തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ തങ്ങളെ കുടുക്കിയതാണെന്ന് അറസ്റ്റിലായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും. ഭരണത്തിലിരിക്കുന്നവരാണ് തന്നെ കുടുക്കിയത്്. ഇന്നോ നാളെയോ കൊണ്ട് ലോകം അവസാനിക്കുന്നില്ല. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും രാഹുൽ പശുപാലൻ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഇരുവരുടേയും പ്രതികരണം. അതേസമയം, ജാമ്യം കിട്ടിയാൽ എല്ലാം തുറന്നുപറയുമെന്ന് ഒന്നാം പ്രതി അബ്ദുൽ ഖാദർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം

രാഹുൽ പശുപാലനെയും 12 പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. രാഹുലിനെയും ആറു പേരെയും ഏഴു ദിവസത്തേക്കും മറ്റുള്ളവരെ നാലു ദിവസത്തേക്കുമാണ് കസ്റ്റഡിയിൽ വിട്ടത്.

അതേസമയം ഓൺലൈൻ ലൈംഗിക വ്യാപാരത്തിന്റെ മറവിൽ നടന്നത് മനുഷ്യക്കടത്താണെന്ന് പൊലീസ് വ്യക്തമാക്കി. രാഹുൽ പശുപാലൻ ഉൾപ്പെടെയുള്ളവരുടെ മുംബൈ ബന്ധം അന്വേഷിക്കണം. ആവശ്യമെങ്കിൽ പ്രതികളെ മുംബൈയിൽ കൊണ്ടുപോയി തെളിവെടുക്കക്കണം. പ്രതികളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും അന്വേഷിക്കണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കൂടുതൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇതും വ്യക്തമായി അന്വേഷിക്കണമെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്‌ച്ചയാണ് ചുംബനസമരത്തിലൂടെ പ്രശസ്തനായ രാഹുൽ പശുപാലനെയും ഭാര്യ രശ്മി ആർ. നായരെയും പൊലീസ് പിടികൂടിയത്. ഇവരടക്കം 12 പേരെയാണ് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടത്തികൊണ്ടുവന്നതുൾപ്പെടെയുള്ള കേസുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ഓൺലൈൻ പെൺവാണിഭത്തിന് നേതൃത്വം കൊടുത്തിരുന്ന മുഖ്യ ഇടനിലക്കാരായ ജോഷി, മകൻ ജോയ്‌സ്, മകന്റെ സുഹൃത്ത് എന്നിവരെയും ഇന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പറവൂർ പെൺവാണിഭക്കേസിൽ അഞ്ചാംപ്രതിയായ ജോഷി മറ്റ് പെൺവാണിഭക്കേസുകളിലും ഇടനിലക്കാരനായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കേരളത്തിനു പുറമെ ബാംഗളൂരു, ഡൽഹി എന്നിവിടങ്ങളിലെ പെൺവാണിഭ സംഘങ്ങളുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

പറവൂർ കേസിൽ 90 ദിവസത്തെ ജയിൽശിക്ഷയ്ക്കുശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടുമൊരു പീഡനക്കേസിൽ കൂടി പ്രതിയായിരുന്നു. പറവൂർ കേസിലെ വിചാരണയ്ക്കായി കഴിഞ്ഞാഴ്ചയും കോടതിയിൽ എത്തിയ ഇയാൾ രാഹുൽ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതോടെ ഒളിവിൽ പോവുകായിരുന്നു. ജോഷിയുടെ സഹായത്തോടെയാണ് രാഹുൽ പശുപാലൻ പെൺകുട്ടികളെ കണ്ടെത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ജോഷി ഉൾപ്പെടെ പിടികൂടിയവരെ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തിക്കും.