്രമന്ത്രിമാരാണ്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിനു പാർട്ടിയിലേക്കുള്ള ക്ഷണമാണ് രാഹുലിന്റെ പരാമർശമെന്ന് പാർട്ടിപ്രവർത്തകർ വിശ്വസിക്കുന്നു. പാർട്ടിക്കുള്ളിൽ കൂടുതൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് രാഹുൽ കിഷോറിനെ അറിയിച്ചതായി പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു.
ന്യൂസ് ഡെസ്ക്