ന്യൂഡൽഹി: ഗുജറാത്തിൽ ബിജെപിക്ക് എതിരെ അന്തസ്സുറ്റ പോരാട്ടം കോൺഗ്രസ് കാഴ്ചവച്ചെന്നും എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. തനിക്കു നൽകിയ പിന്തുണയ്ക്കും സ്‌നേഹത്തിനും ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളോട് രാഹുൽ നന്ദി പറഞ്ഞു

കോൺഗ്രസിലെ സഹോദരന്മാരും സഹോദരിമാരും എന്നെ അഭിമാനിയാക്കി. മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി അന്തസ്സോടെയും വീറോടെയുമാണ് നമ്മൾ മത്സരിച്ചത്. മനോബലവും മാന്യതയുമാണു കോൺഗ്രസിന്റെ ഏറ്റവും വലിയ കരുത്തെന്ന് എല്ലാവർക്കും നിങ്ങൾ കാണിച്ചുകൊടുത്തു' രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ഗുജറാത്തിൽ ധാർമിക ജയം നേടിയെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. രാഹുൽ നടത്തിയ പ്രചാരണം ഫലം കണ്ടു. സ്വന്തം നാട്ടിൽ 100 സീറ്റ് നേടാൻ നരേന്ദ്ര മോദിയും അമിത് ഷായും പാടുപെട്ടെന്നു ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു.

ഗുജറാത്തിൽ ശക്തമായ വേരോട്ടമുള്ള ബിജെപിയെ വിറപ്പിച്ചാണ് കോൺഗ്രസ് പരാജയം രുചിച്ചത്. ഒരു ഘട്ടത്തിൽ മുൻപന്തിയിൽ നിന്ന കോൺഗ്രസ് വിജയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. അതേസമയം, ഹിമാചലിൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ പരാജയത്തിലേക്കായിരുന്നു കോൺഗ്രസിന്റെ യാത്ര. അന്തിമ റിപ്പോർട്ടുകൾ പ്രകാരം കോൺഗ്രസ് കഴിഞ്ഞ തവണത്തെ 61ൽ നിന്് എൺപതു സീറ്റാക്കി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.