ന്യൂഡൽഹി: തുടർച്ചയായി പ്രയത്ന്നിച്ച് രാഹുൽ ഗാന്ധി മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ അധികാരിത്തിലെത്തിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ താൻ കർഷകർക്ക് നൽകിയ വാഗ്ദാനം പാലിച്ച് കാർഷിക കടങ്ങളും എഴുതി തള്ളി. ഇനി അൽപ്പം വിശ്രമം ആവാം എന്നാണ് രാഹുൽ ഗാന്ധിയുടെ പക്ഷം. രാഷ്ട്രീയ തിരക്കുകൾക്ക് അവധി നൽകിയ കോൺഗ്രസ് അധ്യക്ഷൻ ഷിംലയിൽ എത്തി. പാർട്ടി നേതാക്കളെ അറിയാക്കാതെ തികച്ചും സ്വകാര്യമായ സന്ദർശനമായിരുന്നു രാഹുലിന്റേത്.

ചൊവ്വാഴ്‌ച്ച രാവിലെയാണു റോഡ് മാർഗം സഹോദരി പ്രിയങ്ക വാധ്രക്കൊപ്പം രാഹുൽ പോയത്. പ്രിയങ്കയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന കോൺഗ്രസ് നേതാക്കളെ പോലും അറിയിക്കാതെയുള്ള യാത്രയ്ക്കിടെ ഇവർ വഴിയിരികിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണു വിവരം പുറത്തറിഞ്ഞത്. ഷിംലയിൽ പ്രിയങ്ക നിർമ്മിക്കുന്ന വസതിയും രാഹുൽ സന്ദർശിച്ചു.

മാസങ്ങളായുള്ള വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്കൊടുവിൽ അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും കൈപ്പത്തി പതിപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി ചെറിയൊരു ഇടവേളയിലേക്ക് കടക്കുന്നത്. ഇടയ്ക്ക് സോളനിൽ ചായയും പലഹാരവും കഴിക്കാനായി കാർ നിർത്തിയപ്പോൾ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രിയനേതാവിനെ കാണാൻ ഓടിയെത്തി. ചായയും മാഗി ന്യൂഡിൽസും പലഹാരങ്ങളും കഴിച്ച ശേഷം തന്നെ കാണാനെത്തിയവരോട് സംസാരിക്കാനും രാഹുൽ സമയം കണ്ടെത്തി.

തെരഞ്ഞെടുപ്പ് വിജയത്തിലെ സന്തോഷമറിയിച്ച പ്രവർത്തകരോട് ഹിമാചലിലെ പാർട്ടി പ്രവർത്തനങ്ങളെ കുറിച്ച് രാഹുൽ ആരാഞ്ഞു. കുശലാന്വേഷണങ്ങൾക്കൊടുവിൽ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും യാത്ര തുടർന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള യാത്രയിലാണ് താനെന്ന് രാഹുൽ പറഞ്ഞതായി പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഹിമാചൽ കോൺഗ്രസ് പ്രസിഡന്റ് സുഖ്വീന്ദർ സുഖു അറിയിച്ചു.

വിശ്രമത്തിന് പോകും മുമ്പ് രാഷ്ട്രീയ വിമർശനം നടത്തുകയും ചെയ്തു രാഹുൽ ഗാന്ധി. കാർഷിക കടം എഴുതിത്ത്ത്തള്ളാനുള്ള അസം സർക്കാരിന്റെയും ഗ്രാമീണ ഉപയോക്താക്കളുടെ വൈദ്യുതി കുടിശിക വേണ്ടെന്നു വയ്ക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെയും തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കെതിരെ മുനവച്ച പരാമർശമായിരുന്നു രാഹുൽ നടത്തിയത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളുടെ നടപടിയാണ് അസം, ഗുജറാത്ത് സർക്കാരുകളെ അതേ വഴിക്കു നയിച്ചതെന്നു രാഹുൽ ചൂണ്ടിക്കാട്ടി. 'ഗാഢമായ ഉറക്കത്തിൽനിന്ന് അസം, ഗുജറാത്ത് മുഖ്യമന്ത്രിമാരെ ഉണർത്താൻ കോൺഗ്രസിനു സാധിച്ചു. പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിലാണ്. അദ്ദേഹത്തെയും ഉണർത്തും' രാഹുൽ ട്വിറ്ററിൽ കുറിച്ചു.