അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടറിന് താഴെ കോൺഗ്രസ് സുനാമി ഗുജറാത്ത് തിരഞ്ഞെടുപ്പിനെ തൂത്ത് വാരുമെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. അമ്പാജിയിൽ കോൺഗ്രസിന്റെ ഐടി സെൽ ടീമിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

' നിങ്ങളാണ് നമ്മുടെ ഗറില്ല പോരാളികൾ. ഇപ്പോൾ അവർ പറയുന്നു(ബിജെപി) മുകളിൽ നിന്ന് കാർപ്പറ്റ് ബോംബിങ് നടത്തുമെന്ന്.നിങ്ങൾ കാർപ്പറ്റ് ബോംബിങ് നടത്തൂ. ഞങ്ങൾ താഴെ നിന്ന് നിങ്ങളെ തുടച്ചുനീക്കും. ഇതാണ് ഗുജറാത്തിലെ യാഥാർഥ്യം. മോദിജിയുടെ ഹെലികോപ്ടറിന് താഴെ കോൺഗ്രസ് സുനാമി പോലെ ആഞ്ഞടിക്കുന്നത് നിങ്ങൾക്ക് ഡിസംബറിൽ കാണാം', രാഹുൽ പറഞ്ഞു.

അതേസമയം, ബിജെപിയുമായും നരേന്ദ്ര മോദിയുമായും അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും കോൺഗ്രസ് ഒരിക്കലും പ്രധാനമന്ത്രി പദത്തെ അവമതിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഗുജറാത്തിലെ പാലൻപുരിൽ പാർട്ടിയുടെ സാമൂഹിക മാധ്യമ വളന്റിയർമാരുമായും ആക്ടിവിസ്റ്റുകളുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം പദാവലികൾ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രിയെ അവഹേളിക്കരുതെന്ന് അണികേളാട് നിർദ്ദേശിച്ച അദ്ദേഹം, മോദിയുടെ പിഴവുകൾ കണ്ടുപിടിക്കുകയും ബി.െജ.പിയെ അസ്വസ്ഥതപ്പടുത്തുകയുമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു.

മോദി പ്രതിപക്ഷത്തായിരുന്ന സമയത്ത് അദ്ദേഹം അന്നത്തെ പ്രധാനമന്ത്രിയെ അവഹേളിക്കൽ പതിവാക്കിയിരുന്നു. എന്നാൽ, നമ്മൾ ആ വഴി തിരഞ്ഞെടുക്കാൻ പാടില്ല. അവരും നമ്മളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. എന്താണ് മോദി നമ്മെക്കുറിച്ച് പറയുന്നതെന്ന് കാര്യമാക്കേണ്ട. അദ്ദേഹത്തെ പ്രധാനമന്ത്രിയായി തന്നെ കണ്ടാൽ മതി -രാഹുൽ വിശദീകരിച്ചു.

തന്റെ ട്വിറ്റർ അക്കൗണ്ടിലെ ഭൂരിഭാഗം പോസ്റ്റുകളും താൻ തന്നെയാണ് പോസ്റ്റ് ചെയ്യുന്നതെന്നും എന്നാൽ, പിറന്നാൾ ആശംസകൾ പോലുള്ളവ തന്റെ ടീം ആണ് ചെയ്യുന്നതെന്നും രാഹുൽ വ്യക്തമാക്കി. തന്റെ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും അന്തിമരൂപം നൽകാൻ 34 പേർ അടങ്ങുന്ന സംഘം സഹായിക്കുന്നതായും അത് പിന്നീട് ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്യുകയാണെന്നും രാഹുൽ പറഞ്ഞു.