ന്യൂഡൽഹി: രാഷ്ടീയ നേതാക്കളെ വലയ്ക്കാൻ ഒരു കോട്ടാണെങ്കിലും മതി എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. മെച്ചപ്പെട്ട ഒരു കോട്ട് ഇട്ടാലും അതെച്ചൊല്ലി വിവാദമുന്നയിക്കാൻ എതിർകക്ഷികൾ മുന്നിട്ടിറങ്ങുന്ന അവസ്ഥയാണെന്ന് ഇപ്പോൾ. മൂന്നു വർഷം മുമ്പ് മോദിക്ക് നേരിടേണ്ടി വന്ന സ്യൂട്ട് ബ്യൂട്ട് വിവാദത്തിന് ഇപ്പോൾ പകരം ചോദിച്ചിരിക്കുകയാണ് സംഘപരിവാർ. അതിന് ഇടയാക്കിയതാകട്ടെ രാഹുൽ ഗാന്ധി ധരിച്ച ഒരു ജാക്കറ്റും. ഷില്ലോംഗിൽ ഒരു സംഗീതപരിപാടിക്കിടെ രാഹുൽ ധരിച്ച ജാക്കറ്റിന്റെ വിലയെ ചൊല്ലിയാണ് വിവാദം കനത്തിരിക്കുന്നത്. ഷില്ലോംഗിലെ പരിപാടിയിൽ രാഹുൽ ധരിച്ചിരിക്കുന്നത് 65,000 രൂപയുടെ ജാക്കറ്റ് ധരിച്ചാണെന്നാണ് ഇവരുടെ ആരോപണം.

ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ബർബറിയുടെ 65,000 രൂപ വരുന്ന ജാക്കറ്റാണ് രാഹുൽ ധരിച്ചിരിക്കുന്നതെന്നാണ് ആരോപണം. രാഹുലിന്റെ ജാക്കറ്റിന്റെ വിലയുൾപ്പെടുന്ന മറ്റൊരു ചിത്രം സഹിതം ട്വിറ്ററിലൂടെ പരസ്യപ്പെടുത്തിയാണ് ബിജെപി മേഘാലയ ഘടകം മോദിയുടെ സ്യൂട്ട് ബ്യൂട്ട് വിവാദത്തിന് പകരം ചോദിച്ചിരിക്കുന്നത്. മേഘാലയ സർക്കാരിന്റെ കഴിവുകേടിനെ ഉയർത്തിക്കാട്ടാനും സംഘപരിവാർ പ്രവർത്തകർ രാഹുലിന്റെ ജാക്കറ്റ് വിവാദത്തിനൊപ്പം ശ്രമിക്കുന്നുണ്ട് ട്വിറ്ററിൽ.

2015ൽ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിച്ച സ്വന്തം പേരു തുന്നിയ കോട്ടിനെ ചൊല്ലി ഉണ്ടായ വിവാദമാണ് സ്യൂട്ട് ബ്യൂട്ട് വിവാദം. സ്യൂട്ട്-ബ്യൂട്ട് എന്ന പേരിൽ ഉയർന്ന വിവാദം ഉയർത്തിപ്പിടിച്ച് സർക്കാരിനെ പരിഹസിക്കാൻ അക്കാലത്ത് രാഹുൽ ഗാന്ധിയും മുന്നിലുണ്ടായിരുന്നു. അന്നത്തെ സ്യൂട്ട് ബ്യൂട്ട് വിവാദം ഉയർത്തിപ്പിടിച്ച രാഹുൽ ഇത്ര വിലയുള്ള ജാക്കറ്റ് എന്തിനാണ് ധരിക്കുന്നതെന്നാണ് ബിജെപി പ്രവർത്തകർ ചോദിക്കുന്നത്. മോദിയുടെ സ്യൂട്ടിന് പത്തു ലക്ഷം രൂപയായിരുന്നു വിലയായി ഉയർത്തിക്കാട്ടിയത്.

കറുത്ത ജാക്കറ്റും നീല ജീൻസും ധരിച്ചാണ് ഷില്ലോംഗിൽ കഴിഞ്ഞ ദിവസം രാഹുൽ പരിപാടിക്ക് എത്തിയത്. ചെറുപ്പക്കാരായ വോട്ടർമാരോട് സംസാരിക്കാൻ രാഹുൽ ഈയവസരം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ രാഹുൽ ധരിച്ചിരിക്കുന്നത് വെറും 700 രൂപ വിലയുള്ള ജാക്കറ്റ് ആണെന്ന് കോൺഗ്രസ് മറുപടി നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.