ന്യൂഡൽഹി: യുപിഎ ചെയർപേഴ്‌സൺ സോണിയ ഗാന്ധി വാർഷിക വൈദ്യപരിശോധനയ്ക്കായി വിദേശത്തേക്ക് പോവുകയാണ്. രാഹുൽ ഗാന്ധിയും സോണിയയ്‌ക്കൊപ്പം പോകുന്നുണ്ട്. 2011 ൽ സോണിയ അമേരിക്കയിൽ വച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിന്റെ തുടർചികിൽസകൾക്കായാണ് യാത്ര.

രാഹുൽ ഗാന്ധി ഒരാഴ്ചയ്ക്കുള്ളിൽ മടങ്ങുമെങ്കിലും സോണിയ കുറച്ചുനാൾ കൂടി വിദേശത്ത് തങ്ങും. രാഹുൽ വിദേശത്ത് പോകുമ്പോഴൊക്കെ ട്രോളർമാർ പരിഹാസവുമായി രംഗത്തെത്താറുണ്ട്. ഇതോർമിപ്പിച്ചുകൊണ്ടാണ് 'സോണിയാജിയുടെ മെഡിക്കൽ ചെക്കപ്പിനായി കുറച്ചുദിവസം ഞാൻ വിദേശത്തായിരിക്കും; ബിജെപി സോഷ്യൽ മീഡിയ ട്രോൾ പടയിലെ ചങ്ങാതിമാരേ...അമിതാവേശം വേണ്ട..ഞാൻ ഉടൻ മടങ്ങിയെത്തും', എന്ന് രാഹുൽ ട്വീറ്റ് ചെയ്തത്.

കർണാടകത്തിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിലെ കോൺഗ്രസ് മന്ത്രിമാരുടെ പോർട്ടപോളിയോയിൽ അന്തിമ തീരുമാനം രാഹുൽ മടങ്ങിയെത്തിയ ശേഷമായിരിക്കും.പാർട്ടി പുനഃസംഘടനയുടെ ഭാഗമായുള്ള ചില പുതിയ നിയമനങ്ങളും പൂർത്തിയാക്കാനുണ്ട്.