ന്യൂഡൽഹി: മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മോദി പറയാനുദ്ദേശിക്കുന്നതല്ല ചെയ്യുന്നതെന്നും ചെയ്യാനുദ്ദേശിക്കുന്നതല്ല പറയുന്നതെന്നും തുറന്നു സമ്മതിച്ചതിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ പരിഹാസ ട്വീറ്റ്. ജെയ്റ്റ്ലിയെ ജെയ്റ്റ്ലൈ എന്നും രാഹുൽ പരിഹസിച്ചിട്ടുണ്ട്.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിട്ടില്ലെന്ന സർക്കാർ വിശദീകരണത്തെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മന്മോഹൻ സിങ്ങിനും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ നരേന്ദ്ര മോദി പരാമർശം നടത്തിയെന്നതിന് വിശദീകരണമാണ് കഴിഞ്ഞ ദിവസം അരുൺജെയ്റ്റ്ലി രാജ്യസഭയിൽ നൽകിയത്.

'പ്രിയപ്പെട്ട മിസ്റ്റർ ജെയ്റ്റ്ലൈ (ഖമശ'േഹശല') നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓർമ്മിപ്പിച്ചതിന് നന്ദി.'ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്.

ബിജെപി കള്ളം പറയുന്നു എന്ന ഹാഷ് ടാഗും ട്വീറ്റിലുണ്ട്. മാത്രമല്ല, കോൺഗ്രസ്സിനെതിരെ പാക്കിസ്ഥാൻ ബന്ധം ആരോപിക്കുന്ന മോദിയുടെ പ്രസംഗത്തിന്റെയും ജെയ്റ്റ്ലിയുടെ രാജ്യസഭയിലെ വിശദീകരണപ്രസംഗത്തിന്റെയും വീഡിയോകളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.