- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നേമം പിടിച്ചാൽ കേരളം പിടിക്കാം! ബിജെപിയുടെ ഏക സിറ്റിങ് സീറ്റു പിടിക്കാൻ വജ്രായുധം പുറത്തെടുക്കാനുള്ള ആലോചനയുമായി രാഹുൽ ഗാന്ധി; ശശി തരൂരിനെ മത്സരിപ്പിക്കാൻ നിർദ്ദേശം; മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയെന്ന് കരുതി പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഗ്രൂപ്പുകളുടെ മേധാവിത്തം അവസാനിപ്പിക്കാനുള്ള രാഹുൽ തുറപ്പുചീട്ട് പുറത്തെടുക്കുമ്പോൾ
തിരുവനന്തപുരം: കോൺഗ്രസിന് നിലവിൽ കേരളത്തിൽ ലഭ്യമായ ഏറ്റവും മികച്ച മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് ചോദിച്ചാൽ പൊതുസമൂഹം പറയുക ശശി തരൂരിന്റെ പേരാകും. ഗ്രൂപ്പുകൾക്ക് അതീതനായ വ്യക്തിത്വം, പൊതുജനങ്ങൾക്കിടെ സ്വീകാര്യൻ. അന്താരാഷ്ട്ര പ്രശസ്തിയുള്ള വ്യക്തിത്ത്വവും. ബിജെപിയുടെ ഏക സീറ്റായ നേമത്ത് കോൺഗ്രസ് സർപ്രൈസ് എൻട്രിക്ക് ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. നേമം മണ്ഡലം ബിജെപിയിൽനിന്നു തിരിച്ചുപിടിക്കാൻ തിരുവനന്തപുരം എംപി ശശി തരൂരിനെ രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ ആലോചന.
സ്ഥാനാർത്ഥി ചർച്ചകൾക്കിടെ രാഹുൽ ഗാന്ധി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചതായാണ് സൂചനകൾ. എന്നാൽ കേരള നേതാക്കൾ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭീഷണി ഉയർത്തുന്ന ഒരു സ്ഥാനാർത്ഥിയാണ് തരൂർ എന്നതിനാൽ കോൺഗ്രസിലെ നേതാക്കൾക്ക് അദ്ദേഹത്തോട് എതിർപ്പാണ്. തന്റെ പ്രവർത്തന മണ്ഡലം ഡൽഹിയിലാണെന്ന് തരൂരും നേരത്തെ വ്യക്തമാക്കിയതാണ്.
കേരളത്തിൽ ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു എന്ന പ്രതിച്ഛായ സംസ്ഥാനത്ത് ഉടനീളം പാർട്ടിക്കു ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ഇവിടെ കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന നിർദ്ദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചത് ഈ ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയോ നേമത്ത് സ്ഥാനാർത്ഥിയാവണമെന്നും നിർദ്ദേശം ഉയർന്നു. ഇതു സംബന്ധിച്ച ചർച്ചകൾ നീണ്ടുപോവുന്നതിനിടെയാണ് രാഹുൽ തരൂരിന്റെ പേരു നിർദ്ദേശിച്ചത്.
തരൂർ നേമത്ത് മത്സരിക്കുന്നത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസിനു ഗുണമാവുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു. ബിജെപിക്കു ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നത് കോൺഗ്രസ് ആണ് എന്ന സന്ദേശം നൽകാൻ തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിന് ആവുമെന്നാണ് രാഹുലിന്റെ വാദം. ഇതോടൊപ്പം കേരളത്തിലെ ഗ്രൂപ്പ് അതിപ്രസരത്തിന് ഒരുപരിധി വരെ തടയിടാനാവുമെന്നും രാഹുൽ കണക്കുകൂട്ടുന്നു.
സംസ്ഥാന കോൺഗ്രസിലെ പ്രബലമായ രണ്ടു ഗ്രൂപ്പുകളും തരൂരിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ അനുകൂലിച്ചിട്ടില്ല. എന്നാൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇതിൽ എതിർപ്പില്ല. നേമത്ത് പ്രശസ്തനും പൊതു സമ്മതനുമായ സ്ഥാനാർത്ഥി ഉണ്ടാവുമെന്ന് മുല്ലപ്പള്ളി പറഞ്ഞത് തരൂരിനെ മനസ്സിൽ കണ്ടാണെന്നും വിലയിരുത്തലുകളുണ്ട്. എകെ ആന്റണിയും രാഹുലിന്റെ വാദത്തോട് യോജിച്ചെന്നാണ് റിപ്പോർട്ടുകൾ.
വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നതോടെ നേമം ഒഴിച്ചിട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നത്. എത്ര വൈകിയാലും ഇന്നു തന്നെ അന്തിമ പട്ടികയ്ക്കു രൂപം നൽകാനാണ് ശ്രമം. ഇന്നു തന്നെ പട്ടിക പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തരൂരുമായി മികച്ച ബന്ധമില്ലാത്ത സംസ്ഥാന നേതാക്കൾ ഈ നിർദ്ദേശത്തെ എതിർക്കുകയാണ്. തരൂരിന്റെ വരവോടെ പാർട്ടിക്കുള്ളിലെ സമവാക്യങ്ങൾ മാറിമറിയുമെന്നതാണ് നേതാക്കളെ അലോസരപ്പെടുത്തുന്നത്. എന്നാൽ എന്തു വില കൊടുത്തും ഈ തെരഞ്ഞെടുപ്പ ജയിക്കുകയാണ് ലക്ഷ്യമെന്ന് പാർട്ടി കരുതുന്നു.
രാഹുലിന്റെ നിർദ്ദേശത്തിന് മുതിർന്ന നേതാവ് എകെ ആന്റണിയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂലമാണ് എന്നാണ് വിവരം. നിർദ്ദേശത്തോട് ആദ്യഘട്ടത്തിൽ താത്പര്യം പ്രകടിപ്പിക്കാതിരുന്ന തരൂർ പിന്നീട് വഴങ്ങിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. തരൂരിനെ സ്ഥാനാർത്ഥിയാക്കിയാൽ അത് കേരളത്തിൽ മുഴുവൻ കോൺഗ്രസിന് പുത്തൻ ആവേശം നൽകുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, സംസ്ഥാനത്തെ ഗ്രൂപ്പു രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് എത്രകണ്ട് പിടിച്ചു നിൽക്കാൻ സാധിക്കുമെന്ന സംശയമാണ് നിലനിൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ