ന്യുഡൽഹി: തിളക്കമാർന്ന ഒരു പുതിയ കോൺഗ്രസ്സിനെ വാഗ്ദാനം ചെയ്ത് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽ ഗാന്ധി. ബിജെപി മതപരമായ വിദ്വേഷം വളർത്തുന്നതിനെക്കുറിച്ചും വർദ്ധിച്ചു വരുന്ന തൊഴിൽരഹിതർക്കു തൊഴിൽ നൽകാൻ ബിജെപി സർക്കാരിനു സാധിക്കാത്തതിനെക്കുറിച്ചും രാഹുൽ ഗാന്ധി സംസാരിച്ചു. കോൺഗ്രസ്സ് ഒരു സാധാരണ പാർട്ടിയല്ല മറിച്ച് ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കിയ പാർട്ടിയാണ് എന്നു ബഹറൈനിൽ വച്ചു നടന്ന കൺവെൻഷനിൽ രാഹുൽ ഗാന്ധി പറഞ്ഞു. 2019 -ൽ കോൺഗ്രസ്സ് ബിജെപിയെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ തെറ്റുകൾ സമ്മതിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം കോൺഗ്രസ്സിന്റെ ലക്ഷ്യം ഇന്ത്യയ്ക്കു പുതിയൊരു കാഴ്‌ച്ചപ്പാടുണ്ടാക്കുക എന്നതാണെന്നും പറഞ്ഞു. പുതിയൊരു കോൺഗ്രസ്സ് പാർട്ടിയെ ഇന്ത്യയ്ക്കു നൽകുകയാണെങ്കിൽ തീർച്ചയായും ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുമെന്നും അതിനായി പ്രയത്നം ആരംഭിച്ചു കഴിഞ്ഞു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആറു മാസങ്ങൾ കൊണ്ട് പാർട്ടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ബിജെപി ഇന്ത്യയിൽ മതപരമായും സാംസ്‌കാരികപരമായും വിദ്വേഷം ഉണ്ടാക്കുകയും തൊഴിലില്ലായ്മക്കു പരിഹാരം കാണാതിരിക്കുകയും ചെയ്യുന്നുവെന്നും എല്ലാവരും ജാതി മത ഭേദമന്യേ ഇന്ത്യക്കാരായി കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ചൈന ഒരു ദിവസം 50000 തൊഴിലുകൾ നൽകുമ്പോൾ ഇന്ത്യയ്ക്കു 400 പേർക്കു മാത്രമേ തൊഴിലുകൾ നൽകാൻ സാധിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനം പോലുള്ള പദ്ധതികൾ കാരണം ഇന്ത്യയ്ക്കു വലിയ നഷ്ടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.