ആലപ്പുഴ : രാഹുൽ ഉണ്ടായിരുന്നുവെങ്കിൽ അവന് ഇപ്പോൾ വയസ് 20 ആയേനെ... കണ്ണീർ ധാരധാരയായി ഒഴുകുമ്പോഴും ദുഃഖം ഉള്ളിലൊതുക്കി ആ മാതാവ് വിതുമ്പി... തന്റെ മകൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാൽ മതിയായിരുന്നു.

ചേട്ടൻ എന്നെങ്കിലും തിരിച്ചു വരുമെന്ന് കരുതി പ്രതീക്ഷയോടെ ഇരിക്കുന്ന കുഞ്ഞനുജത്തി ശിവാനി, പൊന്നുമോന്റെ തിരോധാനത്തിനു ശേഷം വിദേശത്തുനിന്നും മടങ്ങിവന്ന പിതാവ് രാജു മകൻ മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിടാതെ വീണ്ടും കുടുംബത്തിന്റെ പട്ടിണിയകറ്റാൻ വിദേശത്തേക്ക് പോയി. വരുന്ന 18 ആകുമ്പോഴേക്കും രാഹുലെന്ന അന്നത്തെ ബാലന് 20 വയസ് തികയും.

സംസ്ഥാനത്തെ പിടിച്ചുകുലിക്കിയ രാഹുൽ തിരോധാന കേസിന് വയസ് പന്ത്രണ്ടായി ഇപ്പോൾ. ഏഴര വയസിൽ വീടിന് സമീപത്തിനിന്നും അപ്രത്യക്ഷനായ രാഹുലെന്ന ബാലനെ കുറിച്ച് പൊലീസിനോ ക്രൈംബ്രാഞ്ചിനോ സി ബി ഐയ്ക്കോ ഒന്നുംപറയാനില്ല. തലനാരിഴ കീറി വിവിധ അന്വേഷണ ഏജൻസികൾ പരിശോധിച്ചെങ്കിലും രാഹുലിനെ കുറിച്ച് യാതൊരു വിവരം ആർക്കും ലഭിച്ചില്ല. 2005 മെയ് 18ന് ആണ് ആലപ്പുഴ നഗരസഭയിലെ കാളാത്ത് വാർഡിൽ രാഹുൽ നിവാസിൽ മിനി - രാജു ദമ്പതികളുടെ ഏക പുത്രനായ രാഹുൽ (7.5) അപ്രത്യക്ഷനായത്. വീടിന് സമീപത്ത് മറ്റു കുട്ടികളുമായി കളിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് രാഹുലിനെ പെട്ടന്ന് കാണാതായത്.

വീട്ടുകാരും നാട്ടുക്കാരും ഒരുപോലെ അന്വേഷിച്ച് നടന്നെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് ആലപ്പുഴ നോർത്ത് പൊലീസ് കേസ് ഏറ്റെടുത്ത് മുക്കിലും മൂലയിലും അരിച്ചുപൊറുക്കി. യാതൊന്നും കണ്ടെത്താൻ കഴിയാതെ പൊലീസ് മടങ്ങിയതോടെ അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപം ഉയർന്നുതുടങ്ങി.

വിവാദം കനത്തപ്പോൾ സർക്കാർ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നാട്ടുക്കാർക്ക് ഏറെ പ്രതീക്ഷ നൽകി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണവും എവിടെയും എത്തിയില്ല. പ്രത്യേക സാഹചര്യങ്ങളൊന്നുമില്ലാതെ കുട്ടി അപ്രത്യക്ഷനായതിനെ കുറിച്ച് യാതൊന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെ വീട്ടുക്കാർ കോടതിയെ സമീപിച്ചു.

ഒടുവിൽ വീണ്ടും പ്രതീക്ഷയുടെ ചിറകുവെച്ച് കേസ് സി ബി ഐയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവായി. ആദ്യം 292-2005 എന്ന നമ്പരിൽ ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി ബി ഐയിലേക്ക് മാറ്റിയെപ്പോൾ ആർ സി 1 (s) 2006-cbi-spv-mum-che എന്നായി പുനക്രമീകരിച്ചു. എന്നാൽ കാടിളക്കി വന്ന സി ബി ഐയ്ക്കും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മലപോലെ വന്നത് എലി പോലെ പോയെന്ന നാട്ടുവർത്താമാനത്തെ അന്വർത്ഥമാക്കി സി ബി ഐയും മടങ്ങി. ഒടുവിൽ കേസും കെട്ടിപൂട്ടി. പ്രദേശവാസിയായ റോജോ എന്ന

ചെറുപ്പക്കാരനെ നുണപരിശോധന നടത്തി പ്രതിഷേധം നേടിയതല്ലാതെ അന്വേഷണ സംഘത്തിന് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല. റോജോ അന്വേഷണസംഘത്തിനു മുന്നിൽ താൻ കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് തൊട്ടടുത്ത വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്ന് മൊഴിനൽകിയതാണ് അന്വേഷണം റോജോയിലേക്ക് തിരിയാനിടയായത്. അതേസമയം രാഹുലിന്റെ അമ്മ മിനി ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു തന്റെ മകനെ ആയൽവാസിയായ സിയാദ് കടത്തിക്കൊണ്ടു പോയതാണെന്ന്.

ബോംബയിൽ ഡ്രൈവറായിരുന്ന സിയാദിന്റെ മകൻ ജിനു രാഹുലിന്റെ അടുത്ത കൂട്ടുകാരനായിരുന്നു. ജിനുവിന്റെ കൈയിൽ ധാരാളം വാഹനങ്ങളുടെ ടയർ ഉണ്ടായിരുന്നു. ടയർ ഉരുട്ടികളിക്കുന്നതിൽ ഹരം കണ്ടെത്തിയ രാഹുൽ ജിനുവിന്റെ വീട്ടിൽനിന്നും ഒഴിഞ്ഞുനിന്നിരുന്നില്ല. ഓടിത്തളരുമ്പോൾ വഴിവക്കിലെ പൊതുടാപ്പിൽനിന്നും വെള്ളം കുടിച്ച് വീണ്ടും ടയർ ഉരുട്ടി കളിക്കലായിരുന്നു രാഹുലിന്റെ പതിവ്.

ഇങ്ങനെ ടയർ ഉരുട്ടി കളിക്കുന്നതിനിടയിലാണ് രാഹുലിനെ പെട്ടെന്ന് കാണാതായത്. ഇക്കാര്യം പലതവണ അന്വേഷണ സംഘത്തോട് പറഞ്ഞിട്ട് ആരും മുഖവിലയ്ക്കെടുത്തില്ലെന്ന് മിനി പറഞ്ഞു. പകരം അയൽവാസിയായ യുവാവിന്റെ പേരിനൊപ്പം ചേർത്ത് തന്നെ അപമാനിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചതെന്നും മിനി പറഞ്ഞു.

സി ബി ഐ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ കുട്ടികളെ വിളിച്ച് വിവരങ്ങൾ തിരക്കിയപ്പോൾ സിയാദ് തന്റെ മകനെ മാത്രം സി ബി ഐയ്ക്കുമുന്നിൽ കൊണ്ടുവരാൻ വിസ്സമ്മതിച്ചു. പിന്നീട് ഇയാൾ വേഗം പ്രദേശത്തുനിന്നും വീട് മാറി പോകുകയായിരുന്നു. പിന്നീട് സിയാദ് ആലപ്പുഴ കല്ലുപാലത്തിനു സമീപം ഓട്ടോ ഡ്രൈവറായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്ത് കല്ലുപാലം മേൽവിലാസത്തിൽ തനിക്ക് ഒരു ഊമക്കത്ത് വന്നിരുന്നു.

അഞ്ചുലക്ഷം രൂപ കല്ലുപാലത്തിന് സമീപം എത്തിച്ചാൽ കുട്ടിയെ തിരിച്ചുനൽകാമെന്നായിരുന്നു ഉള്ളടക്കം. ഇതും മിനിയുടെ സംശയം വർദ്ധിക്കാൻ ഇടയാക്കി. ഇപ്പോൾ രാഹുലിന്റെ ഉറ്റ കൂട്ടുകാരനായ ജിനു കഞ്ചാവ് കേസിൽപ്പെട്ട് ജയിലിലാണ്. സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ തന്റെ മകന്റെ തിരോധാനത്തിനു പിന്നിൽ സിയാദാണെന്ന് മിനി തറപ്പിച്ചു പറയുന്നു. ഇനിയും അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ഈ കുടുംബം ഉന്നയിക്കുന്നത്.