ന്യൂഡൽഹി: ഇനി പടപ്പുറപ്പാടിന്റെ നാളുകൾ. രാഹുൽ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയെന്നത് ഇനി ഔപചാരികത മാത്രം. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ 11ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. രാഹുൽ ഗാന്ധി തലപ്പത്ത് എത്തുന്നതോടെ കോൺഗ്രസിന് പുതുജീവൻ ലഭിക്കുമെന്നതാണ് പാർട്ടിയുടെ പ്രതീക്ഷ. 19 വർഷത്തെ അധ്യക്ഷ സ്ഥാനത്തെ സോണിയ ഗാന്ധിയുടെ പരിചയസമ്പത്ത് ഇനി മകന്റെ അധ്യക്ഷസ്ഥാനത്തിന് ശക്തിപകരാൻ മുഖ്യ ഉപദേശക സ്ഥാനത്തിരുന്ന് ഉപയോഗിക്കും. പാർട്ടിയുടെ മുഖ്യ പ്രചാരകയായി അനുജത്തി പ്രിയങ്ക ഗാന്ധി തന്നെ നേരിട്ടിറങ്ങും. രാഹുൽഗാന്ധിക്ക് പിന്തുണയുമായി തലമുതിർന്ന ഒരു കൂട്ടം കോൺഗ്രസ് നേതാക്കൾ നിൽക്കുമ്പോൾ അഴിമതിയുടെ കറപറ്റിയവരെ ഒരടി മാറ്റിനിർത്തുക തന്നെ ചെയ്യുമെന്നതിലും സംശയമില്ല.

രാഹുൽ ഗാന്ധി, ആന്റണി, മന്മോഹൻ സിങ്. ഈ മൂന്ന് ത്രിമൂർത്തികളും വീണ്ടും ശക്തിയായി ഒരുമിച്ചാൽ രാജ്യത്ത് വീണ്ടും യു.പി.എ സർക്കാരിനെ അധികാരത്തിലേറ്റാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട സാഹചര്യങ്ങളിൽ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയെയും മുൻപ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെയും എ.കെ.ആന്റണിയെയും സന്ദർശിച്ച് രാഹുൽ ഉപദേശം തേടുന്നതും പതിവാണ്. ഇപ്പോൾ നടക്കുന്ന ഗുജറാത്ത് ഇലക്ഷനിൽ വിജയിക്കാനായി കോൺഗ്രസ് അശ്രാന്തം പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുൻപ്തന്നെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്, തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. മുൻപെങ്ങുമില്ലാത്തവിധം ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി സജീവമായി രംഗത്തുണ്ട്.

രാഹുൽ ഗാന്ധി പാർട്ടി ഉപാധ്യക്ഷ സ്ഥാനമൊഴിയുമ്പോൾ ആ സ്ഥാനത്തേക്ക് എത്തുന്നത് പാർട്ടിയിലെ അഴിമതി രഹിത മുഖമുള്ള വ്യക്തിയും പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മലയാളികളുടെ സ്വന്തം എ.കെ ആന്റണിയായിരിക്കും. രാഹുൽ ഗാന്ധി പാർട്ടി ഉപാധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോൾ രാഹുൽ ആദ്യം പോയി കണ്ടതും ആന്റണിയെയാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനും കറതീർന്ന അഴിമതി രഹിതനുമായ ആന്റണി സോണിയക്കും പ്രിയങ്കരൻ തന്നെയാണ്. കോൺഗ്രസിനുള്ളിൽ തന്നെയുള്ള രാഷ്ട്രീയ തർക്കങ്ങൾ പോലും വളരെ നിസാരമായി ഒത്ത് തീർപ്പാക്കുന്ന ആന്റണി നേതാക്കൾക്ക് എന്ന പോലെ പ്രവർത്തകർക്കും വിശ്വസ്ഥനായ വ്യക്തിത്വമാണ്. എ.കെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും പിന്തിരിഞ്ഞ് ദേശീയ രാഷ്ട്രീയത്തിലെത്തിയപ്പോൾ കർശന നിലപാടുകളിലൂടെയും ഭരണ പാടവത്തിലൂടെയും പാർട്ടിയിലെ അധികായകനായി മാറുകയായിരുന്നു.

2004 മുതൽ 2014 വരെയുള്ള പത്ത് വർഷം കൊണ്ട് രാജ്യത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റിയ മന്മോഹൻ സിങിന്റെ കഴിവ് രാജ്യം ഈ കാലയളവിൽ തിരിച്ചറിഞ്ഞതാണ്. ധനമന്ത്രി പദത്തിലിരിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മന്മോഹൻ സിങിന്റെ പരിഷ്‌കാരങ്ങളെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതലത്തിൽ അംഗീകരിച്ചതാണ്. 2007 ൽ ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതിന്റെ പിന്നിലെ തലച്ചോറും മന്മോഹൻ സിങ്ങ് തന്നെയായിരുന്നു.

അധ്യക്ഷ സ്ഥാനത്തിന് പിന്നാലെ ഒരോ സംസ്ഥാനങ്ങളിലെയും അഴിച്ചുപണികളിലേക്ക് രാഹുൽ കടക്കും. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലെയും പാർട്ടി അധ്യക്ഷന്മാർ മാറും. യുവാക്കൾക്കും പാർട്ടിയെ ഒരുമിച്ച് നയിച്ച് കൊണ്ടുപോകാനും കഴിവുള്ളവർ മാത്രം സംസ്ഥാന നേതൃതലങ്ങളിലേക്ക് എത്തും. കേരളമടക്കമുള്ള കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നിന്ന് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലേക്കും പാർട്ടിക്ക് പുതിയ മുഖങ്ങൾ വരും. എല്ലാ സംസ്ഥാനങ്ങളിലും ശക്തി ആർജിച്ച ശേഷമാകും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനെ പാർട്ടി നേരിടുക. കളങ്കിതരെ പൂർണമായും മാറ്റിനിർത്താനുള്ള രാഹുലിന്റെ ശ്രമത്തിന് പൂർണ പിന്തുണയാണ് കോൺഗ്രസിന്റെ പുതുതലമുറയും നൽകുന്നത്. ഈ തീരുമാനം പുതിയ തലമുറക്ക് നേതൃസ്ഥാനങ്ങളിലേക്ക് പ്രതീക്ഷ നൽകുന്നു എന്നതാണ് ഇതിന് കാരണം.

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുൻപ്തന്നെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്, തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തുന്നത്. മുൻപെങ്ങുമില്ലാത്തവിധം ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി സജീവമായി രംഗത്തുണ്ട്. മുൻപൊന്നും കണ്ടിട്ടില്ലാത്ത രീതിയിൽ രാഹുൽഗാന്ധിക്ക് ഉയർന്ന് വരുന്ന ജനപ്രീതിയും പാർട്ടിക്ക് വാനോളം പ്രതീക്ഷ നൽകുന്നു. ഗുജറാത്തിൽ കോൺഗ്രസിന് അനുകൂലമായ തരംഗം വീശിയാൽ അത് രാഹുലിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരവും രാജ്യമൊട്ടാകെ കോൺഗ്രസിനുള്ള ഒരു ഉയർത്തെഴുനേൽപ്പുമാണ്. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും ഗുജറാത്ത് തിരിച്ച്പിടിക്കാൻ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് രാഹുലും കൂട്ടരും.

കോൺഗ്രസിന്റെ ഉയർത്തെഴുനേൽപ്പിനെ ഭയക്കുന്ന എൻഡിഎയുടെ സമീപകാലത്തെ പ്രതികരണങ്ങളും ഇതിന് ഉദാഹരണമാണ്. രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തോടുള്ള നരേന്ദ്ര മോദിയുടെ ഔറഗസേബ് പരാമർശവും രാഹുൽ യുഗത്തെ അൽപം ഭയത്തോടെയാണ് നേതൃത്വം കാണുന്നതിനുള്ള തെളിവാണ്. പ്രധാനമന്ത്രിയേക്കാൾ മികച്ച നേതാവാണ് രാഹുൽ ഗാന്ധിയെന്നു ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും വിശേഷിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും രാഹുലിന് വലിയ പിന്തുണയാണ് നൽകുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി നരേന്ദ്ര മോദിക്ക് കിട്ടിയിരുന്ന സ്വീകരണത്തിനും അപ്പുറമായ പിന്തുണ ഇപ്പോൾ രാഹുലിന് ലഭിക്കുന്നു എന്നതും എൻഡിഎ പക്ഷത്ത് ആശങ്കക്ക് കാരണമായിട്ടുണ്ട്.

രാഹുൽ ഗാന്ധി അധ്യക്ഷപദമേൽക്കുന്നതോടെ പുതിയ ഒരു യുഗപ്പിറവിയും ശക്തമായ ഒരു തിരിച്ച് വരവുമാണ് കോൺഗ്രസ് രാജ്യത്ത് പ്രതീക്ഷിക്കുന്നത്. രാഹുലിന്റെ ജനപിന്തുണ ദിനം പ്രതി ഏറി വരുന്നതും കോൺഗ്രസിന് പുതുജീവൻ നൽകുന്നു. തലമുറ മാറ്റത്തിന്റെ ഗുണം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യമൊട്ടാകെയുള്ള കോൺഗ്രസ് പ്രവർത്തകരും.