ന്യൂഡൽഹി: കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ സ്‌കൂളുകളിൽ തടഞ്ഞതിൽ വിമർശനവുമായി കോൺഗ്രസ്. വിദ്യാർത്ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാൻ അനുവദിക്കുന്നതിലൂടെ നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സരസ്വതി ദേവി എല്ലാവർക്കും അറിവ് നൽകുന്നു. അവർക്ക് വേർതിരിവില്ലെന്നും രാഹുൽ പറഞ്ഞു.

ഹിജാബിന്റെ പേരിൽ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണ്. പെൺകുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാരെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

എന്നാൽ, സ്‌കൂളുകൾ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം രാഹുലിന്റെ ട്വീറ്റിനെതിരേ കർണാടക ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്ന് രാഹുൽ ഗാന്ധി സ്വയം തെളിയിക്കുകയാണ്. വിദ്യാഭ്യാസം ലഭിക്കുന്നതിന് ഹിജാബ് ഒരു ആവശ്യമാണെങ്കിൽ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കുന്നില്ലെന്നും കർണാടക ബിജെപി ട്വീറ്റ് ചെയ്തു.

ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലുമാണ് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞത്. എന്നാൽ ആൺകുട്ടികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ 'ഐ ലവ് ഹിജാബ്' എന്ന പേരിൽ കാമ്പയിനും ആരംഭിച്ചു.

സ്‌കൂളുകളിലും കോളേജിലും ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികൾ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരാൻ സ്‌കൂൾ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്.