- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഘത്തിൽ ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗവും; എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായ കെ ആർ അവിഷിത്തിനെ പ്രതി ചേർത്തു പൊലീസ്; പട്ടികയിൽ നിന്നു ഒഴിവാക്കാൻ സമ്മർദ്ദവുമായി സിപിഎം; എസ്എഫ്ഐയുടെ മാർച്ച് പെട്ടന്നു തീരുമാനിച്ചതല്ല; ആസൂത്രണത്തിന് തെളിവായി മൂന്ന് ദിവസം മുമ്പിട്ട ഫേസ്‌ബുക്ക് പോസ്റ്റ്
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഘത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും. വീണ ജോർജിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അവിഷിത്ത് കെ ആറിനെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. വയനാട് എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റാണ് അവിഷിത്ത് കെ ആർ. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് വിവരം. അക്രമം നടക്കുമ്പോൾ ഇയാൾ വൈകിയാണ് സംഭവ സ്ഥലത്ത് എത്തിയതെന്നാണ് പൊലീസുകാർ പറയുന്നത്.
'വീണാ ജോർജിന്റെ സ്റ്റാഫ് പങ്കെടുത്തുവെന്ന കാര്യം പുറത്തുവരുന്നു. പൊലീസ് അക്കാര്യം അന്വേഷിക്കാൻ തയ്യാറാകണം' എന്ന് ആദ്യം ആവശ്യപ്പെട്ടത് കെ മുരളീധരൻ എംപിയാണ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തത് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള് സിപിഎം നീക്കത്തിന്റെ ഭാഗമാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ സംഘടനാ രീതി പരിശോധിച്ചാൽ ഉന്നത നേതൃത്വം അറിയാതെ ഇത്തരമൊരു കാര്യം നടക്കില്ലെന്ന് വ്യക്തമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിൽ ബിജെപി വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അതിന് സഹായകമാകുന്ന നിലപാടാണ് സിപിഎമ്മിൽനിന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടാണ് നടപടി ബിജെപിയെ സന്തോഷിപ്പിക്കാനാണെന്ന് പറഞ്ഞതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. സർക്കാരിന്റേയും സിപിഎമ്മിന്റേയും അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ അക്രമം നടന്നത്. നടന്ന അക്രമം വിദ്യാർത്ഥി സമൂഹത്തിന് അപമാനമാണ്. എസ്എഫ്ഐ. അക്രമണത്തിന് വിഷയം ബഫർ സോണല്ല, രാഹുൽ ഗാന്ധിയാണെന്നും ഷാഫി പറഞ്ഞു.
ഡിവൈഎസ്‌പിയുടെ സസ്പെൻഷനിൽ വിഷയം തീരില്ല, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം, കേരളത്തിന്റെ ഏറ്റവും ദുർബലമായ ആഭ്യന്തര വകുപ്പിന്റെ തലപ്പത്താണ് മുഖ്യമന്ത്രിയുള്ളത്. സി പി എമ്മിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും. ജനാധിപത്യ മാതൃക നില നിർത്തിക്കൊണ്ടാവാം പ്രതിഷേധം. ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം.പിടിക്കപ്പെട്ട 19 എസ്എഫ്ഐ പ്രവർത്തകരിൽ നടപടി ഒതുങ്ങരുത്. കൂടുതൽ പേരിലേക്ക് നടപടി വേണം. സർക്കാരിന്റെ ശമ്പളം വാങ്ങുന്നത് ഗുണ്ടായിസം കാണിക്കാനല്ല. ഇത്തരം അക്രമികളെ കൂടെ കൊണ്ടു നടക്കുന്ന ആരോഗ്യ മന്ത്രിയെ വഴിയിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പങ്കാളിയായിട്ടുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രതികരണം. എന്നാൽ അക്രമത്തിൽ ഉൾപ്പെട്ടയാൾ തന്റെ മുൻ സ്റ്റാഫ് അംഗമാണെന്നാണ് വീണാ ജോർജിന്റെ വിശദീകരണം. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ഈ മാസം ആദ്യം അദ്ദേഹം ജോലിയിൽ നിന്ന് രാജിവെച്ചിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.
അതേസമയം എസ്എഫ്‌ഐ ആക്രമണത്തിന് കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആറോപിക്കുന്നത്. മൂന്ന് ദിവസം മുമ്പ് എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മറ്റി ഫേസ്‌ബുക്ക് പേജിൽ രാഹുൽ ഗാന്ധിക്കെതിരെ പോസ്റ്റിട്ടിരുന്നു. ബഫർസോൺ വിഷയത്തിൽ മിണ്ടാട്ടമില്ലാതെ വയനാട എംപി എന്ന പോസ്റ്ററാണ് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇക്കാര്യം വി ടി ബൽറാം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ പ്ലാനിംഗോടു കൂടിത്തന്നെയായിരുന്നു. മുൻകൂട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേതൃത്വം അറിഞ്ഞില്ല എന്നു ഇപ്പോൾ പറയുന്നത് വെറും കാപട്യമാണെന്നാണ് ബൽറാം വ്യക്തമാക്കുന്നത്.
അതേസമയം അതേസമയം കേസിൽ ആറ് എസ്എഫ്‌ഐ പ്രവർത്തകർ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്‌ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 25 ആയി. കേസിൽ 19 എസ്എഫ്‌ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു. കൽപ്പറ്റ മുൻസിഫ് കോടതിയുടെതാണ് നടപടി. പരിസ്ഥിതിലോല പ്രശ്‌നത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്എഫ്‌ഐ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്‌ഐയോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ന് നടപടിയുണ്ടാകില്ലെന്നാണ് വിവരം. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്. എസ്എഫ്‌ഐ ജില്ലാ ഘടകത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്‌ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ. അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദർശനം. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ