ന്യൂഡൽഹി: ഗുജറാത്തിൽ മോദിക്ക് ഒരു മോഡലും ഉണ്ടാക്കാനായില്ലെന്നും ബിജെപിയുടെ അടിസ്ഥാനം നുണകളാണെന്നും കോൺഗ്രസ് അദ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രവർത്തകസമിതി യോഗത്തിനു ശേഷമാണ് രാഹുൽ മാധ്യമങ്ങളോട് മോദിക്കെതിരെ ആഞ്ഞടിച്ചത്.

ബിജെപിയുടെ അടിസ്ഥാനം നുണകളാണെന്നും 'ഗുജറാത്തിൽ മോദിക്ക് ഒരു മോഡലും ഉണ്ടാക്കാനായില്ലെന്നും ജനങ്ങളുടെ സമ്പത്തുകൊള്ളയടിക്കുന്നതാണ് ഗുജറാത്തിൽ കാണാനായതെന്നും രാഹുൽ പറഞ്ഞു. റാഫേൽ യുദ്ധവിമാന ഇടപാടുകളെ കുറിച്ച് താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നു രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലും നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി തുറന്നടിച്ചിരുന്നു.

അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, മുതിർന്ന നേതാക്കളായ മോത്തിലാൽ വോറ, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ആനന്ദ് ശർമ, അംബികാ സോണി, സിപി ജോഷി, കമൽനാഥ്, ഓസ്‌കാർ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുത്തു.