അമേഠി: അമേരിക്കൻ പര്യടനം കഴിഞ്ഞ് നാട്ടിലെത്തിയ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ അദ്ദേഹം നടത്തിക്കഴിഞ്ഞു. മോദി സർക്കാറിനെതിരെ ജനവികാരം ശക്തമാകുന്ന വേളയിൽ തന്നെയാണ് രാഹുലിന്റെ രണ്ടാം രാഷ്ട്രീയ വരവിന് തുടക്കമാകുന്നതും. വർദ്ധിത വീര്യത്തോടെ അമേരിക്കയിൽ നിന്നും എത്തിയ രാഹുൽ ഗാന്ധി തന്റെ സ്വന്തം മണ്ഡലം സന്ദർശിച്ച് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

തൊഴിലില്ലായ്മ ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ആഞ്ഞടിച്ചത്. ജനത്തിന്റെ സമയം കളയാതെ വിഷയത്തിൽ നിലപാടു വ്യക്തമാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണാൻ മോദിക്കു സാധിക്കുമോ. ഇല്ലെങ്കിൽ ഞങ്ങളോടു പറയൂ. ആറു മാസത്തിനുള്ളിൽ പരിഹാരം ഉണ്ടാക്കുന്നത് കാണിച്ചുതരാം രാഹുൽ പറഞ്ഞു. തന്റെ ലോക്‌സഭാ മണ്ഡലമായ അമേഠിയിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം.

കർഷകരും യുവാക്കളുമാണ് ഇന്ത്യ നേരിടുന്ന പ്രധാന രണ്ടു പ്രശ്‌നങ്ങൾ. മോദിക്ക് ഇവയെ നേരിടാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസ് പരിഹാരം ഉണ്ടാക്കാം. സമയം കളയാതെ വാക്കുനൽകിയപോലെ യുവാക്കൾക്ക് തൊഴിൽ നൽകണം. സ്വന്തം രാജ്യത്തിനായി ജോലി ചെയ്യാൻ അവസരം ലഭിക്കുന്നില്ലെന്നാണ് യുവാക്കൾക്കു തോന്നുന്നത്. അവരുടെ ദേഷ്യം വർധിക്കുകയും കർഷകർ ആത്മഹത്യ ചെയ്യുകയുമാണെന്നും രാഹുൽ പറഞ്ഞു.

ഭക്ഷണ പാർക്ക് പോലുള്ള മറ്റു പ്രോജക്ടുകൾ അമേഠിക്കു നൽകാത്തതിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. അമേഠിയിലെ ജനങ്ങളുടെ താൽപര്യങ്ങൾ ഹനിക്കുകയാണ് ബിജെപി. നിങ്ങൾക്കു വേണ്ടി പോരാടാൻ ഞാനുണ്ടാകും. മേക്ക് ഇൻ അമേഠിയും മേക്ക് ഇൻ യുപിയും നടപ്പാക്കാതെ മേക്ക് ഇൻ ഇന്ത്യയെക്കുറിച്ച് സംസാരിച്ചിട്ടു കാര്യമില്ലെന്നും രാഹുൽ വ്യക്തമാക്കി.

നേരത്തെ രാാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനവും വലിയ വിജയമായിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി, 'ഗുജറാത്ത് മോഡൽ' വികസനം, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനവുമായിട്ടാണ് രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപു ലക്ഷ്യമിട്ടായിരുന്നു ഈ യാത്ര.