ന്യൂഡൽഹി: സുരക്ഷാ പ്രോട്ടോകോൾ പാലിക്കാൻ രാഹുൽ തയ്യാറല്ലെന്നും പലവട്ടം ലംഘിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയിലും വിദേശത്തുമായി നൂറുതവണയെങ്കിലും രാഹുൽ സുരക്ഷാ പ്രോട്ടോകോൾ ലംഘിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനെ (എസ്‌പി.ജി.) ഒഴിവാക്കി രാഹുൽ വിദേശയാത്ര നടത്തിയതെന്തിനെന്നും അദ്ദേഹത്തിന് എന്താണ് മറയ്ക്കാനുള്ളതെന്ന് രാജ്യം അറിയണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി സഞ്ചരിച്ച വാഹനത്തിനുനേരേ കല്ലേറുണ്ടായ സംഭവമുയർത്തി പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് ആഭ്യന്തര മന്ത്രി നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. ഗുജറാത്തിൽ രാഹുൽഗാന്ധിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനെ സമർത്ഥമായി രാജ്‌നാഥ് സിങ് പ്രതിരോധിച്ചു. ആഭ്യന്തരമന്ത്രിയുടെ പരാമർശങ്ങൾക്കെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തി. സഭ രണ്ടുതവണ നിർത്തിവെച്ചശേഷം പിരിയുകയും ചെയ്തു.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആസൂത്രിതമായും അല്ലാതെയും രാഹുൽഗാന്ധി 121 യാത്രകൾ നടത്തിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. ഇതിൽ 100 തവണ അദ്ദേഹം ബുള്ളറ്റ് പ്രൂഫ് കാറുകൾ ഉപയോഗിക്കാതെയാണ് യാത്രചെയ്തത്. കോൺഗ്രസ് അധ്യക്ഷയുടെയും രാഹുൽഗാന്ധിയുടെയും ഓഫീസുകളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ രാഹുൽ ഗാന്ധി 72 ദിവസംനീണ്ട ആറ്് വിദേശയാത്രകൾ നടത്തി. ഈ യാത്രകളിലൊന്നും എസ്‌പി.ജി. സുരക്ഷ രാഹുൽ സ്വീകരിച്ചിരുന്നില്ല. എവിടെയാണ് രാഹുൽ പോയത്? മനഃപൂർവം എസ്‌പി.ജി. സുരക്ഷ ഒഴിവാക്കുകയായിരുന്നു. എസ്‌പി.ജി. ചട്ടത്തിന്റെ ലംഘനമാണതെന്നും മന്ത്രി പറഞ്ഞു.

ഗുജറാത്തിലെത്തിയ രാഹുലിന് സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനം തയ്യാറാക്കിരുന്നെങ്കിലും മറ്റൊരു വാഹനത്തിലാണ് അദ്ദേഹം യാത്രചെയ്യാൻ തയ്യാറായത്. പ്രത്യേകവാഹനം ഉപയോഗിക്കാൻ എസ്‌പി.ജി. നിർദേശിച്ചിട്ടും സമ്മതിച്ചില്ല. നേരത്തെ നിശ്ചയിച്ച പരിപാടികളില്ലാത്തയിടങ്ങളിലും അദ്ദേഹം വാഹനം നിർത്തി.

രാഹുലിന്റെ റാലിയിൽ നാലായിരത്തോളംപേർ പങ്കെടുത്തു. ലാൽചൗക്കിൽവെച്ച് ഒരു കല്ല് കാറിൽ പതിച്ച് ഒരു എസ്‌പി.ജി. ഉദ്യോഗസ്ഥന് പരിക്കേറ്റു. രാഹുൽ നിർബന്ധമായും ഒരു ബുള്ളറ്റ് പ്രൂഫ് കാർ ഉപയോഗിക്കണമായിരുന്നുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു.