തിരുവനന്തപുരം: മഹേഷ് നാരായൺ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായെത്തിയ മാലിക് എന്ന ചിത്രത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മറവിയുടെ മാറാല പിടിക്കാൻ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീർത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവർക്ക് ഒരിക്കലും ദഹിക്കാത്തതാണെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ബീമാപ്പള്ളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാൻ സംവിധായകൻ കാണിച്ച സൂക്ഷമത പ്രത്യേകം എടുത്ത് പറയേണ്ടതാണെന്ന് രാഹുൽ പറയുന്നു.രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കണം.

ചരിത്രത്തെ ഒറ്റക്കണ്ണിലൂടെ നോക്കുന്ന ചലച്ചിത്രകാരന്മാർ വിതക്കുന്ന വിദ്വേഷ വിത്തുകളിൽ നിന്ന് വിള കൊയ്യുന്നവർ സംഘപരിവാറാണെന്ന് മറക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്

സിനിമയുടെ മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികച്ചു നിൽക്കുന്ന മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണ്. മറവിയുടെ മാറാല പിടിക്കാൻ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീർത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവർക്ക് ഒരിക്കലും ദഹിക്കാത്തതാണ്.

1957 നു ശേഷം കേരളത്തിൽ നടന്ന ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് ബീമാപള്ളിയിലേത്. പക്ഷേ കേരളത്തിൽ രാഷ്ട്രീയ കോളിളക്കങ്ങളോ ചർച്ചകളോ ഇല്ലാതെ കടന്നു പോയ മനുഷ്യാവകാശ ധ്വംസനം കൂടിയാണ് തിരുവനന്തപുരത്തെ ബീമാപള്ളിയിൽ നടന്നതെന്ന വിമർശനം ഇപ്പോഴും സജീവമാണ്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്.
ബീമാപ്പള്ളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാൻ സംവിധായകൻ കാണിച്ച സൂക്ഷമത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണ്.