ന്യൂഡൽഹി: കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്‌ലിയെ കളിയാക്കി എന്നാരോപിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി. പാർലമെന്റ് നടപടിക്രമങ്ങളുടെ 187-ാം ചട്ടം അനുസരിച്ച് ബിജെപി എംപി ഭൂപേന്ദ്ര യാദവാണു രാഹുലിനെതിരേ നോട്ടീസ് നൽകിയത്. ട്വിറ്ററിൽ ജയ്റ്റ്‌ലിയുടെ പേര് വളച്ചൊടിച്ചു നൽകിയെന്നാരോപിച്ചാണ് നോട്ടീസ്.

മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെതിരേ പ്രധാനമന്ത്രി മോദി നടത്തിയ ആരോപണത്തിന് രാജ്യസഭയിൽ ജയ്റ്റ്‌ലി വിശദീകരണം നൽകിയതിനു പിന്നാലെ വന്ന രാഹുലിന്റെ ട്വീറ്റാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. രാഹുലിന്റെ ട്വീറ്റ്: ഡിയർ മിസ്റ്റർ 'ജയ്റ്റ്ലൈ' നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും രാജ്യത്തെ ഓർമിപ്പിച്ചതിന് നന്ദിയുണ്ട്.

ജയ്റ്റ്‌ലി എന്ന മന്ത്രിയുടെ പേര് നുണ എന്നർഥം കൂട്ടിച്ചേർത്ത് ജയ്റ്റ്ലൈ എന്നാണ് രാഹുൽ പ്രയോഗിച്ചത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാണു ബിജെപി എംപി ഭൂപേന്ദ്ര യാദവിന്റെ ആവശ്യം. സഭയിലെ ഓരോ അംഗത്തിനും ഒരു അന്തസുണ്ട്. സഭാകക്ഷി നേതാവായ ജയ്റ്റ്‌ലിയുടെ പേര് കോൺഗ്രസ് അധ്യക്ഷൻ കരുതിക്കൂട്ടി വളച്ചൊടിച്ച് അപമാനിക്കുകയായിരുന്നു. അതുവഴി സഭയെയും അപമാനിച്ചു എന്നാണു ബിജെപിയുടെ ആരോപണം.