- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17വർഷം മുമ്പ് രാഹുലിനെ കാണാതാകുന്നത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കവേ; പൊലീസും സിബിഐയും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല; ഒരാൾ കൂട്ടിക്കൊണ്ടുപോയെന്ന മൊഴിയും തുമ്പായില്ല; നാർക്കോ അനാലിസിസ് അടക്കം നടന്ന കേസ്; ഒടുവിൽ മകനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു യാത്രയായി പിതാവും
ആലപ്പുഴ: കേരളത്തിൽ വിവാദമായ തിരോധാനങ്ങളുടെ കൂട്ടിത്തലാണ് ആലപ്പുഴയിൽ നിന്നും 17 വർഷങ്ങൾക്ക് മുമ്പ് കാണാതായ രാഹുൽ എന്ന മൂന്നാം ക്ലാസുകാരന്റെ മിസ്സിങ് കേസും. കേരളാ പൊലീസും സിബിഐയും മാറി മാറി അന്വേഷിച്ചിട്ടും തുമ്പു കിട്ടാത്ത കേസാണിത്. നാർക്കോ അനാലിസിസ് അടക്കമുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ അന്വേഷണം കടന്നുപോയിട്ടും മൂന്നു വയസുകാരനെ മാത്രം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മകന് വേണ്ടി മുട്ടാവുന്ന വാതിലുകൾ എല്ലാം മുട്ടിയിട്ടും അവനെ തിരികെ ലഭിച്ചില്ല. ഇനിയും കാത്തിരിപ്പ് വയ്യെന്ന് പറഞ്ഞാണ് രാഹുലിന്റെ അച്ഛൻ എ കെ രാജു ജീവനൊടുക്കിയിരിക്കുന്നത്. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് രാജു ഭാര്യ മിനിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മിനി അയൽക്കാരെ വിവരം അറിയിച്ചുവെങ്കിലും ഇവർ എത്തിയപ്പോഴേക്കും രാജു തൂങ്ങിമരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ 18 ന് രാഹുലിനെ കാണാതായിട്ട് 17 വർഷം തികഞ്ഞിരുന്നു. മകനെ കുറിച്ചുള്ള ഓർമ്മകൾ അലട്ടിയതാകാം പിതാവ് ജീവനൊടുക്കാൻ കാരണമെന്നാണ് കരുതുന്നത്.
ക്രിക്കറ്റ് മൈതാനത്തു നിന്നും അവൻ മാഞ്ഞതെങ്ങോട്ട്?
കടംകഥ പോലയൊണ രാഹുലിന്റെ തിരോധാനവും. ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മെയ് 18നാണ് കാണാതായത്. കാണാതാകുമ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അവൻ. പഠനത്തിലും പഠനേതര കാര്യങ്ങളിലും മികവു പുലർത്തിയിരുന്ന മിടുക്കനായ വിദ്യാർത്ഥി.
കാണാതാകുന്ന ദിവസം വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുൽ. ഇവിടെ നിന്നാണ് കാണാതായത്. തുടർന്ന് ആലപ്പുഴ പൊലീസ് തിരോധാന കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി. മുത്തച്ഛൻ ശിവരാമ പണിക്കരുടെ പരാതിയിലായിരുന്നു അന്വേഷണം. കുട്ടിക്ക് എന്തെങ്കിലും അപകടം പിണഞ്ഞതാണോ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നത് അടക്കമുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ചിട്ടും അന്വേഷണം എങ്ങുമെത്താതി പോകുകയാണ് ഉണ്ടായത്.
പിന്നീട് ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. ലോക്കൽ പോലസ് അന്വേഷണം പരാജയമായതോടെ കേന്ദ്ര ഏജൻസികൾക്ക് വേണ്ടിയുള്ള മുറവിളികളും ഇതിനിടെ ഉയർന്നിരുന്നു. മുത്തച്ഛൻ ശിവരാമപണിക്കരുടെ പരാതിയെ തുടർന്ന് 2009 ൽ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാൽ സിബിഐക്കും കേസിൽ ഒന്നും കണ്ടെത്താനായില്ല.
രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയൽവാസിയായ ഒരു കുട്ടി രാഹുലിനെ ഒരാൾ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നൽകിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസിൽ സംശയയിക്കപ്പെട്ട രാഹുലിന്റെ അയൽവാസി റോജോയെ നാർക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. രാഹുലിനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ മുത്തച്ഛൻ ശിവരാമ പണിക്കരും മരിച്ചിരുന്നു.
കുഞ്ഞിനെ കാണാതാകുമ്പോൾ വിദേശത്തായിരുന്നു രാജു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടിൽ വന്നതായിരുന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. രാഹുലിനെ കാണാതായ ശേഷം രാജു - മിനി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു.
സോഷ്യൽ മീഡിയ വഴിയും തിരച്ചിൽ
സോഷ്യൽ മീഡിയയുടെ സാധ്യ ഉപയോഗിച്ചു കൊണ്ടും രാഹുലിനായുള്ള തിരച്ചിലുകൾ നടന്നിരുന്നു. എന്നാൽ, രാഹുലിന്റെ പഴയ ചിത്രത്തിനൊപ്പം ഇപ്പോൾ യുവാവ് ആയാൽ എങ്ങനെയിരിക്കും എന്ന ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു അന്വേഷണം നടന്നിരുന്നു. മകന്റെ ഓർമ്മക്കായി പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ചായിരുന്ന അച്ഛനും അമ്മയും കാത്തിരുന്നത്.
കാണാതായിട്ടു വർഷങ്ങൾ ഴിഞ്ഞതിനാൽ രാഹുലിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമോയെന്ന ആശങ്കയിൽ രാഹുൽ ഇപ്പോൾ കാഴ്ചയിൽ എങ്ങനെയായിരിക്കും എന്ന ചിന്തയിൽ ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ച്ചിരുന്നു. ഈ അന്വേഷണവും കാര്യമായി എങ്ങുമെത്തിയില്ല.
ഇതിനിടെ മിനി - രാജു ദമ്പതികളുട രണ്ടാമത്തെ കുഞ്ഞ് ശിവാനി എന്നു പേരുള്ള ഈ പെൺകുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മിനി കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറിൽ ജീവനക്കാരിയാണ്. രാഹുലിനായുള്ള കാത്തിരിപ്പവസാനിപ്പിച്ച് രാജു ജീവിതം അവസാനിക്കുമ്പോൾ തളർന്ന് പോകുന്നത് മിനിയും ശിവാനിയുമാണ്.
മറുനാടന് മലയാളി ബ്യൂറോ