ചെന്നൈ: ആർഎസ്എസിനെയും ബിജെപിയെയും നേരിടുന്നതിനായി താൻ ഭഗവത് ഗീതയും ഉപനിഷത്തുകളും പഠിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

എല്ലാവരെയും ഒരുപോലെ കാണണമെന്നാണ് ഉപനിഷത്തുകൾ പറയുന്നത്. അതിനു വിരുദ്ധമായി ജനങ്ങളെ അടിച്ചമർത്തുകയാണ് ആർഎസ്എസുകാർ ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്ക് ഇന്ത്യയെ മൗലികമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. അവർക്ക് ആകെ മനസ്സിലാകുന്നത് ആർഎസ്എസ് തലസ്ഥാനത്തുനിന്നുള്ള നിർദ്ദേശങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രപഞ്ചത്തിലെ എല്ലാ അറിവുകളും വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നാണെന്നാണ് ബിജെപിക്കാർ കരുതുന്നത്. രാജ്യത്തിനു മേൽ ഒരേ ആശയം അടിച്ചേൽപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. എല്ലാ വ്യക്തികൾക്കും അവരുടേതായ അഭിപ്രായം പറയാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശമുണ്ട്. തമിഴ് സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും തമിഴ്‌നാടിന്റെ സംസ്‌കാരത്തെ അടുത്തറിയാൻ താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.