ന്യൂയോർക്ക്: നെഹ്രു കുടുംബത്തിൽ പിറന്നതുകൊണ്ടുമാത്രം നേതാവായ ആൾ...ഇന്ത്യയിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് രാഹുൽ ഗാന്ധിയെക്കുറിച്ച് അമേരിക്കൻ വിദ്യാർത്ഥികൾക്കുള്ള ധാരണ ഏറെക്കുറെ ഇതായിരുന്നു. അതുകൊണ്ടുതന്നെ രാഹുലുമായുള്ള സംവാദത്തിന് പലരും എത്തിയത് യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ. എന്നാൽ, ഉൾക്കാഴ്ചയോടെയും ദീർഘവീക്ഷണത്തോടെയുമുള്ള രാഹുലിന്റെ പ്രസംഗം അവരുടെ മുൻധാരണകളെ പൊളിച്ചടുക്കി. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി രാഹുൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നത് വേറിട്ടൊരു പ്രതിഛായയോടെയാണ്.

വാഷിങ്ടൺ സന്ദർശനത്തിനിടെ, വിവിധ മേഖലകളിലെ വിദഗ്ധരുമായും രാഹുൽ ചർച്ച നടത്തിയിരുന്നു. രാഹുലുമായി സംസാരിച്ചവരെല്ലാം ഓരോ വിഷയത്തിലും കോൺഗ്രസ് ഉപാദ്ധ്യക്ഷനുള്ള അവഗാഹത്തിൽ അത്ഭുതപ്പെടുകയായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ അമേരിക്കൻ ജനപ്രതിനിധികളടക്കമുള്ളവരുമായും തിങ്കളാഴ്ച അദ്ദേഹം ചർച്ച നടത്തിയിരുന്നു.

കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലൂടെയാണ് പുതിയ രാഹുലിനെ ലോകം തിരിച്ചറിഞ്ഞത്. കോൺഗ്രസിലെ ശൈഥില്യങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ലോകശ്രദ്ധയാകർഷിച്ചു. ജനങ്ങലുമായി പാർട്ടി എങ്ങനെ അകന്നുവെന്നത് സംബന്ധിച്ച് അദ്ദേഹം നടത്തിയ വിശകലനങ്ങൾ രാജ്യ്ത്തിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടു. രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനയായിപ്പോലും ആ നിരീക്ഷണങ്ങൾ വിലയിരുത്തപ്പെട്ടു.

രാഹുൽ ഗാന്ധി എത്രത്തോളം പക്വമതിയായ നേതാവായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളുമെന്ന് തിങ്കളാഴ്ച അദ്ദേഹത്തിന്റെ പ്രസംഗം കേട്ടവരിലരാൾ പറഞ്ഞു. ആധികാരികമായും വിഷയങ്ങളിലൂന്നിയുമാണ് അദ്ദേഹം സംസാരിച്ചത്. പ്രസംഗം കേട്ടവരിലേറെപ്പേരും അത്ഭുതത്തോടെയാണ് അത് കേട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവിനെക്കുറിച്ചുള്ള മുൻവിധികളെല്ലാം പാടേ തകിടം മറിഞ്ഞതായും കേൾവിക്കാരിലേറെയും അഭിപ്രായപ്പെട്ടു.

അമേരിക്കൻ യാത്രയിൽ രാഹുൽ നടത്തിയ പ്രസംഗങ്ങളും സംവാദങ്ങളും കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കമിടുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തിയ രാഷ്ട്രീയ എതിരാളികളെ വിമർശിക്കാനല്ല, മറിച്ച് സ്വയം വിമർശനത്തോടെ പുതിയൊരു വ്യക്തിയായി അവതരിക്കാനാണ് രാഹുൽ ശ്രമിച്ചത്. തന്നെക്കാൾ ആശയവിനിമയ ശേഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് പറഞ്ഞ രാഹുൽ, ആ ശേഷി വിനിയോഗിക്കുന്നത് തന്നെ ഇടിച്ചുതാഴ്‌ത്താനാണെന്നും കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസിൽ ചേർന്ന യോഗത്തിൽ രാഹുലുമായി കൂടിക്കാഴ്ച നടത്താനെത്തിയവരിൽ, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റണിന്റെയും ബരാക് ഒബാമയുടെയും ഉപദേശകനായിരുന്ന ജോൺ പോഡെസ്റ്റയും ഡമോക്രാറ്റിക് അംഗമായിരുന്ന നീര ടാൻഡനും ഇന്ത്യയിലേക്കുള്ള മുൻ അംബാസഡർമാരായിരുന്ന ടിം റോമറും റിച്ചാർഡ് വെർമയുമുൾപ്പെടെയുള്ള പ്രമുഖരുണ്ടായിരുന്നു. അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ടാണ് തന്നിലെ രാഷ്ട്രീയക്കാരൻ എത്ര മെച്ചപ്പെട്ടുവെന്ന് രാഹുൽ തെളിയിച്ചത്.

ടൈംസ് സ്‌ക്വയറിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും

അതേസമയം രണ്ടാഴ്ചത്തെ യുഎസ് പര്യടനത്തിനു സമാപനം കുറിച്ച് രാഹുൽ ഗാന്ധി ഇന്ന് ടൈംസ് സ്‌ക്വയറിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ഇന്ത്യൻ നാഷനൽ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി യുഎസിലെ ഇന്ത്യക്കാരുമായി പൊതുസംവാദവുമുണ്ടാകും. ക്ഷണിക്കപ്പെട്ട 3000 പേർ പങ്കെടുക്കും. പാർട്ടിയുടെ ഓവർസീസ് വിഭാഗം ചെയർമാൻ സാം പിത്രോദയാണു പരിപാടിയുടെ നേതൃത്വം.

പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ തയാറാണെന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയമായ പര്യടനത്തിന്റെ രണ്ടാം പാദവും രാഹുലിനു കയ്യടി നേടിക്കൊടുത്തു. യുഎസിലെ രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിലെ പ്രമുഖരുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ച വിജയകരമാണെന്നാണു വിലയിരുത്തൽ. വസ്തുതാപരമായും കാര്യമാത്ര പ്രസക്തമായും സംസാരിച്ച രാഹുൽ, ആശയങ്ങളിലെ വ്യക്തതയുടെ പേരിലും വിദേശമാധ്യമങ്ങളിൽ പ്രശംസിക്കപ്പെട്ടു. 11നു സന്ദർശനത്തിനു തുടക്കം കുറിച്ച് കലിഫോർണിയ സർവകലാശാല വിദ്യാർത്ഥികളുമായി രാഹുൽ നടത്തിയ സംവാദം വ്യാപകപ്രശംസ നേടിയിരുന്നു.