ന്യൂഡൽഹി: രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് എത്തുന്നു. രാഹുൽ ഗാന്ധിയെ കോൺഗ്രസ്  അധ്യക്ഷനാക്കണമെന്ന പ്രമേയം പ്രവർത്തക സമിതി ഒറ്റക്കെട്ടായി അംഗീകരിച്ചു. ഡിസംബർ അഞ്ചിന് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്ന് ചേർന്ന് കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് അടുത്ത മാസം ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

ഡിസംബർ 4 നാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അഞ്ചിന് പത്രികയുടെ സൂക്ഷ്മ പരിശോധന. വോട്ടെടുപ്പ് വേണ്ടിവന്നാൽ ഡിസംബർ 16 ന് നടക്കും. 19 നായിരിക്കും ഫലപ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10-ാം നമ്പർ ജൻപഥിലാണ് രാവിലെ വർക്കിങ് കമ്മിറ്റി യോഗം ചേർന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് രാഹുൽഗാന്ധിയെ തിരഞ്ഞെടുക്കാനുള്ള സമയക്രമത്തിനാണ് പ്രവർത്തകസമിതി അംഗീകാരം നൽകിയത്.

കോൺഗ്രസിൽ നിന്ന് മറ്റ് സ്ഥാനാർത്ഥികൾ രംഗത്ത് വരാനുള്ള സാധ്യതയില്ല. ഇതിനാൽ സൂക്ഷ്മ പരിശോധനാ ദിവസമായ ഡിസംബർ അഞ്ചിന് തന്നെ രാഹുൽ കോൺഗ്രസ് അധ്യക്ഷനാകും. ഔപചാരികമായി അധ്യക്ഷപദവി എറ്റെടുക്കുന്നത് ഡിസംബർ അവസാനമോ ജനുവരിയിലോ ചേരുന്ന എ.ഐ.സി.സി.യുടെ പ്ലീനറി സമ്മേളനത്തിലായിരിക്കും. ഡൽഹിയോ ബെംഗളൂരുവോ ആയിരിക്കും വേദി. പ്രവർത്തക സമിതിയിലേക്കുള്ള പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനത്തിൽ തിരഞ്ഞെടുക്കും. ബാക്കി അംഗങ്ങളെ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും.