- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിൽ രാഹുൽ ഗാന്ധിക്കൊപ്പം കുടുംബസുഹൃത്ത് സാം പിത്രോഡ മുതൽ സീതാറാം യെച്ചൂരി വരെ; മോദി വിരുദ്ധരെല്ലാം ഒന്നിച്ചു കൂടിയ ലണ്ടനിൽ യുവരാഷ്ട്രമായ ഇന്ത്യയെ കുറിച്ചുള്ള ചിന്തകളും സങ്കൽപ്പങ്ങളും; സ്യുട്ടണിഞ്ഞു വേദിയിലെത്തിയ രാഹുൽ ഒറ്റനോട്ടത്തിൽ രാജീവിന്റെ ട്രൂ കോപ്പിയായതിന്റെ സന്തോഷം ഏറ്റെടുത്തു സോഷ്യൽ മീഡിയയും
ലണ്ടൻ: സ്വാതന്ത്ര്യത്തിന്റെ 44-ാം വാർഷികത്തിൽ കൊല്ലപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇന്ത്യയെ യുവ രാഷ്ട്രം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. യുവാവായ രാജീവ് നടത്തിയ രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം വീൺവാക്കല്ലെന്നു ലോകം മനസിലാക്കിയത് ഇന്ത്യ ടെലികോം, ശാസ്ത്ര രംഗങ്ങളിൽ പിന്നീടുള്ള കാലത്തു നേടിയ കുതിച്ചു ചാട്ടത്തിലൂടെയാണ്. ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള വികസിത രാജ്യങ്ങൾ വരെ ഉപഗ്രഹ വിക്ഷേപത്തിനു ഇന്ത്യയെ ആശ്രയിക്കുന്ന കാലം എത്തിയതും രാജീവിന്റെ സ്വപ്നത്തിൽ ഉണ്ടായിരുന്ന യുവ ഇന്ത്യയുടെ പ്രസരിപ്പിന്റെ ഫലം കൂടിയാണ്.
കൊല്ലപ്പെടുമ്പോൾ വെറും 46 വയസായിരുന്നു. പിതാവിനേക്കാൾ പ്രായം കൂടിയ രാഹുൽ ഗാന്ധി സാധാരണ ഉപയോഗിക്കാത്ത സഫാരി സ്യുട്ടിൽ ലണ്ടനിൽ രണ്ടു ദിവസം നടന്ന ഇന്ത്യ @ 75 എന്ന കോൺഫറൻസിൽ പങ്കെടുത്ത ചിത്രം സോഷ്യൽ മീഡിയ പങ്കിടുന്നത് അദ്ദേഹത്തിന്റെ പ്രസംഗത്തിലെ പ്രസരിപ്പിനേക്കാൾ അച്ഛനോടുള്ള സാദൃശ്യം കൊണ്ട് കൂടിയാണ്.
മാത്രമല്ല രണ്ടു ദിവസമായി ലണ്ടനിൽ നടന്ന ഭാവി ഇന്ത്യയെക്കുറിച്ചുള്ള ചർച്ചയിൽ ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും സുഹൃത്തും ഇന്ത്യൻ ടെലി കമ്യുണിക്കേഷൻ വിപ്ലവത്തിന് വഴി തുറന്ന സാം പിത്രോദയുടെയും സീതാറാം യെച്ചൂരി ഉൾപ്പെടെ മിക്ക പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യവും കൗതുകമായി. ഇതോടെ ഇന്ത്യയിൽ കോൺഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷ നിര എന്നത് വാസ്തവത്തിൽ നേതാക്കൾ ആഗ്രഹിക്കുന്നില്ല എന്ന സൂചനയും ലണ്ടൻ നൽകുകയാണ്.
അച്ഛനും അമ്മയും മാത്രമല്ല താൻ കൂടി പൂർവ വിദ്യാർത്ഥിയായിരുന്ന കേംബ്രിഡ്ജ് സർവകലാശാലയിലെ ഇന്ത്യൻ സൊസൈറ്റി നടത്തുന്ന സെമിനാറിൽ കൂടി പങ്കെടുത്തേ രാഹുൽ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങൂ. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്നാണ് രാഹുൽ 1995ൽ എംഫിൽ പാസായത്. ബ്രിട്ടനിൽ ഇന്നും ഇന്ത്യൻ വിഷയത്തിൽ ഏറ്റവും ശക്തമായ സ്വരം ഉയരുന്നതും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണെന്നതും പ്രത്യേകതയാണ്.
ബ്രിട്ടനിലെയും യൂറോപ്പിലെയും ഇന്ത്യൻ വംശജരുടെയും ബിസിനസ് കൂട്ടായ്മകളുടെ ആദിത്യമാണ് ഇന്ത്യ @ 75 കോൺഫറൻസിനെ ശ്രദ്ധയിൽ എത്തിച്ച മറ്റൊരു ഘടകം. നിരവധി സാങ്കേതിക സ്ഥാപനങ്ങളും ചടങ്ങിന്റെ ഭാഗമായി. ബുദ്ധിജീവി മണ്ഡലത്തിലെ പ്രശസ്തരായവരുടെ സാന്നിധ്യവും എടുത്തു പറയേണ്ട ഘടകം തന്നെ ആയിരുന്നു. ബിസിനസ്, പോളിസി, സയൻസ്, ഇന്ത്യൻ വംശജരുടെ നിക്ഷേപ പങ്കാളിത്തം, സാങ്കേതിക വളർച്ച, വിദ്യാഭ്യാസം, ഹരിത സാങ്കേതികത തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ആയിരുന്നു കൂടിക്കാഴ്ചകൾ.
പക്ഷെ മാധ്യമ ശ്രദ്ധ മുഴുവൻ ലഭിച്ചത് സമ്മേളനത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടിനാണ്. ബിജെപി വിരുദ്ധ നിലപാടുള്ള മിക്കവാറും നേതാക്കളുടെയും പാർട്ടികളുടെയും സാന്നിധ്യമാണ് ലണ്ടൻ സമ്മേളനത്തെ കൂടുതൽ വാർത്ത പ്രാധാന്യം ലഭിക്കുന്നതിനുള്ള വേദിയാക്കി മാറ്റിയത്. എൻസിപി, ശിവസേന, ഡിഎംകെ പാർട്ടികളുടെ അസാന്നിധ്യവും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
വരുന്ന ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ വിദേശ ഇന്ത്യൻ വംശജരുടെ പങ്കാളിത്തം ഏതു വിധത്തിലായിരിക്കണം എന്ന കാര്യവും സമ്മേളനത്തിൽ പ്രത്യേക ചർച്ചയിലെത്തി. വിദേശങ്ങളിൽ ഇന്ത്യക്കാർ എന്നാൽ ഹിന്ദുക്കൾ മാത്രമാണെന്ന ധാരണ സൃഷ്ടിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വാസ്തവം അങ്ങനെയല്ല, മറ്റു മതക്കാരായവർ അനവധിയുള്ള സ്ഥലമാണ് യുകെ. കുടിയേറ്റത്തിന്റെ രണ്ടും മൂന്നും തലമുറയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജർ കൂടുതൽ തുറന്ന ചിന്താഗതിക്കാരുമാണ് അത്തരക്കാർ ഇന്ത്യക്കാർ എന്ന വിലാസത്തിൽ നിന്നും തന്നെ അകറ്റപ്പെടുകയാണ്. ഇതിനു തടയിടാൻ യഥാർത്ഥ രാജ്യ സ്നേഹികൾക്ക് കഴിയണമെന്ന് സമ്മേളന നടത്തിപ്പിലെ പ്രധാന മുഖമായി മാറിയ പുഷ്പരാജ് ദേശ്പാണ്ഡെ വ്യക്തമാക്കി.
ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന ആഴത്തിൽ ഉള്ള പ്രയാസങ്ങളാണ് രാഹുൽ തന്റെ ചിന്തകളായി കോൺഫറൻസിൽ പങ്കുവച്ചത്. ലോകത്തിനു മുന്നിൽ ഇന്ത്യൻ ജനാധിപത്യം വലിയ പരുക്കേൽക്കാതെ നിൽക്കുകയാണെന്ന് തോന്നാമെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥ അതല്ലെന്നും വ്യക്തമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാജ്യത്തെ വിഘടിതമായി നിലനിർത്താനുള്ള ശ്രമമാണ് ഭരണ കക്ഷിയായ ബിജെപി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, ടിഎംസി നേതാവ് മഹുവ മൊയ്ത്ര എന്നിവരുടെ സാന്നിധ്യവും ശ്രദ്ധ നേടി. ഒരു തീപ്പൊരി വീണാൽ ആളിക്കത്താൻ പാകത്തിൽ ഇന്ത്യയിൽ എവിടെയും വർഗീയതയുടെ ഇന്ധനം വീണു കിടക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്താനും മറന്നില്ല.
''കമ്യുണിസം ആയാലും ആർ എസ് എസ് ആയാലും അണികൾക്ക് തൊണ്ട തൊടാതെ വിഴുങ്ങാനുള്ള ആശയമാണ് നൽകികൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് അങ്ങനെയാകാൻ കഴിയില്ല. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം കേൾക്കുകയും അത് പൊതുമധ്യത്തിൽ എത്തിക്കുകയുമാണ് ഞങ്ങളുടെ രീതി. ലോകത്തു തന്നെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന ഇന്ത്യൻ ജനാധിപത്യം നല്ല രീതിയിൽ മുന്നോട്ടു പോകുകയാണെന്നാകാം ലോകം കരുതുന്നത്. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന് ഇടർച്ച നേരിട്ടാൽ അത് ലോകത്തെ ഒന്നാകെ ബാധിക്കുമെന്നും മനസിലാക്കണം'', പ്രസംഗത്തിൽ ഉടനീളം തന്റെ ആശങ്കകൾ സംവദിക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനും രാഹുൽ ശ്രദ്ധിച്ചിരുന്നു.
റഷ്യ - ഉക്രൈൻ പ്രതിസന്ധി ചോദ്യമായി ഉയർന്നപ്പോൾ ഒട്ടും വിഭിന്നമല്ല ഇന്ത്യയും ചൈനയും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം എന്ന മറുപടിയാണ് രാഹുൽ നൽകിയത്. രാജ്യ സുരക്ഷക്ക് ഉക്രൈൻ ഭീക്ഷണിയാകുന്നു എന്ന റഷ്യയുടെ വാദം അംഗീകരിക്കാനാകില്ല. യുക്രൈനിലെ രണ്ടു പ്രാവശ്യകളുടെ പേരിൽ ഉള്ള ആശങ്ക റഷ്യക്ക് ആക്രമണത്തിന് കാരണമായി പറയാമെങ്കിലും നാറ്റോ സേനയെയാണ് അവർ ഭയപ്പെടുന്നതെന്നും പ്രവിശ്യ തർക്കം വെറുമൊരു കാരണമായി ഉയർത്തുന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും രാഹുൽ ഇന്ത്യ @ 75 എന്ന ആശയവുമായി സംവാദത്തിനെത്തും. കോവിഡ് മഹാമാരിക്ക് ശേഷം വിദേശ രാജ്യത്തു രാഹുൽ ആദ്യമായി പങ്കെടുക്കുന്ന സംവാദ വേദി കൂടിയാണ് ലണ്ടനിലേത്. അതേസമയം പഞ്ചാബിലും ഗുജറാത്തിലും കോൺഗ്രസ് നേതൃത്വപരമായ പ്രതിസന്ധി നേരിടുമ്പോൾ രാഹുൽ വിദേശ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ശരിയായില്ല എന്ന വിമർശവുമായി ഇന്ത്യൻ മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
ഹർദിക് പട്ടേൽ കോൺഗ്രസ് വിടാൻ കാരണമായി പറഞ്ഞതും കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം തന്നെയാണ്. പ്രതിപക്ഷ നിരയിലെ മറ്റു പാർട്ടികളും ഇതേ വിമർശം ഉയർത്തിയ പശ്ചാത്തലത്തിലാണ് പാർട്ടിക്ക് പുതു മുഖച്ഛായ നൽകാൻ അടുത്തിടെ രാജസ്ഥാനിൽ ചിന്തൻ ബൈഠക്ക് നടത്തി തിരുത്തൽ നടപടികൾ കോൺഗ്രസ്സ് പ്രഖ്യാപിച്ചത്.