ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക അസമത്വത്തെപ്പറ്റി സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി.

പോയവർഷം രാജ്യത്തുണ്ടായ സമ്പത്തിന്റെ 73 ശതമാനവും സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന് വെളിപ്പെടുത്തുന്ന ഓക്സ്ഫാം വാർഷിക സർവേഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മോദിക്കെതിരായ രാഹുലിന്റെ ട്വീറ്റ്. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നർക്ക് സമ്പത്തിന്റെ 73 ശതമാനവും കൈക്കലാക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നാണ് രാഹുൽ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നുവെന്നും രാഹുൽ ട്വീറ്റുചെയ്തു.

ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അഭിസംബോധന ചെയ്തിരുന്നു. ഇരുപത് വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജി.ഡി.പി) ആറിരട്ടി വർധിച്ചുവെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയ്ക്കുശേഷം ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 1997 ൽ നടന്ന സാമ്പത്തിക ഫോറത്തിലാണ് ദേവഗൗഡ പങ്കെടുത്തത്.