ന്യൂഡൽഹി: ഗുജറാത്തിൽ കോൺഗ്രസ് ചില പാഠം പഠിച്ചു. ശക്തരായ യുവാക്കളുണ്ടെങ്കിൽ പുലിയെ മടയിൽ ചെന്ന് നേരിടാം. ഗുജറാത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയെങ്കിലും നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ കോൺഗ്രസ് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ അഗ്നിയുമായി യുവാക്കളിലേക്ക് ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനും ഇറങ്ങിയപ്പോൾ നയിക്കാനായി രാഹുൽ എത്തി. പ്രചരണം കത്തിപ്പടർന്നു. കോൺഗ്രസ് ബിജെപിയെ ഭയപ്പെടുത്തി. ഒടുവിൽ ഫലമെത്തിയപ്പോഴും മൂന്നക്കം കടക്കാൻ ബിജെപിക്കായില്ല. അതുകൊണ്ട് യുവാക്കളിലേക്ക് മടങ്ങാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം.

പഞ്ചാബിലും കർണ്ണാടകയിലും മിസ്സോറാമിലും മേഘാലയയിലും മാത്രമാണ് നിലവിൽ കോൺഗ്രസ് ഭരണമുള്ളത്. ഇതിൽ കർണ്ണാടകയും മിസോറാമും മേഘാലയും തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. കർണ്ണാടകയിൽ ഭരണ വിരുദ്ധ വികാരം ശക്തമാണ്. നോർത്തി ഈസ്റ്റിൽ ബിജെപിയുടെ മുന്നേറ്റം പ്രകടവുമാണ്. അരുണാചലിലെ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ദിവസം ബിജെപിയാണ് നേടിയത്. അതിൽ ഒരു സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. അതായത് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനത്ത് കോൺഗ്രസ് തോറ്റാൽ പഞ്ചാബിൽ മാത്രമായി ഭരണം ഒതുങ്ങും. രാജസ്ഥാനും മധ്യപ്രദേശും വോട്ടെടുപ്പിന് തയ്യാറെടുക്കുന്നുണ്ട്. ഇവിടെ ബിജെപി ഭരണമാണ്. ഇതിൽ മധ്യപ്രദേശിൽ മൂന്ന് ടേമായി ശിവരാജ് സിങ് ചൗഹാന്റെ ഭരണമാണ്. രാജസ്ഥാനിൽ ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. അതുകൊണ്ട് തന്നെ അടുത്ത വർഷത്തെ തെരഞ്ഞെടുപ്പോടെ പഞ്ചാബും രാജസ്ഥാനും മാത്രം ഭരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറുമെന്നാണ് വിലയിരുത്തൽ.

ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് രാഹുൽ ഗാന്ധി. ഗുജറാത്ത് മോഡലിൽ മോദിയെ കടന്നാക്രമിക്കുന്ന യുവനിരയാണ് ലക്ഷ്യം. സർവ്വത്ര പുനഃസംഘടനായണ് ലക്ഷ്യം. അടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ആഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസും ബിജെപിയും നേർക്കു നേർ പോരാട്ടമാണ്. ഇവിടെ പരാജയപ്പെട്ടാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് മുൻതൂക്കം ലഭിക്കും. എന്നാൽ കരുത്ത് കാട്ടിയാൽ രാഹുൽ ഗാന്ധിയെ ദേശീയ തലത്തിൽ ഏവരും അംഗീകരിക്കും. കോൺഗ്രസ് ഭരണം വീണ്ടുമെത്തും. രാഹുൽ പ്രധാനമന്ത്രിയുമാകും. ഇതിനുള്ള തന്ത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കർണ്ണാടകത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ആദ്യ ലക്ഷ്യം. അടിമുടി മാറ്റങ്ങൾ ഇവിടെയുണ്ടാകും. ഹാർദിക് പട്ടേൽ മോഡൽ ഇടപെടൽ നടത്താനാവുന്ന യുവ നേതാക്കളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. നോർത്ത് ഈസ്റ്റിലും ഇതേ തന്ത്രം മുന്നിൽ വയ്ക്കും.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റാണ് കോൺഗ്രസിന്റെ മുഖം. മധ്യപ്രദേശിൽ ജ്യോതിരാതിധ്യ സിന്ധ്യയാണ്. ഇവരെ മുൻ നിർത്തിയാകും നീക്കങ്ങൾ. ചത്തീസ് ഗഡിലും തെരഞ്ഞെടുപ്പാണ്. ഇവിടേയും യുവ മുഖത്തെ കണ്ടെത്തും. രാജസ്ഥാനിൽ വലിയ പ്രതീക്ഷയാണ് രാഹുലിന് ഉള്ളത്. എന്നാൽ മധ്യപ്രദേശിൽ ഗ്രൂപ്പ് പ്രശ്‌നങ്ങൾ ആവോളമുണ്ട്. കമൽനാഥും ദിഗ് വിജയ് സിംഗും പ്രശ്‌നക്കാരാകുമെന്നാണ് തിരിച്ചറിവ്. എന്നാൽ ഇത്തരക്കാരെ തൽക്കാലം അനുവദിക്കേണ്ടതില്ലെന്നാണ് രാഹുലിന്റെ പക്ഷം. യുവ നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. അങ്ങനെ വന്നാൽ രാജസ്ഥാനിൽ സച്ചിൻ പൈലറ്റും മധ്യപ്രദേശിൽ ജോതിരാതിധ്യ സിന്ധ്യയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാകും. പാർട്ടി തലത്തിലും അടിമുടി മാറ്റം വരുത്തും. ഈ രണ്ട് സംസ്ഥാനങ്ങളും ജയിച്ചാൽ ഹിന്ദി ബെൽറ്റിൽ വീണ്ടും കോൺഗ്രസ് സജീവമാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശും രാജസ്ഥാനും ഗുജറാത്തും തൂത്തുവാരിയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇതിൽ ഗുജറാത്ത് അടി ഉലയുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിൽ കൂടി പിടിമുറുക്കാനായാൽ കോൺഗ്രസിന് മോദി ഫാക്ടറിനെ മറികടക്കാനാകും. മഹാരാഷ്ട്രയിലും പുതിയ നേതൃത്വത്തെ അവതരിപ്പിക്കും. കേരളത്തിലും സമാന മാറ്റം വരും. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഡിലും മേഖാലയയിലും മിസോറാമിലും ഉടൻ സംഘടനാ തലത്തിൽ അഴിച്ചു പണി വരും. മുഴുവൻ സ്ഥാനത്തും പുതുമുഖങ്ങളെത്തും. ഈ പരീക്ഷണം വിജയിച്ചാൽ എല്ലാ സംസ്ഥാനത്തും ചുറുറുക്കുള്ള യുവാക്കളെ ഗ്രൂപ്പ് സമവാക്യത്തിന് അപ്പുറം ഉയർത്തികൊണ്ട് വന്ന് അധികാരങ്ങൾ നൽകും. ഇതിലൂടെ 2019ൽ ബിജെപിയെ പിടിച്ചു കെട്ടാനാണ് രാഹുലിന്റെ തന്ത്രം.

സോണിയ അധ്യക്ഷ പദവിയിൽ ഉണ്ടായിരുന്നപ്പോൾ പാർട്ടിയെ നയിച്ചത് പഴയ പടക്കുതിരകളായിരുന്നു. ഇക്കൂട്ടത്തിൽ ആന്റണിയോട് മാത്രമാണ് രാഹുലിന് താൽപ്പര്യം. ബാക്കി എല്ലാവരേയും മാറ്റിയേക്കും. യുപിയിൽ പ്രിയങ്കാ ഗാന്ധിയെ സജീവമാക്കാനും ആലോചനയുണ്ട്. കേരളത്തിലും മാറ്റങ്ങൾ വരും. വിടി ബൽറാമിനെ പോലെ സാമൂഹിക ഇടപെടൽ നടത്തുന്ന നേതാക്കളോടാണ് രാഹുലിന് താൽപ്പര്യം. വിടി ബൽറാമിനെ എംഎൽഎയാക്കിയതും രാഹുലിന്റെ ഇടപെടലിന്റെ ഫലമാണ്. ഗ്രൂപ്പ് താൽപ്പര്യമില്ലാത്ത ബൽറാമിനെ പോലുള്ളവരെ കണ്ടെത്താൻ രാഹുൽ ശ്രമിക്കും. ശബിരനാഥും ഷാഫി പറമ്പിലുമെല്ലാം സംഘടനാ തലത്തിൽ കേരളത്തിൽ ഉയർത്തപ്പെടും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി സീറ്റുകളാണ് രാഹുൽ ലക്ഷ്യമിടുന്നത്.

മോദിയുടെ ഗുജറാത്ത് മോഡലിന്റെ കള്ളത്തരം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പൊളിഞ്ഞുവെന്ന് രാഹുൽഗാന്ധി പറയുന്നു. ഗുജറാത്തിൽ കോൺഗ്രസ് നന്നായി പരിശ്രമിച്ചിട്ടുണ്ട്. എല്ലാവരും ഗുജറാത്തിന്റെ വികസനത്തെ പറ്റിയും മറ്റും ചർച്ച ചെയ്തപ്പോൾ മോദി മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ അഴിച്ചുവിടാനാണ് ശ്രമിച്ചത്. രാജ്യത്തെ എല്ലാവരും ചോദിക്കുന്നത് മോദിയുടെ ഗുജറാത്ത് മോഡലിന് എന്ത് സംഭവിച്ചുവെന്നാണ്. എന്നാൽ നരേന്ദ്ര മോദിക്ക് ഇതിനൊന്നും ഉത്തരം നൽകാൻ കഴിയുന്നില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്നത് സത്യമാണ്. പക്ഷെ യഥാർഥ വിജയം കോൺഗ്രസിനൊപ്പമായിരുന്നുവെന്നതാണ് യാഥാർഥ്യം. -ഇതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ച് രാഹുൽ വിശദീകരിക്കുന്നത്.

പാളിച്ചകൾ തിരുത്തി മുന്നോട്ടു പോയി അടുത്ത തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാനാണ് നേതാക്കൾക്ക് രാഹുൽ ഗാന്ധി നിർദ്ദേശം നൽകുന്നത്. പാർട്ടിയിലെ അച്ചടക്കരാഹിത്യത്തെ പരോക്ഷമായി പരാമർശിച്ച്, തിരഞ്ഞെടുപ്പുകാലത്തു പ്രവർത്തിക്കാത്തവരുടെ പേരിൽ നടപടിയുണ്ടാവുമെന്നും രാഹുൽ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംഘടനാ തലത്തിൽ പിന്നാക്കം പോയതും ബിജെപി സർക്കാരിനെതിരെ ജനവികാരം വേണ്ടത്ര ഉണർത്താനാവാത്തതുമാണ് ഗുജറാത്തിൽ അധികാരം തൊട്ടടുത്തുവച്ചു നഷ്ടമാക്കിയത്. ഇത് ഇനി അനുവദിക്കില്ല. അതുകൊണ്ട് തന്നെ ഗ്രൂപ്പ് പ്രവർത്തനം വേണ്ടെന്നാണ് രാഹുൽ പറയുന്നത്.