ഡൽഹി: പ്രധാനമന്ത്രിയും അനിൽ അംബാനിയും ചേർന്ന് 1.3 ലക്ഷം കോടി രൂപയുടെ സർജിക്കൽ സ്‌ട്രൈക്കാണ് സൈന്യത്തിനെതിരേ നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദിന്റെ വെളിപ്പെടുത്തൽ മുൻനിർത്തിയാണ് പ്രധാനമന്ത്രിക്കെതിരേ രാഹുൽ വീണ്ടും ആഞ്ഞടിക്കുന്നത്.

നരേന്ദ്ര മോദി മോഷ്ടാവെന്നാണ് ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലാന്ദ് പറയുന്നതെന്നും മോദിയുമായി ചർച്ച നടത്തിയ ഫ്രാൻസ്വ ഒലാന്ദ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത് ഗൗരവപരമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഫാൽ വിഷയത്തിൽ നരേന്ദ്ര മോദി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും രാഹുൽ ചോദിച്ചു.

റഫാൽ ഇടപാടിൽ റിലയൻസിനെ നിർദ്ദേശിച്ചത് ഇന്ത്യയാണെന്ന വെളിപ്പെടുത്തൽ കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ഈ വിമർശനം. റഫാൽ ഇടപാടിൽ ഇന്ത്യയുടെ ആത്മാവിനെ മോദി വഞ്ചിച്ചെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞു. റിലയൻസിനെ നിശ്ചയിച്ചത് ദസോൾട്ടാണെന്ന വിശദീകരണവുമായി ഫ്രഞ്ച് സർക്കാരും കമ്പനിയും രംഗത്തും വന്നു.

വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറാകണം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് റഫാൽ കരാർ ലഭിച്ചത് മോദിയുടെ ഇടപെടലിലൂടെ മാത്രമാണ്. അദ്ദേഹം നേരിട്ടാണ് ഇക്കാര്യത്തിൽ ഇടപെട്ടതെന്നും അരുൺ ജയ്റ്റ്‌ലി, നിർമല സീതാരാമൻ, മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ എന്നിവർ പോലും ഇക്കാര്യം അറിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞു.രാജ്യത്തിന് വേണ്ടി ചോരചിന്തിയ സൈനികരെ അപമാനിക്കുന്ന സംഭവമാണിത്. പ്രധാനമന്ത്രിയെ ഓർത്ത് രാജ്യത്തിന് ലജ്ജ തോന്നുകയാണ്. രാജ്യത്തിന്റെ ആത്മാവിനെ മോദി വഞ്ചിച്ചുവെന്നും രാഹുൽ തുറന്നടിച്ചു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസ്വാ ഒളാന്ദിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് മോദി പ്രതികരിക്കണമെന്നും ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജിവയ്ക്കണമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.