ന്യൂഡൽഹി:രാഹുൽ ഗാന്ധിയെകോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞടുത്തു.ശനിയാഴ്ച രാവിലെ 11 മണിക്ക് ചുമതലയേൽക്കും.എതിരില്ലാതെയാണ് രാഹുലിനെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞടുത്തത്. തിരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.19 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ അധികാര കൈമാറ്റം നടക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ അക്‌ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനം ആഘോഷത്തിമർപ്പിലാണ്. മധുരം വിളമ്പിയും രാഹുലിന് അഭിവാദ്യങ്ങൾ നേർ്ന്നും പ്രവർത്തകർ പ്രഖ്യാപനത്തെ കൊണ്ടാടുകയാണ്.ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗുജറാത്തിലായതിനാലാണ് സ്ഥാനാരോഹണം ശനിയാഴ്ചത്തേക്ക് മാറ്റിയത്.

രാഹുൽഗാന്ധിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ് വിപുലമായി ആഘോഷിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിനായുള്ള ഒരുക്കത്തിലാണ് എഐ.സി.സി ആസ്ഥാനം.മോടിപിടിപ്പിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ഇവിടെ തുടങ്ങിയിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഹുൽഗാന്ധി അധികാരമേൽക്കുന്നത് ഏറെ പ്രധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ രാഹുലായിരിക്കും കോൺഗ്രസിനെ നയിക്കുക.

വിവിധ സംസ്ഥാനങ്ങളിൽനിന്നും മുതിർന്ന നേതാക്കളിൽ നിന്നുമായി 89 പത്രികകളാണു രാഹുലിനെ നാമനിർദ്ദേശം ചെയ്തുകൊണ്ട് ലഭിച്ചത്.ഇന്നു വൈകിട്ടു മൂന്നിനു പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടയാണ് രാഹുൽ കോൺഗ്രസ്സ്അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള സമയക്രമം നാലു വർഷത്തിനിടെ മൂന്നുവട്ടം മാറ്റിവയ്ക്കേണ്ടി വന്നു. കഴിഞ്ഞ മാർച്ചിൽ തയാറാക്കിയ നാലാം സമയക്രമമാണ് നടപ്പായത്. പാർട്ടിക്കു രാജ്യത്താകെയുള്ളതു 8,86,858 ബൂത്തുകളാണ്. ബ്ലോക്ക് കമ്മിറ്റികൾ 9418. ഡിസിസികളും നഗരതല സമിതികളും 930. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഗുജറാത്ത്, ഹിമാചൽപ്രദേശ്, കർണാടക, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു മാറ്റിവച്ചെങ്കിലും 80 ശതമാനത്തിലേറെ ബൂത്തുകളിലും തിരെൈഞ്ഞടുപ്പ് നടന്നു.

 

അധികാരമേൽക്കുന്നതിന്റെ ഭാഗമായി പിസിസി അധ്യക്ഷന്മാരെല്ലാം ഡൽഹിയിലെത്തും. മകന് അധികാരം കൈമാറുന്നതിന് മുമ്പായി സോണിയാ ഗാന്ധി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്യും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടു മുമ്പാണ് പാർട്ടിയുടെ തലപ്പത്തേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാൻ രാഹുലിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വിസമ്മതിച്ചത് കാരണമാണ് സ്ഥാനാരോഹണം നീണ്ടു പോയത്

എൺപത്തിയേഴാമത്തെ കോൺഗ്രസ് അധ്യക്ഷനാണ് രാഹുൽ ഗാന്ധി .അക്കൂട്ടത്തിൽ ഒന്നിലധികം തവണ പ്രസിഡന്റുമാരുണ്ട് .ദേശ് ബന്ധു ചിത്തരഞ്ജൻ ദാസ് (2 തവണ),രാഷ്ബിഹാറി ഘോഷ് (2 തവണ ),ജവഹർലാൽ നെഹ്റു (6 തവണ)യു എൻ ദേബർ (5 തവണ),ഇന്ദിരാഗാന്ധി (3 തവണ),നീലം സഞ്ജീവ റെഡ്ഢി (3 തവണ ),കാമരാജ് (3 തവണ )നിജലിംഗപ്പ (2 തവണ ).രാജീവ് ഗാന്ധി 85 മുതൽ 91 വരെയും ,നരസിംഹറാവു 92 മുതൽ 96 വരെയും സീതാറാം കേസരി 96 മുതൽ 98 വരെയും 98 മുതൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി നിയമിതനാവുന്നതുവരെ സോണിയാഗാന്ധിയുമാണ് പ്രസിഡന്റുമാരായിട്ടുള്ളത്.