ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റു. രാവിലെ 11-ന് ഡൽഹിയിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന രാഹുലിന്റെ പട്ടാഭിഷേകത്തിന് നിരവധി കോൺഗ്രസ് പ്രവർത്തകരും ആയിരക്കണക്കിന് അണികളും സാക്ഷിയായി. രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തുള്ള അധികാരരേഖ മുഖ്യ വരാണാധികാരി മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറി. കോൺഗ്രസ് ആസ്ഥാനത്ത് അലങ്കരിച്ച പ്രത്യേക വേദിയിലാണ് ചടങ്ങ് നടന്നത്.

 

ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനിലേക്കുള്ള അധികാര കൈമാറ്റത്തിന് സാക്ഷിയാകാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് പറന്നെത്തി. സംസ്ഥാന മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എംഎൽഎമാർ പാർട്ടിയുടെ പ്രമുഖ നേതാക്കൾ അടക്കം രാഷ്ട്രീയ പ്രമുഖരം സാധാരണ അണികളും ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനിലേക്കുള്ള അധികാര കൈമാറ്റത്തിന് സാക്ഷിയായി.

ഇടറിയ കണ്ഠത്തടെയാണ് മകന് അധികാരം കൈമാറിക്കൊണ്ട് സോണിയാ ഗാന്ധി സംസാരിച്ചത്. പുതിയ കാലത്തിന്റെ തുടക്കമെന്നാണ് സോണിയാ ഗാന്ധി അധികാരകൈമാറ്റത്തെ വിശേിഷിപ്പിച്ചത്. 19 വർഷത്തിനു ശേഷമുള്ള ആ വിടവാങ്ങൾ സോണിയയ്ക്ക് വേദന നിറഞ്ഞത് തന്നെയായിരുന്നു.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഡൽഹി അക്‌ബർ റോഡിലെ എഐസിസി ആസ്ഥാനം പുതിയ അദ്ധ്യക്ഷനെ വരവേറ്റു. ഗാന്ധി കുടുംബത്തിലെ അഞ്ചാംതലമുറയിലേക്കുള്ള അധികാര കൈമാറ്റത്തെ നൃത്തം ചവിട്ടിയും മധുരങ്ങൾ വിതരണം ചെയ്തുമാണ് അണികൾ ആഘോഷമാക്കിയത്. ഗാന്ധി കുടുംബത്തിൽ നേരിട്ട് നടക്കുന്ന രണ്ടാമത്തെ അധികാരകൈമാറ്റമാണ് രാഹുൽ ഗാന്ധിയിലൂടെ വീണ്ടും നടന്നത്.

സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റേയും സാന്നിധ്യത്തിൽ അധ്യക്ഷനായി തിരഞ്ഞെടുത്തുള്ള അധികാരരേഖ രാഹുൽഗാന്ധിക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറും. തുടർന്ന് മന്മോഹൻ സിങ് സംസാരിക്കും. സോണിയ ഗാന്ധിയുടെ വിടവാങ്ങൽ പ്രസംഗത്തിനുശേഷം രാഹുൽഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്യും. അടുത്തമാസം ചേരുന്ന എഐസിസി പ്ലീനത്തിൽ സ്ഥാനമേറ്റെടുക്കൽ പൂർണമാകും.

മാറ്റത്തിന് വഴി തെളിക്കാൻ രാഹുലിന് കഴിയും- സോണിയാ ഗാന്ധി

19 വർഷം കൈവശം വെച്ച അധികാരം കൈമാറിക്കൊണ്ടുള്ള പ്രസംഗത്തിൽ സോണിയാ ഗാന്ധി ഇടറിയ കണ്ഠത്തടെയാണ് സംസാരിച്ചത്. മകനെ രാഹുൽ ജി എന്ന് അഭിസംബോധന ചെയ്ത് തുടങ്ങിയ പ്രസംഗത്തിൽ കോൺഗ്രസിനെ മുന്നിൽ നിന്നും നയിക്കാൻ രാഹുലിന് കഴിയുമെന്ന് സോണിയ അഭിമാനത്തോടെ പറഞ്ഞു. ഇനി പുതിയ കാലത്തിന്റെ തുടക്കമാണ്.

കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് പല നിയമ നിർമ്മാണത്തിന്റെയും ഭാഗമായതിൽ സന്തോഷം. ഇന്ത്യയിൽ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയമാണെന്നും സോണിയ പറഞ്ഞു. കോൺഗ്രസിൽ പുതിയ മാറ്റത്തിന് വഴി തെളിക്കാൻ രാഹുലിന് കഴിയുമെന്ന് പറഞ്ഞ സോണിയ ബിജെപിയേയും തന്റെ പ്രസംഗത്തിൽ വിമർശിച്ചു. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് ഭീഷണി നേരിടുന്നു. ഇത് തിരിച്ചു പിടിക്കാൻ ശ്രമിക്കുമെന്നും സോണിയ പറഞ്ഞു.