- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെ ആക്രമണം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; എഡിജിപി മനോജ് എബ്രഹാമിന് അന്വേഷണ ചുമതല; കൽപ്പറ്റ ഡിവൈഎസ്പിക്ക് സസ്പെൻഷൻ; സംസ്ഥാനമാകെ കോൺഗ്രസ് പ്രതിഷേധം; കോട്ടയത്ത് തെരുവു യുദ്ധം; സംഘർഷം, അറസ്റ്റ്; എകെജി സെന്ററിന് കനത്ത സുരക്ഷ
തിരുവനന്തപുരം: വയനാട്ടിൽ എസ്എഫ്‌ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്റെ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശം.
സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്‌പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൽപ്പറ്റ ഡിവൈഎസ്‌പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകുവാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.
എസ്.എഫ്.ഐയുടെ ആക്രമണത്തിനെതിരെ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല ഇടങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്ളെക്സുകൾ കീറിനശിപ്പിച്ചു. കൽപറ്റയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
ബഫർസോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്എഫ്‌ഐ ആക്രമണം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ കയറുകയും ഫർണിച്ചറുകൾ അടക്കം പ്രതിഷേധക്കാർ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
പിന്നാലെയാണ് സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം പടർന്നത്. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷമുണ്ടായി. എകെജി സെന്ററിലേക്കു മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാളയത്ത് യൂണിവേഴ്‌സിറ്റി കോളജിന് സമീപം പൊലീസ് തടഞ്ഞു. കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിന്റെ ഫ്‌ളക്‌സ് ബോർഡുകൾ തകർത്തു.
വയനാട് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പൊലീസിന്റെ പക്കൽ നിന്ന് ലാത്തിയടക്കം പിടിച്ചു വാങ്ങി പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ച് വലിയ സംഘർഷത്തിലേക്കാണ് നീങ്ങിയത്.
കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സുകൾ വ്യാപകമായി നശിപ്പിച്ചു. തിരുനക്കരയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനു പരുക്കേറ്റു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിക്കും ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്‌ക്വയറിനു സമീപം റോഡ് ഉപരോധിച്ചു.
പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വാളയാർവടക്കഞ്ചേരി ദേശീയ പാത ഉപരോധിച്ച എംഎൽഎ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കൊച്ചിയിൽ ടയർ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
എന്നാൽ എസ്.എഫ്.ഐയുടെ ആക്രമണത്തെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്തെത്തി. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ