ന്യൂഡൽഹി: ത്രിദിന എഐസിസി പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കമാകും. ബിജെപിവിരുദ്ധ ജനമുന്നേറ്റത്തിനു തുടക്കം കുറിക്കുക എന്നതാവും ത്രിദിന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ഇന്നു വൈകിട്ട് അഞ്ചിനു പാർട്ടി സ്റ്റിയറിങ് കമ്മിറ്റി വിവിധ പ്രമേയങ്ങൾ ചർച്ചചെയ്ത് അംഗീകരിക്കും.

നാളെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആമുഖ പ്രസംഗത്തിനു ശേഷം പ്രതിനിധി സമ്മേളനത്തിനു തുടക്കമാകും. രാഷ്ട്രീയ, കാർഷിക, രാജ്യാന്തര, സാമ്പത്തിക പ്രമേയങ്ങളാണു സമ്മേളനത്തിൽ ചർച്ചചെയ്യുക. കൃഷി, യുവജനകാര്യം, അഴിമതി, ആഭ്യന്തരസുരക്ഷ, സമ്പദ്വ്യവസ്ഥ, ന്യൂനപക്ഷ, പട്ടികജാതിവർഗ വിഭാഗങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലഘു ഗ്രന്ഥങ്ങൾ സമ്മേളനത്തിൽ പ്രസിദ്ധീകരിക്കും.

ബിജെപി പ്രചാരണത്തെ തടയാനുള്ള അടിസ്ഥാന വിവരങ്ങൾ പാർട്ടി പ്രവർത്തകർക്കു പ്രയോജനപ്പെടുംവിധം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. പ്രവർത്തക സമിതി അംഗങ്ങളുടെ നാമനിർദ്ദേശം സമ്മേളനത്തിനിടെയുണ്ടാകുമോ എന്നു വെളിപ്പെടുത്തിയിട്ടില്ല.