ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചൈനീസ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസി. എന്നാൽ ഇത്തരമൊരു കൂടിക്കാഴ്ച നടന്നെന്ന വാർത്ത സ്ഥിരീകരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു.

ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലായ് എട്ടിന് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതായും വെബ്സൈറ്റ് പറയുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അതേസമയം, ഇത്തരമൊരു കൂടിക്കാഴ്ച നടന്നതായി സ്ഥിരീകരിക്കാൻ കോൺഗ്രസ് വിസമ്മതിച്ചു. വാർത്തയെ തള്ളിക്കളഞ്ഞ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സർജേവാല, കേന്ദ്രമന്ത്രിമാരുടെ ചൈനീസ് സന്ദർശനത്തെയും ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിങ്പിങ്ങിനെ കണ്ടതിനെയും വിമർശിച്ചു.

സിക്കിം അതിർത്തിയിൽ ഭൂട്ടാനും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന പ്രദേശത്ത് ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ വന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നിശ്ശബ്ദതയെ രാഹുൽ ഗാന്ധിയും വിമർശിച്ചിരുന്നു.