- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം വീഡിയോക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് അറിയിക്കണം; ഫേസ്ബുക്ക് ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ച് ബാലാവകാശ കമ്മീഷൻ
ന്യൂഡൽഹി: ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ കുടുംബത്തെ വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ച രാഹുൽ ഗാന്ധിക്കെതിരെ കൂടുതൽ നടപടിക്ക് നീക്കം. രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച സംഭവത്തിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ഫേസ്ബുക്ക് വ്യക്തമാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ഇക്കാര്യം അറിയിക്കാൻ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥനെ എൻ.സി.പി.സി.ആർ നേരിട്ട് വിളിപ്പിച്ചു. പെൺകുട്ടിയുടെ കുടുംബം ആരാണെന്ന് വെളിപ്പെടുത്തുന്നതാണ് രാഹുലിന്റെ വീഡിയോയെന്ന് എൻ.സി.പി.സി.ആർ പറഞ്ഞു.
ഫേസ്ബുക്ക് ഇന്ത്യയിലെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗം മേധാവി സത്യ യാദവിനോട് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഓഗസ്റ്റ് 17 ന് ഹാജരാകാനാണ് എൻ.സി.പി.സി.ആർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം രാഹുൽഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് ഇതേ വീഡിയോ പങ്കുവെച്ചതിനെ തുടർന്ന് ഒരാഴ്ച്ച കാലത്തേക്ക് ലോക്ക് ചെയ്തിരുന്നു. ഇത് പിൻവലിച്ച അതേദിവസമാണ് ഫേസ്ബുക്കിനോട് എന്ത് നടപടി സ്വീകരിച്ചെന്ന് ഇപ്പോൾ എൻ.സി.പി.സി.ആർ ചോദിച്ചിരിക്കുന്നത്.
രാഹുലിന്റെ അക്കൗണ്ടിലെ വീഡിയോ നീക്കം ചെയ്യണമെന്നും ജുവനൈൽ ജസ്റ്റിസ് ആക്ട്, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഗാന്ധിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിനെതിരെ നടപടി വേണമെന്നും എൻ.സി.പി.സി.ആർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി നങ്കലിലെ ഈ മാസം ആദ്യമാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടർന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു. സംഭവത്തിൽ സമീപത്തെ ശ്മശാനത്തിലെ പൂജാരി രാധേശ്യാം ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് രാഹുൽ ഗാന്ധി പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ചിരുന്നു.
ഈ സമയത്ത് ചിത്രീകരിച്ച വീഡിയോയായിരുന്നു രാഹുൽ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചത്. രാഹുലിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ടിന് താൽക്കാലിക ബ്ലോക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയായിരുന്നു പ്രിയങ്കഗാന്ധി പ്രതിഷേധിച്ചത്. ട്വിറ്റർ പിന്തുടരുന്നത് സ്വന്തം നയം തന്നെയാണോ അതോ മോദി സർക്കാരിന്റെ നയമാണോയെന്ന് പ്രിയങ്ക ചോദിച്ചിരുന്നു. രാഹുലിന്റെതിന് സമാനമായി ട്വീറ്റ് ചെയ്ത എസ്.സി-എസ്.ടി കമ്മീഷൻ അംഗങ്ങളുടെ അക്കൗണ്ടിനെതിരെ എന്താണ് നടപടിയില്ലാത്തതെന്നും പ്രിയങ്ക ചോദിച്ചിരുന്നു.
മറുനാടന് ഡെസ്ക്