ന്യൂഡൽഹി: കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചുവെന്ന റെക്കോർഡിട്ടാണ് കഴിഞ്ഞ 19 വർഷമായി തുടരുന്ന സോണിയ ഗാന്ധി സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നത്. കോൺഗ്രസ് പ്രസിഡന്റായി രാഹുൽ ഗാന്ധിയെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

രാഹുലിന് വേണ്ടി 93 പത്രികകളാണ് സമർപ്പിക്കുന്നത്. എതിരായി ആരും രംഗത്തു വരാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ വൈകിട്ടോടെ പ്രസിഡന്റ് സോണിയ ഗാന്ധി രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. പത്തരയോടെ 24 അക്‌ബർ റോഡിലുള്ള പാർട്ടിയുടെ ആസ്ഥാനത്തെത്തി രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സോണിയാ ഗാന്ധിയും മന്മോഹൻ സിങും രാഹുലിന് വേണ്ടി നാമനിർദ്ദേശ പത്രികയിൽ ഒപ്പിടും. എ.കെ ആന്റണിയും ഗുലാം നബി ആസാദും പി ചിദംബരവുമടക്കമുള്ള മുതിർന്ന നേതാക്കളും പത്രികയിൽ ഒപ്പിടുന്നുണ്ട്. രാഹുൽ അല്ലാതെ മറ്റാരുടെ പേരിലും ഇതുവരെ പത്രിക സമർപ്പിച്ചിട്ടില്ലെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

രാജീവ് ഗാന്ധിയുടെ മരണ ശേഷം വർഷങ്ങളോളം രാഷ്ട്രീയ രംഗത്തു നിന്ന മാറി നിന്ന ഗാന്ധി കുടുംബം 1998 ലാണ് പൊതുരംഗത്തെത്തുന്നത്. അന്നുമുതൽ എ.ഐ.സി.സി പ്രസിഡന്റായി തുടരുന്ന സോണിയ അനാരോഗ്യം കാരണം സ്ഥാനമൊഴിയുമെന്ന് ഏറെ നാളുകളായി അഭ്യൂഹമുണ്ടായിരുന്നു.

കാൽ നൂറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു യുവാവ് കടന്നു വരുന്നത്. ഇന്ദിരാഗാന്ധിയുടെ മരണ ശേഷം 1985 ൽ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുമ്പോൾ മകൻ രാജീവ് ഗാന്ധിക്ക് 41 വയസ്സായിരുന്നു. അദ്ദേഹം 1991 ൽ മരിക്കുന്നതുവരെ സ്ഥാനത്ത് തുടർന്നു.രാഹുൽ ഗാന്ധിക്ക് ഇപ്പോൾ പ്രായം 47 ആണ്.

വൈകുന്നേരത്തിനുള്ളിൽ മറ്റാരും പത്രിക സമർപ്പിച്ചില്ലെങ്കിൽ അധികം വൈകാതെ സോണിയാ ഗാന്ധി രാഹുൽ ഗാന്ധിയെ പ്രസിഡന്റായി പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.