ന്യൂയോർക്ക്: രാജ്യത്തെ പരിവർത്തനം ചെയ്തെടുക്കാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പ്രവാസികളായിരുന്നു മഹാത്മാഗാന്ധിയും നെഹ്റുവുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആധുനികവത്കരിക്കാനും അഭിവയോധികിപ്പെടുത്താനും പ്രവാസികൾ പരിശ്രമിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രണ്ടാഴ്‌ച്ച നീണ്ട അമേരിക്കൻ സന്ദരർശനത്തിന്റെ ഭാഗമായി ടൈംസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പതിവു ശൈലിയിൽനിന്ന് മാറി രണ്ടാഴ്‌ച്ചയായി നടത്തുന്ന അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധിയുടെ പ്രഭാഷണങ്ങളും ആശയങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

'കോൺഗ്രസ് മുന്നേറ്റമെന്നത് യഥാർഥത്തിൽ പ്രവാസി മുന്നേറ്റമാണ്. മഹാത്മാ ഗാന്ധി പ്രവാസിയായിരുന്നു. ജവഹർലാൽ നെഹ്റു ഇംഗ്ലണ്ട് ജീവിതം അവസാനിപ്പിച്ചാണ് മടങ്ങിയത്. അംബേദ്കറും, അബുൽ കലാം ആസാദും, സർദാർ പട്ടേലുമെല്ലാം പ്രവാസികളായിരുന്നു'- രാഹുൽ ഗാന്ധി പറഞ്ഞു.

'അവരിലോരോരുത്തരും ഇന്ത്യക്ക് അപ്പുറമുള്ള ലോകത്തേക്ക് വന്നു. ആ പുറംലോകത്തെ കണ്ടു. അങ്ങനെ ആർജ്ജിച്ച അറിവും ആശയങ്ങളുമാണ് ഇന്ത്യയുടെ പരിവർത്തനത്തിന് അവർ ഉപയോഗപ്പെടുത്തിയത്. ഇന്ത്യയുടെ ധവള വിപ്ലവത്തിന് തുടക്കം കുറിച്ച വർഗ്ഗീസ് കുര്യനും പ്രവാസിയായിരുന്നു'.

രാഹുലിന്റെ പ്രസംഗം കേൾക്കാനെത്തിയ പ്രവാസികളെ പ്രഭാഷണത്തിനിടെ രാഹുൽ കോൺഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു.

'കോൺഗ്രസിന്റെ ഭാഗമാവാനുള്ള അറിവും വിജ്ഞാനവും നിങ്ങൾക്കുണ്ട്. അതിനാൽ തന്നെ ഞാൻ നിങ്ങളെ കോൺഗ്രസിനൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുകയാണ്. ഞങ്ങൾക്ക് നിങ്ങളുടെ സഹായം വേണം'-രാഹുൽ പറഞ്ഞു.

വിഭജന രാഷ്ട്രീയം വിദേശങ്ങളിൽ ഇന്ത്യയ്ക്ക് ദുഷ്പേര് ഉണ്ടാക്കുന്നുണ്ട്. അത്തരത്തിൽ വിഭജന രാഷ്ട്രീയം കളിക്കുന്നവർക്കെതിരെ പ്രവാസികൾ നിലകൊള്ളണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.