ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസ്. എന്നാൽ, അമിതമായ ആഹ്ലാദത്തിന് നിൽക്കാതെ തങ്ങൾക്കെ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ചെയ്തു തീർക്കുകയാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സഖ്യം ഉറപ്പിക്കുന്ന കാര്യത്തിലും കാര്യമായി തന്നെ ഇടപെടൽ നടത്തുന്നുണ്ട് രാഹുൽ. ഗോവ ആവർത്തിക്കരുത്.. ഫലം കർണാടകയുടേതു പോലെ ആകണം എന്നു മാത്രമാണ് രാഹുൽ നേതാക്കളോട് പറഞ്ഞിരിക്കുന്നത്. സ്വപ്‌ന സമാനമായ നേട്ടത്തെ പിന്നോട്ട് അടിക്കുന്ന കാര്യങ്ങൾ അരുതെന്നാണ് എംഎൽഎമാർക്കുള്ള അദ്ദേഹത്തിന്റെ സന്ദേശം.

നിലവിൽ മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തർക്കമുള്ളത്. ഛത്തീസ്‌ഗഡിലെ മുഖ്യമന്ത്രിയാരെന്നും കോൺഗ്രസ് നേതൃത്വം ഇന്നു തീരുമാനിച്ചേക്കും. രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റിനെയും അശോക് ഗെലോട്ടിനെയും പാർട്ടി നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചിട്ടുണ്ട്. എഐസിസി നിയോഗിച്ച നിരീക്ഷകരായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, മല്ലികാർജുൻ ഖർഗെ എന്നിവർ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് നൽകും. ഛത്തീസ്‌ഗഡിൽ ഭൂപേഷ് ബാഗൽ, സിങ്‌ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയായിരിക്കും പരിഗണിക്കുക. മധ്യപ്രദേശിൽ മുതിർന്ന നേതാവ് കമൽനാഥിനാണ് സാധ്യത. കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ കമൽനാഥിന് മേൽക്കൈ ലഭിച്ചെന്നാണു വിവരം. എന്നാൽ, ഇത് സംബന്ധിച്ച അന്തിമ തീരുമാനം രാഹുൽ കൈക്കൊള്ളും. രാജസ്ഥാനിലാണ് രാഹുൽ ഗാന്ധിയെ സംബന്ധിച്ച് ശ്രമകരമായ കാര്യം. ഇവിടെ പൈലറ്റും ഗെലോട്ടും രാഹുലിന് പ്രിയപ്പെട്ടവരാണ്. ഭൂരിപക്ഷം കുറവായതിനാൽ ഗെലോട്ടിന്റെ പരിചയ സമ്പത്തിനെ ആശ്രയിക്കാനുള്ള സാധ്യതയുമുണ്ട്.

അതിനിടെ മധ്യപ്രദേശിൽ എഐസിസി നിരീക്ഷകനായി ചുമതലപ്പെടുത്തിയ എ.കെ. ആന്റണി വൈകിട്ടോടെ ഭോപ്പാലിലെത്തി. കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മധ്യപ്രദേശിൽ മുതിർന്ന നേതാവ് കമൽനാഥും പാർട്ടി അധ്യക്ഷൻ ജോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് സിന്ധ്യ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനായി അവകാശവാദമുന്നയിച്ച് ഗവർണറെ കണ്ട സംഘത്തിനൊപ്പവും ഇരുവരുമുണ്ടായിരുന്നു.

എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടാണ് രാഹുൽ ഇടപെടൽ നടത്തിയത്. അവസാന നിമിഷത്തെ അപ്രതീക്ഷിത കളികൾക്കു ബിജെപി മുതിർന്നേക്കുമെന്ന കണക്കുകൂട്ടലിൽ പഴുതടച്ച നീക്കങ്ങൾക്കു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടു ചരടുവലിച്ചു. ചൊവ്വാഴ്ച രാവിലെ രാജസ്ഥാനിലേക്ക് അയയ്ക്കുമ്പോൾ കെ.സി. വേണുഗോപാലിനു രാഹുൽ കൃത്യമായി നിർദ്ദേശിച്ചിരുന്നു. ഗോവ ആവർത്തിക്കരുതെന്നായിരുന്നു ഇതിൽ പ്രധാനം. മധ്യപ്രദേശിൽ അനിശ്ചിതത്വം കനത്തതോടെ എ.കെ. ആന്റണിയിലേക്കു രാഹുൽ തിരിഞ്ഞു. വേണ്ടിവന്നാൽ സംസ്ഥാന നിരീക്ഷകനായി പോകണമെന്നു ചൊവ്വാഴ്ച രാത്രി അറിയിച്ചു. ഇന്നലെ രാവിലെ പാർട്ടി ആസ്ഥാനത്ത് രാഹുൽ അടിയന്തര യോഗം വിളിച്ചു. എത്രയും വേഗം മധ്യപ്രദേശിലേക്കു പോവുകയെന്ന നിർദ്ദേശം ആന്റണിക്കു ലഭിച്ചു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രാഷ്ട്രീയ സാഹചര്യം ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് യോഗത്തിൽ വിശദീകരിച്ചു.

മുഖ്യമന്ത്രി സ്ഥാനത്തേക്കു രാജസ്ഥാനിൽ സച്ചിൻ പൈലറ്റും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും തുടക്കത്തിലേ രാഹുലിന്റെ മനസ്സിലുണ്ട്. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹിന്ദി ഹൃദയഭൂമിയിലെ അനുകൂല സാഹചര്യം ഊട്ടിയുറപ്പിക്കാൻ പരിചയസമ്പന്നർക്ക് അവസരം നൽകുന്നതാണ് ഉചിതമെന്നു ദേശീയ നേതാക്കൾ നിർദ്ദേശിച്ചു. ആലോചനകളുടെ ഒരു ഘട്ടത്തിൽ അശോക് ഗെലോട്ടിനും കമൽനാഥിനും മുന്നിൽ രാഹുൽ വച്ച വ്യവസ്ഥയിങ്ങനെ ''മുഖ്യമന്ത്രി പദം നൽകാം; പക്ഷേ, ആ പദവി അനന്തമായി ആഗ്രഹിക്കരുത്.'' ഭാവിയിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് അർഹത സച്ചിനും സിന്ധ്യയുമാണെന്ന് അദ്ദേഹം തീർത്തുപറഞ്ഞു.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ കരുത്തനായി നിൽക്കുന്ന ഗെലോട്ട് പക്ഷേ, രാജസ്ഥാനിലേക്കുള്ള മടക്കം എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ആഗ്രഹം ഹൈക്കമാൻഡിനെ അറിയിച്ചതിലൂടെ ഇതു വ്യക്തമാക്കുകയും ചെയ്തു. കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവാകുമെന്നു 2014ൽ പ്രതീക്ഷിച്ച കമൽനാഥ്, ആ പദവിയിലേക്കു മല്ലികാർജുൻ ഖർഗെ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതൽ അമർഷത്തിലായിരുന്നു. മധ്യപ്രദേശിൽ പാർട്ടിയുടെ ചുമതല നൽകിയാണു ദേശീയ നേതൃത്വം അദ്ദേഹത്തെ തണുപ്പിച്ചത്.