ഹൈദരാബാദ്: രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുക്കളില്ല എന്നു പറയുന്നത് എത്ര ശരിയാണ്. പാർട്ടി വിജയം നേടാൻ ആരുമായും കൂട്ടുപിടിക്കുന്നവരാണ് രാഷ്ട്രീയക്കാർ എന്ന ചിന്ത ശരിവയ്ക്കുന്നതാണ് തെലങ്കാനയിൽ ഇപ്പോൾ സംഭവിച്ചത്. തെരഞ്ഞെടുപ്പിനെ നേരിടാൻ തെലുങ്കുദേശം പാർട്ടിയും കോൺഗ്രസും കൈകോർക്കാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും ഇരുപാർട്ടികളുടേയും നേതാക്കൾ ഒരു വേദിയിൽ പ്രത്യക്ഷപ്പെട്ടത് ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധ പിടിച്ചു പറ്റി.

രാഹുലും ചന്ദ്രബാബു നായിഡുവും ഒരു വേദി പങ്കിട്ടതോടെ മൂന്നുപതിറ്റാണ്ടു നീണ്ട ശത്രുതയ്ക്കാണ് അന്ത്യമായത്. 1982-ൽ തെലുങ്കുദേശം പാർട്ടി രൂപീകരിച്ച്തിൽ പിന്നെ കോൺഗ്രസിനെ നായിഡു ശത്രുവായി മാത്രമേ കണ്ടിട്ടുള്ളൂ. ആന്ധ്രയ്ക്ക പ്രത്യേക പദവി നൽകണമെന്നുള്ള കേന്ദ്രത്തിന്റെ വാഗ്ദാനം പാലിക്കാത്തതിൽ മടുത്താണ് എൻഡിഎയിൽ നിന്ന് നായിഡു തെറ്റിപ്പിരിഞ്ഞത്. എന്നാൽ അതെല്ലാം പഴങ്കഥയാക്കി ഇരുപാർട്ടികളുടേയും നേതാക്കൾ ആദ്യമായി ഒരു വേദിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. രാഷ്ട്രമാണ് പ്രധാനം. അതിന്റെ രക്ഷയ്ക്കായി ബിജെപിക്കെതിരേ ഒന്നിച്ചു നിൽക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നാണ് ഈയവസരത്തിൽ നായിഡു പ്രതികരിച്ചത്.

ഇരുപാർട്ടികളും തമ്മിലുള്ള കെമിസ്ട്രി വളരെ നല്ലതാണെന്നും ഈ കൂട്ടുകെട്ടിൽ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ സാധിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. തെലങ്കാനയിൽ ഇലക്ഷൻ പ്രചാരണത്തിന് എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ഇരുപാർട്ടികളും തമ്മിൽ ശത്രുതയൊന്നുമില്ല. ചേർന്നു പ്രവർത്തിച്ചാൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ചന്ദ്രബാബു നായിഡുവും രാഹുൽഗാന്ധിയും ഈ മാസം ആദ്യം നടത്തിയ കൂടിക്കാഴ്ചയിൽ തന്നെ സഖ്യം രൂപീകരിക്കാൻ ധാരണയായെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇരുനേതാക്കളും എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയായിരുന്നു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസുമായി ചേർന്ന് വിശാലസഖ്യം രൂപീകരിക്കാൻ നായിഡു നേരത്തെ തന്നെ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിൽ പല തവണ ശരദ് പവാർ, ഫറൂഖ് അബ്ദുള്ള, അരവിന്ദ് കേജ്‌റിവാൾ തുടങ്ങിയ നേതാക്കളെ നായിഡു സന്ദർശിക്കുകയും ചെയ്തിരുന്നു.

ബിജെപിയിൽ നിന്നും മോദിയിൽ നിന്നും ഇന്ത്യയെ രക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തങ്ങൾ യോജിച്ച് മുന്നോട്ടു പോകുന്നതെന്നും രാഹുൽ ഗാന്ധിയും ചൂണ്ടിക്കാട്ടി. ഇതു തങ്ങളുടെ ദേശീയ ദൗത്യമാണെന്നും നായിഡുവും അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പു പ്രചാരണത്തോടനുബന്ധിച്ച് നടന്ന റാലിയിൽ ഇരുനേതാക്കളും മോദിക്കെതിരേ ആഞ്ഞടിക്കുകയായിരുന്നു. സംസ്ഥാനത്തെ വിശാലസഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നേരിടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ്-ടിഡിപി സഖ്യത്തിനൊപ്പം സിപിഐയും തെലുങ്കു ജനതാസമിതിയും ചേർന്നപ്പോൾ ഉണ്ടായ വിശാല സഖ്യമാണ് ഇപ്പോൾ തെലങ്കാനയിൽ ഭരണ കക്ഷിയായ ടിഡിഎസിന് ഉയർത്തുന്ന വെല്ലുവിളി. ടിഡിപിക്ക് ഏറെ സ്വാധീനമുള്ള തെലങ്കാനയിലും നായിഡുവും രാഹുലും കൈകോർത്ത് പ്രചാരണത്തിന് എത്തിയതോടെ റാവുവിന് അടുത്ത തവണയും അധികാരത്തിലേറാം എന്ന അമിത ആത്മവിശ്വാസത്തിനാണ് മങ്ങലേൽപ്പിച്ചിരിക്കുന്നത്. കാലാവധി കഴിയാൻ മാസങ്ങൾ ഉണ്ടായിരിക്കേ നിയമസഭ പിരിച്ചുവിട്ടാണ് റാവു തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയത്.

ഭരണകക്ഷിക്ക് ഏതാനും മാസങ്ങൾ നഷ്ടമായാലെന്താ അടുത്ത അഞ്ചു വർഷത്തേക്ക് തന്റെ കസേര ഭദ്രമാക്കാമെന്നായിരുന്നു നിയമസഭ പിരിച്ചുവിടുമ്പോൾ റാവുവിന്റെ മനസിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റം നടത്തിയാൽ അത് തന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും കരുതിയാണ പ്രതിപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് റാവു നിയമസഭ പിരിച്ചു വിട്ടത്. എന്നാൽ അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞ ടിഡിപി കോൺഗ്രസ് വിശാലസഖ്യം വൻ തിരിച്ചടിയാണ് റാവുവിന്റെ തെലങ്കാന രാഷ്ട്രസമിതിക്ക് നൽകിയിരിക്കുന്നത്.

ഇരുപാർട്ടിയുടേയും നേതാക്കൾ വേദി പങ്കിടുക കൂടി ചെയ്തതോടെ തന്റെ നില പരുങ്ങലിലായി എന്ന് റാവുവും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ കരുതലോടെ നീങ്ങാൻ റാവുവും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. ശക്തരായ എതിരാളികളെ നേരിടാൻ എല്ലാ തന്ത്രവും റാവുവും പയറ്റും. ഡിസംബർ ഏഴിന് സംസ്ഥാനം ജനവിധി തേടുമ്പോൾ മധ്യപ്രദേശ് പോലെ തന്നെ തെലങ്കാനയും ദേശീയ ശ്രദ്ധപിടിച്ചു പറ്റുകയാണ്.