- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോൽവിയിൽ പാർട്ടിയിൽ ആകെ കുഴപ്പം; ജി 23 നേതാക്കളുടെ കലാപവും അടങ്ങിയില്ല; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ അധികാര ശക്തിയായി തുടരുമ്പോഴും അധ്വാനിക്കാനും വയ്യ; ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപിയും ആപ്പും മുന്നൊരുക്കം തുടങ്ങിയപ്പോഴും രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക്
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു തുന്നം പാടിയ കോൺഗ്രസ് പാർട്ടിക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ലെന്ന് കരുതുന്നവർ ഏറെയാണ്. ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാനുള്ള വഴികൾ തേടി ആം ആദ്മി പാർട്ടിയും ശക്തമായി രംഗത്തുണ്ട്. അരവിന്ദ് കെജ്രിവാൾ എന്ന നേതാവ് ഒന്നുമില്ലായ്മയിൽ നിന്നും രണ്ട് സംസ്ഥാനങ്ങളിൾ അധികാരം പിടിച്ച പാർട്ടിയായി ആപ്പിനെ വളർത്തുമ്പോഴും കോൺഗ്രസ് നാശത്തിന്റെ പടുകുഴിയിലേക്കാണ് പോകുന്നത്. നേതൃത്വമില്ലാത്ത പാർട്ടിയെന്ന വിധത്തിലാണ് ഇപ്പോൾ പാർട്ടിയുടെ പോക്ക്. അതിനിടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ടും അധികാര സ്ഥാനത്ത് തുടരുന്ന രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോകുന്നത് വാർത്തകളിൽ നിറയുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഈ മാസം വിദേശ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയ തോൽവി ഏറ്റുവാങ്ങി പ്രതിസന്ധിയിൽ ഉഴലുന്ന വേളയിലാണ് രാഹുലിന്റെ വിദേശ സന്ദർശനമെന്നതാണ് ശ്രദ്ധേയം. ഇടയ്ക്കിടെ വിദേശത്തേക്ക് മുങ്ങുന്ന രാഹുൽ ഗാന്ധിയുടെ നടപടിയിൽ പാർട്ടിയിൽ അമർഷം പുകയുന്നുണ്ട്.
'രാഹുൽ ഗാന്ധി ഈ മാസം വിദേശ സന്ദർശനം നടത്തിയേക്കും. ഈയടുത്ത് അദ്ദേഹം പോകാനിരുന്നതാണ്, എന്നാൽ സന്ദർശനം മാറ്റിവച്ചു. അന്തിമ ഷെഡ്യൂൾ വീണ്ടും ഉണ്ടാക്കും' -രാഹുലുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഈ വർഷം അവസാനം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാഹുൽ വീണ്ടും 'അപ്രത്യക്ഷൻ' ആകുന്നത് വലിയ വിമർശനങ്ങൾക്കിടയാക്കാൻ സാധ്യതയുണ്ട്. അഞ്ച് മാസത്തിനിടെ രാഹുൽ നടത്തുന്ന രണ്ടാമത്തെ വിദേശ സന്ദർശനമാകുമിത്.
2021 ഡിസംബറിൽ രാഹുൽ ഒരുമാസം നീണ്ട വിദേശ സന്ദർശനം നടത്തിയത് വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. വ്യക്തിപരമായ സന്ദർശനമെന്നായിരുന്നു യാത്രക്ക് നൽകിയ വിശദീകരണം. അതേസമയം ഗുജറാത്തിൽ അടക്കം വലിയ മുന്നൊരുക്കങ്ങളാണ് ബിജെപിയും ആം ആദ്മി പാർട്ടിയും നടത്തുന്നത്. ഇതിനിടെയാണ് കോൺഗ്രസ് അനങ്ങാതിരിക്കുന്നത്.
അധികാരത്തോട് തനിക്ക് ഒരിക്കൽ പോലും ഭ്രമം തോന്നിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ മനസ്സിലാക്കാനാണ് താൻ ശ്രമിച്ചതെന്നും മറ്റ് രാഷ്ട്രീയക്കാരെ പോലെ അധികാരം തന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധികാരത്തിനു വേണ്ടി നിരന്തരം പ്രയത്നിക്കുന്ന രാഷ്ട്രീക്കാരുണ്ട്, മുഴുവൻ ശക്തി നേടുന്നതിനെ കുറിച്ചാണ് അവരുടെ ചിന്ത. രാവിലെ ഉറക്കമുണരുന്നതു മുതൽ എങ്ങനെ കൂടുതൽ അധികാരം നേടാം എന്നവർ ചിന്തിക്കുന്നു, രാത്രി ഉറങ്ങുന്നതിനു മുമ്പും അവരുടെ ആലോചന അതു തന്നെയായിരിക്കും. ഈ രാജ്യം മുഴുവൻ ഇത്തരക്കാരാണ്. അധികാരത്തിന്റ നടുക്കാണ് താൻ ജനിച്ചത്. പക്ഷേ, സത്യസന്ധമായി പറഞ്ഞാൽ തനിക്കതിനോട് യാതൊരു താത്പര്യവുമില്ല. മറിച്ച്, ഈ രാജ്യത്തെ മനസ്സിലാക്കാനും സ്നേഹിക്കാനുമാണ് താൻ ശ്രമിച്ചത്.- രാഹുൽ പറഞ്ഞു.
അതേസമയം സച്ചിൻ പൈലറ്റിനെ കൂടുതൽ റോളുകളിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു. അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. രാജസ്ഥാനിൽ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് ഭരണം നിലനിർത്താൻ അത്യാവശ്യമാണ്. കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം സംഘടനാ തലത്തിൽ സച്ചിൻ പൈലറ്റിന് വലിയ റോൾ ലഭിക്കുമെന്നാണ്.
അതിനിടെ നിർണായക പദവി നൽകി ഗുജറാത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാനും പ്രശാന്ത് കിഷോറിന്റെ സേവനം തേടാൻ രാഹുൽ ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ കടുത്ത പ്രതിിസന്ധി ഘട്ടത്തിൽ നേതൃത്വം വീണ്ടും പ്രശാന്ത് കിഷോറിനെ സമീപിച്ച് ചർച്ച തുടങ്ങിയെന്നാണ് വിവരം. നിർണായക പദവി നൽകി ഗുജറാത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാനും കിേേഷാറുണ്ടാകുമെന്നാണ് ചില മുതിർന്ന നേതാക്കൾ നൽകുന്ന വിവരം.
ഗുജറാത്തിൽ ഹാർദിക് പട്ടേലിനൊപ്പം, പട്ടേൽ സമുദായത്തിൽ നിർണായക സ്വാധീനമുള്ള നരേഷ് പട്ടേൽ എന്ന നേതാവിനെ കൂടി കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നിൽ പ്രശാന്ത് കിഷോറിന്റെ ഇടപെടലുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാൻ, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങൾ നിലനിർത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോർമുല നേതൃത്വം ആരാഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് 23നെ ഉൾക്കൊള്ളാനുള്ള നേതൃത്വത്തിന്റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളുണ്ടെന്നാണ് വിവരം.
അതേസമയചം ഗ്രൂപ്പ് 23 നേതാക്കളെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം തുടരുന്നുണ്ടെങ്കിലും അത് എങ്ങുമെത്തിയിട്ടില്ല. പുനഃസംഘടനയോടെ കൂടുതൽ ചുമതലകൾ നൽകാനാണ് തീരുമാനം. പാർലമെന്ററി ബോർഡിലും, കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും പ്രാതിനിധ്യം നൽകും. നയരൂപീകരണ സമിതികളിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്. ഇത്തരം നിരവധി കാര്യങ്ങൾ നിലനിൽക്കേ തന്നെയാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നത്. സ്വന്തം മണ്ഡലമായ വയനാട്ടിലും രാഹുൽ വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.
മറുനാടന് ഡെസ്ക്