കണ്ണൂർ: മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം ദേശിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാൻ കോൺഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കണ്ണൂരിലെത്തും. മാർച്ച് ആറിനാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തി ഷുഹൈബിന്റെ വീടും ഖബർസ്ഥാനു സന്ദർശിക്കുന്നത്. കണ്ണൂരിൽ സിപിഎം കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായെന്നും ബിജെപിയു ഇതിൽ തുല്യ പങ്കാളികളാണെന്ന വരുത്തുന്ന വിധത്തിൽ പ്രചരണം ശക്തമാക്കാൻ വേണ്ടിയാണ് രാഹുൽ കണ്ണൂരിൽ എത്തുന്നത്.

ഷുഹൈബ് വധത്തിനെതിരെ കോൺഗ്രസുകാർ ഗ്രൂപ്പു മറന്നാണ് രംഗത്തിറങ്ങിയത്. സിപിഎമ്മിനെതിരായ പ്രതിഷേധത്തോടെ കോൺഗ്രസിന് പുത്തൻ ഉണർവ് ലഭിക്കുകയും ചെയ്തു. കെ സുധാകരൻ നടത്തുന്ന നിരാഹാര സമരവും ഗുണം ചെയ്‌തെന്നാണ് വിലയിരുത്തുന്നത്. ഈ തുടക്കം കോൺഗ്രസ് സംസ്ഥാന തലത്തിലേക്ക് വളർത്തിയെടുത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുന്ന വിധത്തിലാക്കി മാറ്റുക എന്നാണ് കോൺഗ്രസിന്റെ ആലോചന. അതിന് വേണ്ടിയാണ് രാഹുൽ കണ്ണൂരിൽ എത്തുന്നത്.

രാഹുൽ കണ്ണൂരിലെത്തുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ബിജെപി ദേശിയതലത്തിൽ ആയുധമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസും ദേശിയ തലത്തിലേക്ക് പ്രശ്നത്തെ ഉയർത്തുന്നത്. നേരത്തെ ഷുഹൈബിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ശുഹൈബിനെ കൊന്ന ഭീരുക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശുഹൈബിന്റെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും ശുഹൈബിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും രാഹുൽ പറയുകുണ്ടായി.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ മാത്രമേ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നുള്ളൂ. അതുകൊണ്ട് തന്നൈ കൊല്ലാക്കൊലകൾ കൂടി ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് കോൺഗ്രസ് നീക്കം. അരയ്ക്ക് താഴെ വെട്ടിവീഴ്‌ത്തി കൊല്ലാക്കൊല ചെയ്യുന്നതാണ് കണ്ണൂരിലെ പുതിയ രാഷ്ട്രീയ ആക്രമണ രീതിയുടെ ഭീകരത ചർച്ചയാകണം എന്നാണ് കോൺഗ്രസിന്റെ പ്രധാന ഉദ്ദേശ്യം. കൊലപാതകങ്ങൾ നടക്കുമ്പോൾ മാത്രം കണ്ണൂരിലെ അക്രമരാഷ്ട്രീയം ദേശീയതലത്തിൽ ചർച്ചയാവുകയും മരണത്തിലെത്താത്ത കൊടുംക്രൂരതകൾ പ്രാദേശികമായി മാത്രം ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണു ഈ നീക്കം. ഇത്തരം ആക്രമിക്കുന്നത് സിപിഎമ്മും ബിജെപിയും ആണെന്നാണ് കോൺ
ഗ്രസ് ആരോപിക്കുന്നത്.

സമീപകാലത്തുണ്ടായ ആക്രമണങ്ങളുടെ പട്ടിക എഠുത്തും ജീവച്ഛവമായി കഴിയുന്നവരുടെയും പട്ടിക തയ്യാറാക്കി കോൺഗ്രസ് അധ്യക്ഷന് നൽകാനാണ് കണ്ണൂർ നേതാക്കൽ ഒരുങ്ങുന്നത്. ഇക്കാര്യം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു സമർപ്പിക്കുമെന്നു കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, യൂത്ത് കോൺഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിൽ എന്നിവർ പറഞ്ഞു. ദേശീയ തലത്തിൽ ഈ ഭീകരാവസ്ഥ ചർച്ചയാക്കും.

2016ൽ ഏഴു പേർ മരിച്ചപ്പോൾ 2017ൽ രണ്ടുപേർ മാത്രമാണു മരിച്ചത് എന്നു ചൂണ്ടിക്കാട്ടി കണ്ണൂരിൽ കൊലപാതക രാഷ്ട്രീയം ഇല്ലെന്ന വിധത്തിൽ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ, ജീവച്ഛവമായി ജീവിക്കണമെന്ന ഉദ്ദേശ്യത്തോടെ എതിരാളികളെ അരയ്ക്കുതാഴെ വെട്ടി കിടപ്പുരോഗിയാക്കുന്ന രീതി സമീപകാലത്തായി പെരുകിയിട്ടുണ്ടെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. അങ്ങനെ കൊല്ലാക്കൊലയ്ക്കിരയായി ജീവിക്കുന്നവരിൽ സിപിഎം പ്രവർത്തകരും ബിജെപിആർഎസ്എസ് പ്രവർത്തകരുമാണ് ഏറെയും. പ്രതിസ്ഥാനത്ത് ഇരുകൂട്ടരുമുണ്ട്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കാലിൽ മാത്രം 37 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരുടെ മൊഴിയും കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല എന്നായിരുന്നു. കൊല്ലാക്കൊല ചെയ്യുന്ന ഈ രീതിക്ക് അവസാനം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.