ആലപ്പുഴ: ഏഴാം വയസിൽ ആലപ്പുഴയിലെ ആശ്രാമം വാർഡിൽ നിന്നും കാണാതായ രാഹുലെന്ന കുട്ടിയോട് സാമ്യമുള്ള കുട്ടിയെ മുംബൈയിൽ കണ്ടെന്ന വെളിപ്പെടുത്തലുമായി ആലപ്പുഴയിലെ വീട്ടിലേക്ക് കത്ത്. വസുന്ധരാ ദേവി എന്ന സ്ത്രീയാണ് രാഹുലിന്റെ അമ്മയ്ക്ക് കത്തയച്ചിരിക്കുന്നത്. കുട്ടിയുടെ ഫോട്ടോയും കത്തിനൊപ്പം അയച്ചിട്ടുണ്ട്. കുട്ടിയുടെ പേര് വിനയ് എന്നാണെന്നും കത്തിൽ പറയുന്നുണ്ട്. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാസങ്ങൾക്ക് മുമ്പ് ശിവാജി പാർക്കിൽ വച്ചാണ് വിനയ് എന്ന കുട്ടിയെ കണ്ടത്. ഏഴാം വയസിൽ പത്തനംതിട്ടയിലെ അനാഥാലയത്തിൽ എത്തി, പിതാവിനെ തേടിയാണ് മുംബെയിൽ എത്തിയതെന്നും കുട്ടി വസുന്ധരയോട് പറഞ്ഞതായി കത്തിൽ പറയുന്നു. രാഹുലിന്റ അച്ഛന്റെ മരണവാർത്ത കണ്ടപ്പോഴാണ് ആ കുട്ടിയെ രാഹുലിന് സമാനമാണെന്ന് ഓർത്തതെന്നും വസുന്ധര കത്തിൽ പറഞ്ഞു. കാണാതായ രാഹുലിന്റെ അമ്മ കത്തും ഫോട്ടോയും ആലപ്പുഴ എസ് പിക്ക് കൈമാറിയിട്ടുണ്ട്.

രാഹുലിന്റെ പിതാവ് എ ആർ രാജു ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് രാഹുലിന്റെ തിരോധാനം വീണ്ടും ചർച്ചയായത്. ഈ വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും ഇതോടെയാണ് താൻ കണ്ടത് രാഹുലാണെന്ന് സംശയം തോന്നിയതെന്നും വസുന്ധര ദേവി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 22ന് രാജു ജീവനൊടുക്കിയത് അറിഞ്ഞ് ദുഃഖം രേഖപ്പെടുത്തി മിനിക്ക് അയച്ച കത്തിലാണ് വിവരം പങ്കുവച്ചത്. അന്വേഷണം നടത്താൻ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിർദ്ദേശിച്ചതായും പ്രാഥമിക അന്വേഷണത്തിനു ശേഷമേ മറ്റു കാര്യങ്ങളെക്കുറിച്ച് പറയാൻ കഴിയൂ എന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.

2005 മെയ്‌ 18ന് ആണ് രാഹുലിനെ കാണാതായത്. കാണാതായി മാസങ്ങൾക്കുശേഷം മുംബൈ റെയിൽവേ സ്റ്റേഷനിൽ രാഹുലിനെ കണ്ടതായി മലയാളി അറിയിച്ചതനുസരിച്ച് രാജുവും ബന്ധുവുംകൂടി പോയെങ്കിലും കണ്ടെത്താനായിരുന്നില്ല. വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് എല്ലാവരെയും ബുദ്ധിമുട്ടിക്കേണ്ട എന്നാണ് ആദ്യം കരുതിയത്. എങ്കിലും ഇതു കേട്ടപ്പോൾ സത്യമറിയണമെന്ന് തോന്നിയതുകൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിഎൻഎ ടെസ്റ്റും മറ്റും നടത്തേണ്ടി വന്നാൽ അധികൃതരുടെ സഹായമില്ലാതെ പറ്റില്ലല്ലോയെന്ും രാഹുലിന്റെ മാതാവ് മിനി രാജു പറഞ്ഞു.

ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടി എവിടെ പോയി?

ആശ്രമം വാർഡിലെ വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് എ ആർ രാജുവിന്റെയും മിനിയുടെ മകനായ ഏഴു വയസ്സുകാരൻ രാഹുലിനെ 2005 മെയ്‌ 18നു ദുരൂഹമായി കാണാതായത്. നാടുമുഴുവൻ തിരഞ്ഞിട്ടും രാഹുലിനെ കണ്ടെത്തിയില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം ഫലം കണ്ടില്ല. സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. എന്നാൽ കുടുംബം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഒന്നരപതിറ്റാണ്ടോളം സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല. കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകളും ഒന്നരപതിറ്റാണ്ട് അന്വേഷിച്ചിട്ടും രാഹുലിനെ കാണാമറയത്തുനിന്ന് പുറത്തുകൊണ്ടുവരാനായില്ല.

രാഹുലിന്റെ അച്ഛൻ രാജു. രാഹുലിനെ കാണാതാകുമ്പോൾ രാജു ഗൾഫിലായിരുന്നു. 19 മാസമാണ് കേരളാ പൊലീസ് അന്വേഷിച്ചത്. അയൽവാസികളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തു. രാഹുലിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിലേക്ക് തള്ളിയതായി സമ്മതിച്ച അയൽവാസിയായ മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി.സിബിഐയും പൊലീസിന്റെ വഴിയെയാണ് നീങ്ങിയത്. അയൽക്കാർ ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തു. 2006 ഫെബ്രുവരിയിൽ, അയൽവാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും കണ്ടെത്തിയില്ല.

ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഫലമില്ലാതായതോടെ 2013ൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചു. ഇതു ചോദ്യം ചെയ്തു ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന വാദത്തിൽ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാൻ കോടതി നിർദ്ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ൽ കോടതിക്കു റിപ്പോർട്ട് നൽകിയപ്പോൾ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു. ഇനി ഒന്നും ചെയ്യാനില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.

എങ്കിലും ഒരു നാൾ രാഹുൽ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു. രാഹുലിനെ കാണാതാകുമ്പോൾ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം മാനസികമായി തകർത്തു. കണ്ണടയ്ക്കും മുമ്പ് മകനെ അവസാനമായി കാണണമെന്ന ആഗ്രഹം ബാക്കിയാണ് രാജു മടങ്ങിയത്. അടുത്തിടെയാണ് രാഹുലിന്റെ പിതാവ് രാജുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകൾ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിൽ പോയിരുന്നു. ഇവർ തിരിച്ചെത്തി വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല. സമീപത്തെ വീട്ടിൽനിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.