ന്യൂഡൽഹി: രാഷ്ട്രീയ ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ റാലിയിൽ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി പങ്കെടുക്കില്ല. ഈ രാഷ്ട്രീയ യാത്ര വേണ്ടെന്ന് വച്ച് രാഹുൽ ഗാന്ധി നോർവയ്ക്കു യാത്രയായി. നോർവേ സർക്കാരിന്റെ ക്ഷണപ്രകാരം കുറച്ചുദിവസത്തേക്ക് അങ്ങോട്ടുപോകുന്നു എന്നു ട്വിറ്ററിൽ കുറിച്ചശേഷമായിരുന്നു യാത്ര. അവിടെ അദ്ദേഹം രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.

ബിഹാറിൽ ജനതാദൾ (യു) ആർജെഡി കോൺഗ്രസ് മഹാസഖ്യം തകർത്ത ജനതാദൾ (യു) നേതാവ് നിതീഷ് കുമാർ ബിജെപിയുമായി കൈകോർത്തു മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന റാലി ഏറെ രാഷ്ട്രീയപ്രാധാന്യം നേടിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റാലിയിൽ പങ്കെടുക്കാൻ സാധ്യതയില്ല.

സീറ്റ് വിഭജനത്തിന്റെ പേരിൽ പിണങ്ങിനിൽക്കുന്ന ബിഎസ്‌പി നേതാവ് മായാവതിയും പങ്കെടുക്കില്ല. കോൺഗ്രസ് പ്രതിനിധിയായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പങ്കെടുക്കും. യുപിയിലെ ഗോരഖ്പൂർ വിഷയത്തിലും മറ്റും രാഹുൽ സജീവമായി പങ്കാളിയായിരുന്നു.