ന്യൂഡൽഹി: കോൺഗ്രസിൽ ദേശീയ തലത്തിൽ അഴിച്ചുപണിയുടെ സമയമാണ് ഇപ്പോൾ. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ സ്ഥാനമേറ്റതിന് പിന്നാലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങൾ നടത്തിയിരുന്നു. കർണാടകയിൽ കോൺഗ്രസിന് അധികാരം തിരിച്ചു പിടിക്കേണ്ടത് അനുവാര്യമായ ഘട്ടത്തിൽ തന്നെ ദേശീയ തലത്തിൽ മുതിർന്ന നേതാക്കളെ മാറ്റി യുവരക്തങ്ങൾക്ക് പ്രാധാന്യം നൽകാനാണ് രാഹുൽ ഒരുങ്ങുന്നത്.

യുവതലമുറക്ക് മുതിർന്നവർ വഴിമാറണമെന്ന് പറഞ്ഞതോടെ ഗുജറാത്തിലെയും യുപിയിലെയും പിസിസി അധ്യക്ഷന്മാർ രാജി സമർപ്പിച്ചു. ഗുജറാത്ത് കോൺഗ്രസിലെ യുവനിരയിലെ പ്രമുഖനായ അമിത് ഛാവഡയെ കേന്ദ്ര നേതൃത്വം അധ്യക്ഷനായി നിയമിച്ചു. ഇതോടെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ തന്ത്രമാണ് രാഹുൽ ഗാന്ധി പുറത്തെടുക്കാൻ ഒരുങ്ങുന്നത്. 41 വയസുള്ള പിസിസി അധ്യക്ഷനായി ഛാവഡ. കോൺഗ്രസ് തലപ്പത്ത് തന്നെ തലമുറ മാറ്റത്തിലേക്കാണ് നീങ്ങുന്നത്.

ജനാർദൻ ദ്വിവേദിയെ മാറ്റി മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ടിനെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചുതോടെ രാഹുൽ രാജസ്ഥാന്റെ കാര്യത്തിലും നിർണായ തീരുമാനം എടുത്തുവെന്നാണ് കരുതുന്നത്. ഗുജറാത്തിന്റെ ചുമതലയായിരുന്നു ഗെലോട്ടിന് നേരത്തെ ഉണ്ടായിരുന്നത്. ഇവിടെ അധികാരം പിടിക്കാൻ സാധിച്ചില്ലെങ്കിലും മികച്ച രീതിയിൽ കോൺഗ്രസിന് മുന്നേറാൻ സാധിച്ചു. ഇതോടെ ഗെലോട്ടിനെ ഹൈക്കമാൻഡിലെ പ്രമുഖനായി തന്നെ രാഹുൽ കണക്കാക്കി.

രണ്ടുപതിറ്റാണ്ടിലേറെയായി ചുമതല വഹിച്ചിരുന്ന ജനാർദൻ ദ്വിവേദി കോൺഗ്രസിലെ ഏറ്റവും ശക്തനായ സംഘടനാ സെക്രട്ടറിയായിരുന്നു. എന്നാൽ, ദ്വിവേദിയല്ല തന്റെ ചോയിസ് എന്ന് രാഹുൽ വ്യക്തമാക്കി കഴിഞ്ഞു. എഐസിസി പ്ലീനറി സമ്മേളനത്തിൽ നിർണായക ചുമതലകളൊന്നും ജനാർദൻ ദ്വിവേദിക്കു നൽകിയിരുന്നില്ല. യുവാക്കളായിരുന്നു കൂടുതലും കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. രാഹുൽ ബ്രിഗേഡിലെ വിശ്വസ്തരായ യുവനേതാക്കാളായ ജിതേന്ദ്ര സിങ്ങിന് ഒഡീഷയുടെ ചുമതലയും രാജീവ് സതവിനു ഗുജറാത്തിന്റെ ചുമതലയും നൽകിയിട്ടുണ്ട്.

ഗെലോട്ടിന് പകരം രാജസ്ഥാനിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്. ലോക്‌സഭയിൽ കോൺഗ്രസിന്റെ ചീഫ് വിപ്പായ ജ്യോതിരാദിത്യസിന്ധ്യ മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന സൂചനയും ഇപ്പോഴത്തെ അഴിച്ചുപണിയിൽനിന്നു വ്യക്തമാകുന്നു. എന്നാൽ, ഇവിടെ കമൽനാഥും സിന്ധ്യയുടെ സ്ഥാനമോഹത്തിന് തടസമായി നിൽക്കുന്നുണ്ട്. എന്നാൽ, സംഘടനയെ ചലിപ്പിക്കുന്നതിൽ സിന്ധ്യയാണ് മിടുക്കനെന്ന് രാഹുലിന് ഉത്തമ ബോധ്യവുമുണ്ട്.

അതേസമയം കർണാടകത്തിൽ രാഹുൽ പൂർണമായും കാര്യങ്ങൾ മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് വിട്ടു നൽകിയിരിക്കയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇവിടെ അധികാരം നിലനിർത്തുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ സിദ്ധരാമയ്യ പറയുന്ന കാര്യങ്ങൾക്കെല്ലാം രാഹുൽ സമ്മതം മൂളുന്നുണ്ട്. ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക സമുദായ പരിഗണന നൽകാനുള്ള നീക്കത്തിലൂടെ തന്നെ സിദ്ധരാമയ്യ കോൺഗ്രസിനെ മുന്നിലെത്തിച്ചിട്ടുണ്ട്. യുവാക്കളെ മാത്രം പരിഗണിക്കുന്നതിന് അപ്പുറം പരിചയസമ്പത്തിനും രാഷ്ട്രീയ പരിചയത്തിനും രാഹുൽ പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണിത്.

എഐസിസി പ്രവർത്തക സമിതി അംഗങ്ങളെയും ഉടൻ തന്നെ പ്രഖ്യാപിക്കും. എഐസിസിയിലും യുവാക്കൾക്കു പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് അറിയുന്നത്. കേരളത്തിൽ എം.എം. ഹസനെ മാറ്റി പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുമെന്നതും ഉറപ്പാണ്. ഈ തീരുമാനം ഉണ്ടാകുക ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കും. കേരളത്തിലേക്ക് വരുമ്പോൾ സാധ്യതാപട്ടികയിൽ നിരവധി പേരുണ്ട്. രാഹുലിനെ അധ്യക്ഷനാക്കി വാഴിക്കാൻ മുന്നിൽ നിന്ന മുല്ലപ്പള്ളിയിൽ തുടങ്ങുന്നു ഈ പേരുകൾ. രാഹുലിന്റെ വിശ്വസ്തനായ കെ സി വേണുഗോപാലും, കെ വി തോമസും കെ സുധാകരനും ഈ പട്ടികയിൽ പെടുന്നു.

കേരളത്തിലെ സവിശേഷമായ സാഹചര്യത്തിൽ യുവത്വത്തിന് മുൻതൂക്കം നൽകിയാൽ സാധ്യത കൂടുതൽ വി ടി സതീശനാണ്. മറ്റ് കാര്യങ്ങൾ കൂടി പരിഗണിച്ചാൽ കെ സുധാകരനെയും പരിഗണിക്കും. സംസ്ഥാനത്ത് കോൺഗ്രസിന് ഊർജ്ജം നൽകുന്നവരിൽ പ്രധാനി സുധാകരനാണ്. അടുത്തിടെ ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും വിധത്തിൽ നീക്കങ്ങൾ നടത്താൻ സുധാകരൻ തന്നെ രംഗത്തിറങ്ങേണ്ടി വന്നു. അതേസമയം ഗ്രൂപ്പുകൾ രാഹുലിനെയും വെട്ടിലാക്കിയേക്കും.

കേരളത്തിലെ കോൺഗ്രസിൽ എന്നും സ്ഥാനമാനങ്ങൾ വീതംവയ്‌പ്പാണ്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് കരുതുന്നവരുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഐയിലെ രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയോടെ ഉമ്മൻ ചാണ്ടി നിയമസഭാ നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ ചെന്നിത്തല നേതാവായി. അങ്ങനെ ഐ ഗ്രൂപ്പിന് നിയമസഭാ കക്ഷി നേതൃസ്ഥാനം കിട്ടി. അതിനാൽ ഒഴിവു വന്ന കെപിസിസി അധ്യക്ഷ സ്ഥാനം എ ്ഗ്രൂപ്പിന് അർഹതപ്പെട്ടതാണെന്ന് ഉമ്മൻ ചാണ്ടി അനുകൂലികൾ പറയുന്നു.

അടുത്തിടെ എ ഗ്രൂപ്പിലേക്ക് കൂറുമാറിയ കെ മുരളീധരന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ, രാഹുലിന് അഭിമതനാകുമോ എന്ന കാര്യത്തിലാണ് സംശയമുള്ളത്. രാഹുലുമായി അടുപ്പമുള്ള പി സി വിഷ്ണുനാഥിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചാൽ പോലും ചിലപ്പോൾ അത്ഭുതപ്പെടാനില്ല. കാരണം രാഹുൽ ഗാന്ധി നേതൃതലത്തിൽ അഴിച്ചുപണി നടത്തുന്നത് വരും നാളുകൾ കൂടി മുന്നിൽ കണ്ടാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഗ്രൂപ്പുകാർക്കും മുതിർന്ന നേതാക്കൾക്കും രാഹുലിന്റെ അഴിച്ചുപണി നീക്കത്തിൽ നെഞ്ചിടിക്കുന്നുണ്ട്.r