ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പ്രധാനമന്ത്രി മോദി മൗനത്തിലാണ്. ഓക്‌സിജൻ ലഭിക്കാതെ ആയിരങ്ങൾ പിടഞ്ഞു മരിക്കുമ്പോഴും വാക്‌സിന് ഏകീകൃത നിരക്കേർപ്പെടുത്തണം എന്ന കോടതി പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഈ ഘട്ടത്തിൽ ആഗോള മാധ്യമങ്ങളിൽ പോലും മോദിക്കെതിരായി കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

രാജ്യത്ത് ആവശ്യം ഓക്‌സിജൻ ആണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കായി പുതിയ വസതി ഉൾപ്പെടെ വരുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ചിത്രം പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.

കോവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെ പോലും വകവയ്ക്കാതെ സെൻട്രൽ വിസ്താ പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുൽ മുൻപും രംഗത്തുവന്നിട്ടുണ്ട്. പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം ആരോപിച്ചത്. ജനങ്ങളുടെ ജീവിതത്തിനുമേൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും സെൻട്രൽ വിസ്ത നിർമ്മാണത്തെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്.