ന്യൂഡൽഹി: കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തിരിച്ചുവരാൻ സാധിക്കാത്ത വിധത്തിൽ തകർന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. നരേന്ദ്ര മോദിയെന്ന നേതാവിന്റെ ഉയർച്ചയോടയാണ് ഈക്കാര്യം സജീവ ചർച്ചകളിൽ നിറഞ്ഞത്. രാഹുൽ ഗാന്ധിയെ പരമാവധി ഇടിച്ച താഴ്‌ത്തി ഹിന്ദുത്വ ശക്തികൾ രംഗത്തെത്തിയപ്പോൾ എല്ലാം കഴിഞ്ഞു എന്ന് വിശ്വസിച്ച നേതാക്കളും ഇഷ്ടംപോലെയാണ്. എന്തായാലും ചരിത്രത്തിൽ ഇന്നു വരെയില്ലാത്ത വിധത്തിൽ ദുർബലമായ കോൺഗ്രസിനെ വീണ്ടും ഉണർത്താൻ വേണ്ടി രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുകയാണ്. ഇതിന്റെ അരങ്ങേറ്റ സൂചനയാണ് അമേരിക്കയിൽ നടന്ന സംവാദങ്ങളിൽ ദൃശ്യമായത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അവിടെ ദൃശ്യമായത് ഇതുവരെ രാഷ്ടരീയ എതിരാളികൾ പപ്പുമോൻ എന്നു പരിഹസിച്ചു വിളിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു. തന്നെ അവഹേളിക്കാൻ മാത്രം നരേന്ദ്ര മോദി ആയിരത്തോളം ആൾക്കാരെ നിയമിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ബിജെപിക്കേറ്റ തിരിച്ചടിയായി മാറി.

ഈ ഡിസംബറിൽ രാഹുൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പാർട്ടിയുടെ അധ്യക്ഷ പദവി ഏറ്റെടുത്താൽ പിന്നെ അക്ഷീണം പ്രവർത്തിക്കാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. മോദി സർക്കാറിന്റെ വീഴ്‌ച്ചകൾ ചൂണ്ടിക്കാട്ടി രാജ്യം മുഴുവൻ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ് ആദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഭാരതയാത്ര നടത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യാത്രയിലൂടെ സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണു കോൺഗ്രസിന്റെ പ്രതീക്ഷ. പൊതുതിരഞ്ഞെടുപ്പിന് എത്രനാൾ മുൻപു പര്യടനം തുടങ്ങണമെന്ന തന്ത്രപരമായ തീരുമാനം പിന്നീടുണ്ടാകും.

പാർട്ടിയെ ഉടച്ചുവാർക്കുക എന്ന ദൗത്യമാണ് രാഹുൽ ഇപ്പോൾ ഏറ്റെടുക്കുന്നത്. കൂടുതൽ യുവരക്തങ്ങൾക്ക് അവസരം നൽകി അടിമുടി മുഖം മിനുക്കലാകും അദ്ദേഹം ലക്ഷ്യമിടുന്നത്. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അടുത്ത മാസം 30നാണു കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാകുക. പ്രക്രിയ ഇനിയും വൈകിക്കാതെ അധികാരം കൈമാറണമെന്ന താൽപര്യം പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളെയും കേന്ദ്ര തിരഞ്ഞെടുപ്പ് അഥോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ യുവതലമുറ കടുത്ത പ്രതിഷേധത്തിന്റെ പാതയിലാണ്. മോദി സർക്കാർ അവരുടെ സ്വാതന്ത്ര്യം കവരുന്നു എന്ന പൊതുവികാരം ശക്തമാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുന്നത്. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കാമ്പസുകളിൽ മോദി വിരുദ്ധ വികാര ശക്തമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്ത നടപടിയാണ് സർക്കാറിൽ നിന്നുമുണ്ടായത്. ഇതിൽ വ്യവസായ ലോകവും കടുത്ത അതൃപ്തിയിലാണ്. ഈ അസംതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാകും രാഹുലിന്റെ ഭാരത പര്യടനം.

വിവിധ തലങ്ങളിൽ തലമുറ മാറ്റത്തിനു വഴിയൊരുക്കിക്കൊണ്ടാണു സോണിയ ഗാന്ധിയുടെ പിന്മാറ്റം. രാഹുൽ അധ്യക്ഷപദവിയിലെത്തുന്നതിനു പുറമെ വിശ്വസ്തരുടെ പുതിയൊരു സംഘവും നേതൃനിരയിലെത്തും. മുൻപു രാജീവ് ഗാന്ധി നേതൃത്വത്തിലെത്തിയപ്പോഴുണ്ടായ മാറ്റത്തിനു സമാനമായിരിക്കുമിത്. എന്നാൽ, ചെറുപ്പക്കാർക്കൊപ്പം പരിചയസമ്പന്നരായ മുതിർന്ന നേതാക്കളും ഉപദേശകവൃന്ദത്തിലുണ്ടാകുമെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ ആ പട്ടികയിലുണ്ട്. യുവത്വവും അനുഭവസമ്പത്തുമുള്ളവരുടെ മറ്റൊരു തലമുറയും രാഹുലിനോട് അടുപ്പം പുലർത്തുന്നു കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, ശശി തരൂർ തുടങ്ങിയവർ.

സോണിയാ ഗാന്ധിയുടെ അടുപ്പക്കാരെ ഒഴിവാക്കാനും സാധ്യത ഏറെയാണ്. സോണിയയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന് പാർട്ടിയുടെ നേതൃസ്ഥാനം ഏൽപ്പിക്കുന്നത്. ഇതിന് ശേഷം പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകാനും സാധ്യത ഏറെയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറ്റിയെടുക്കുകയാകും യാത്രയുടെ മുഖ്യലക്ഷ്യം. അടുത്തകാലത്തു രാഹുലിന്റെ വ്യക്തിത്വത്തിലും പ്രതിച്ഛായയിലുമുണ്ടായ മാറ്റം ഇതിനു സഹായകമാകുമെന്നു പാർട്ടി കരുതുന്നു. തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെ അധ്യക്ഷപദവിയിലെത്തിയ ശേഷമായിരിക്കും യാത്രയുടെ വിശദാംശങ്ങൾക്കു രൂപം നൽകുക. റാലികളും ജനസമ്പർക്ക പരിപാടികളും ഇതിന്റെ ഭാഗമായിരിക്കും. ഫലത്തിൽ 2019ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടായിരിക്കുമിത്.

നെഹ്രു കുടുംബത്തിൽ പിറന്നതുകൊണ്ടുമാത്രം നേതാവായ വ്യക്തിയെന്ന പേര് മാറ്റാൻ രാഹുലിന്റെ അമേരിക്കൻ പര്യടനം കൊണ്ട് സാധിച്ചിട്ടുണ്ട്. ട്രോളുകൾ കണ്ട് തെറ്റിദ്ധരിച്ച നേതാവിനെയല്ല ലോകം അവിടെ കണ്ടത്. ഉൾക്കാഴ്ചയോടെയും ദീർഘവീക്ഷണത്തോടെയുമുള്ള രാഹുലിന്റെ പ്രസംഗം അവരുടെ മുൻധാരണകളെ പൊളിച്ചടുക്കി. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായും വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി രാഹുൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് വേറിട്ട പ്രതിച്ഛായയോടെയാണ്. .

വാഷിങ്ടൺ സന്ദർശനത്തിനിടെ, വിവിധ മേഖലകളിലെ വിദഗ്ധരുമായും രാഹുൽ ചർച്ച നടത്തിയിരുന്നു. രാഹുലുമായി സംസാരിച്ചവരെല്ലാം ഓരോ വിഷയത്തിലും കോൺഗ്രസ് ഉപാദ്ധ്യക്ഷനുള്ള അവഗാഹത്തിൽ അത്ഭുതപ്പെടുകയായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമുൾപ്പെടെ വിവിധ വിഷയങ്ങളിൽ അമേരിക്കൻ ജനപ്രതിനിധികളടക്കമുള്ളവരുമായും തിങ്കളാഴ്ച അദ്ദേഹം ചർച്ച നടത്തിയിരുന്നു.

കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിലൂടെയാണ് പുതിയ രാഹുലിനെ ലോകം തിരിച്ചറിഞ്ഞത്. കോൺഗ്രസിലെ ശൈഥില്യങ്ങളുൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ലോകശ്രദ്ധയാകർഷിച്ചു. ജനങ്ങലുമായി പാർട്ടി എങ്ങനെ അകന്നുവെന്നത് സംബന്ധിച്ച് അദ്ദേഹം നടത്തിയ വിശകലനങ്ങൾ രാജ്യ്ത്തിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ടു. രാഹുൽ ഗാന്ധി എത്രത്തോളം പക്വമതിയായ നേതാവായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കുകളുമെന്ന് തിങ്കളാഴ്ച അദ്ദേഹത്തിന്റെ പ്രസംഗം കേട്ടവരിലരാൾ പറഞ്ഞു. ആധികാരികമായും വിഷയങ്ങളിലൂന്നിയുമാണ് അദ്ദേഹം സംസാരിച്ചത്. പ്രസംഗം കേട്ടവരിലേറെപ്പേരും അത്ഭുതത്തോടെയാണ് അത് കേട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവിനെക്കുറിച്ചുള്ള മുൻവിധികളെല്ലാം പാടേ തകിടം മറിഞ്ഞതായും കേൾവിക്കാരിലേറെയും അഭിപ്രായപ്പെട്ടു.

അമേരിക്കൻ യാത്രയിൽ രാഹുൽ നടത്തിയ പ്രസംഗങ്ങളും സംവാദങ്ങളും കൂടിക്കാഴ്ചകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവിന് തുടക്കമിടുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. തന്നെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തിയ രാഷ്ട്രീയ എതിരാളികളെ വിമർശിക്കാനല്ല, മറിച്ച് സ്വയം വിമർശനത്തോടെ പുതിയൊരു വ്യക്തിയായി അവതരിക്കാനാണ് രാഹുൽ ശ്രമിച്ചത്. തന്നെക്കാൾ ആശയവിനിമയ ശേഷി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന് പറഞ്ഞ രാഹുൽ, ആ ശേഷി വിനിയോഗിക്കുന്നത് തന്നെ ഇടിച്ചുതാഴ്‌ത്താനാണെന്നും കൂട്ടിച്ചേർത്തു. പ്രതിപക്ഷ ബഹുമാനം നൽകുക വഴി എല്ലാവരിലും താൽപ്പര്യം ജനിപ്പിക്കാൻ രാഹുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അനുകുല സാഹചര്യങ്ങൾ മുതലെടുക്കുക എന്നതാണ് ഇനി അദ്ദേഹത്തിന് മുന്നിലുള്ള പ്രധാന കാര്യം.

രാഹുലിന്റെ അമേരിക്കൻ പര്യടനം വിജയമായതോടെ മോദിസ്തുതികളുമായി നിന്ന ദേശീയ മാധ്യമങ്ങളും നിലപാട് തിരുത്തിയിട്ടുണ്ട്. ഇപ്പോൾ രാജ്യത്തിന് ആവശ്യം ശക്തനായ ഒരു പ്രതിപക്ഷ നേതാവിനെ ആണെന്ന കാര്യം അവർക്കും ബോധ്യമുണ്ട്. അതുകൊണ്ട തന്നെ മാധ്യമങ്ങളും രാഹുൽ അനുകുലമായി മാറിക്കഴിഞ്ഞു. ഭാരതപര്യടനം രാഹുലിനെ സംബന്ധിച്ചിടത്തോളം ശക്തിപ്രകടനത്തിന്റെ കൂടി ഭാഗമാണ്. അമേരിക്കയിലെ പ്രഭാഷണത്തിലെ പരാമർശങ്ങൾക്കെതിരെ ബിജെപി നേതാക്കൾ സംഘടിതമായി നടത്തിയ ആക്രമണം വിരൽചൂണ്ടിയതാകട്ടെ രാഹുലിനു കൈവരുന്ന പ്രാധാന്യത്തിലേക്കു കൂടിയാണ്.