ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ അടക്കം തലമുറ മാറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സോണിയ ഗാന്ധിയിൽ നിന്നും രാഹുൽ ഗാന്ധി ബാറ്റൺ കൈയിലേന്തിക്കഴിഞ്ഞു. അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ വിജയിക്കുന്നു എന്ന വ്യക്തമാകുന്നതാണ് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം. ഇതോടെ ദേശീയ രാഷ്ട്രീയത്തിലെ രണ്ടാം തലമുറയെ മുന്നിൽ നിർത്തി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും സജീവമായി. രാഹുൽ ഗാന്ധിക്ക് പിന്നിൽ അണിനിരക്കാൻ തയ്യാറാണെന്ന സൂചനയാണ് പുതുതലമുറ നേതാക്കൾ നൽകുന്നത്. ഈ മുന്നേറ്റത്തിൽ നിലവിൽ ഇടഞ്ഞു നില്ക്കുന്നത് മമത ബാനർജി മാത്രമാണ്. മായാവതി അടക്കം രാഹുൽ ഗാന്ധിക്കൊപ്പം എന്ന നിലപാടിലേക്ക് എത്തിക്കഴിഞ്ഞു.

മൂന്നു സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചതോടെ കോൺഗ്രസ് അധ്യക്ഷനാണ് മോദിയെ നേരിടാൻ കെൽപ്പുള്ള നേതാവെന്ന കാര്യം എല്ലാവരും ഉറപ്പിക്കുകയാണ്. ഐക്യ പ്രതിപക്ഷ നിരയുടെ ഡ്രൈവിങ് സീറ്റിൽ രാഹുലിനെ പ്രതിഷ്ഠിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് എം.കെ. സ്റ്റാലിനും (ഡിഎംകെ) തേജസ്വി യാദവും (ആർജെഡി) പിന്തുണ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. അഖിലേഷ് യാദവും ഈ നീക്കം അംഗീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രാഹുലിന്റെ നേതൃത്വത്തെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന ടിഡിപി നേതാവ് എൻ. ചന്ദ്രബാബു നായിഡു പ്രതിപക്ഷ നിരയിലെ മറ്റു മുതിർന്ന നേതാക്കളായ ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) എന്നിവരുടെ പിന്തുണയും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ യോഗത്തിൽ നിന്നു വിട്ടുനിന്ന് എസ്‌പിയും മായാവതിയുടെ ബിഎസ്‌പിയും സമ്മർദം ചെലുത്തിയെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ വിജയക്കുതിപ്പ് കോൺഗ്രസിന് അനുകൂല സ്ഥിതിയൊരുക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും മായാവതി നൽകിയ പിന്തുണ യുപിയിലും തുടരുമെന്നുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. എസ്‌പിയും ബിഎസ്‌പിയുമായി സഖ്യം യാഥാർഥ്യമാക്കാൻ ആവശ്യമെങ്കിൽ യുപിയിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയാറാകും. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങൾക്കു സോണിയ ഗാന്ധിയാണു ചുക്കാൻ പിടിക്കുന്നത്.

പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിക്കാണു ലോക്‌സഭാ സഖ്യ രൂപീകരണത്തിന്റെ ചുമതല. മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും പ്രാദേശിക കക്ഷികളുമായുള്ള ചർച്ചകൾക്കു നേതൃത്വം നൽകും. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിനോടു കോൺഗ്രസ് ഡൽഹി ഘടകം എതിരാണ്. എന്നാൽ ഇവിടെയും രാഹുലിന്റെ നിലപാടുകൾ നിർണായകമാകും.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ യോഗത്തിൽ 21 പാർട്ടികൾ പങ്കെടുത്തത് വലിയ നേട്ടമായി തന്നെ വിലയിരുത്തുന്നുണ്ട്. മധ്യപ്രദേശിലും ഛത്തീസഗഡിലും ബി എസ് പിയുമായി കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യചർച്ചകൾ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഇപ്പോൾ അത് വേണ്ടവിധത്തിൽ വിജയിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവുമധികം ലോക്സഭ സീറ്റുകളുള്ള ഉത്തർപ്രദേശിലെ ഈ രണ്ട് പ്രധാന കക്ഷികളുടെ ഐക്യം 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് നിർണായകമാണ്.