തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവമായ പുരോഗമന ആശയ ചിന്താഗതിയുള്ള വ്യക്തിത്വമായിരുന്നു ഇന്നലെ വരെ രാഹുൽ പശുപാലൻ എന്ന യുവാവ്. ചുംബന സമരത്തിന്റെ അമരക്കാരൻ എന്ന നിലയിലാണ് കേരളത്തിൽ അദ്ദേഹം ശ്രദ്ധ നേടിയത്. ഇതിന് ശേഷം രാഹുലിന്റെ ഓരോ ഫേസ്‌ബുക്ക് പോസ്റ്റുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. ഇങ്ങനെയുള്ള വ്യക്തിത്വമാണ് ഓൺലൈൻ പെൺവാണിഭ കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

കേരളത്തിലെ കപടസദാചാര വാദികൾക്കെതിരായ പോരാട്ടം എന്ന രീതിയിലായിരുന്നു ചുംബന സമരം ശ്രദ്ധിക്കപ്പെട്ടത്. അതിന്റെ അമരക്കാരായ യുവാക്കളുടെ കൂട്ടത്തിൽ ഒന്നാനമായിരു്ന്നു രാഹുൽ പശുപാലൻ. ചുംബന സമരവും അതിന് ലഭിച്ച പൊതുജന പിന്തുണയും കൂടിയായപ്പോൾ ബിബിസിയിൽ പോലും രാഹുലിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ലോകം അംഗീകരിച്ച സമരമായിരുന്നെങ്കിലും ഇതിന്റെ പേരിൽ രാഹുൽ കടുത്ത വിമർശനും കേൾക്കേണ്ടി വന്നിരുന്നു.

സദാചാരഗുണ്ടായിസത്തിനെതിരെ ചുംബിച്ചുകൊണ്ട് പ്രതികരിക്കാനുള്ള ആഹ്വാനം പലർക്കും ദഹിച്ചില്ല. സമരവിരുദ്ധരുടെ കടന്നുകയറ്റത്തിൽ കൊച്ചി മറൈൻ ഡ്രൈവ് കലുഷിതമായി. കിസ് ഓഫ് ലവ് എന്ന ഫെയ്്‌സ് ബുക്ക് പേജിലൂടെ സമരത്തിന്റെ ആശയം പ്രചരിപ്പിച്ചു. വിമർശകരെ പതറാതെ നേരിട്ടു രാഹുൽ. ചുംബനസമരം രാജ്യവ്യാപകമായി ചലനം സൃഷ്ടിച്ചു. ഹൈദരബാദ്, ഡൽഹി, ചെന്നൈ.യുവാക്കളും വിദ്യാർത്ഥികളും സദാചാരപീഡനങ്ങൾക്കെതിരെ പുതിയ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. പുതുതലമുറയുടെ പ്രതികരണശേഷിയുടെയും പുതിയ സ്വാതന്ത്ര്യബോധത്തിന്റെയും പ്രതിനിധിയായാണ് രാഹുൽ പശുപാലൻ അന്ന് വാർത്തകളിൽ ഇടംപിടിച്ചത്.

കൊല്ലം നെടുമ്പന സ്വദേശിയായ രാഹുൽ പശുപാലൻ. 30 വയസുകാരനായ രാഹുലിന്റെ ഭാര്യയാണ് രശ്മി ആർ നായർ. മറ്റ് മലയാളി പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി ബോൾഡായി പ്രത്യക്ഷപ്പെട്ട രശ്മിക്ക് എല്ലാ പ്ിന്തുണയു നൽകിയത് ഭർത്താവ് രാഹുൽ ആയിരുന്നു. സിനിമാ മോഹമുള്ള യുവാവ് കൂടിയായിരുന്നു രാഹുൽ. അതുകൊണ്ട് തന്നെയാണ് പ്ലിങ് എന്ന സിനിമ അനൗൺസ് ചെയ്തതും. ഈ സിനിയുടെ തിരക്കഥ രശ്മി ആർ നായർ ആയിരുന്നു. ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള ചിത്രമാണ് പ്ലിങ് എന്ന് രാഹുൽ പശുപാലൻ വ്യക്തമാക്കിയിരുന്നത്.

ഒരുപാട് ഷോർട്ട് ഫിലിമുകളും മറ്റും എടുത്തിട്ടുണ്ട് രാഹുൽ പശുപാലൻ. കിസ്സ് ഓഫ് ലവ് കഴിഞ്ഞിട്ടും ചില്ലറ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലും ആയിട്ടുണ്ട്. അമൃതാനന്ദ മയിക്കെതിരെയും അഭിഭാഷകയായ രാജേശ്വരിക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയും രാഹുൽ വിവാദത്തിലായി. ഇതിനിടെ രാഹുലിന് എതിരെ ഒരു അഭിഭാഷിക പരാതിയും നൽകുകയുണ്ടായി.

രാഹുൽ പശുപാലൻ തനിക്കെതിരെ ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ പ്രചരണം നടത്തിയെന്ന എറണാകുളം സ്വദേശിനി അഡ്വ. രാജേശ്വരി നൽകിയ പരാതിയിൽ രാഹുലിനെ അറസ്റ്റു ചെയ്ത് വിട്ടയയക്കുകയും ചെയത്ു. രാഹുൽ തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രം അനുമതിയില്ലാതെ എടുക്കുകയും തുടർന്ന് അത് ഉപയോഗിച്ച് അപകീർത്തികരമായി ഫേസ്‌ബുക്കിലൂടെ പ്രചരണം നടത്തിയെന്നുമായിന്നു അഭിഭാഷകയുടെ പരാതി.

രാജേശ്വരി പങ്കാളിയായ മംഗൾമൂവീസിന്റെ ബാനറിൽ ഒരു സിനിമയെടുക്കാൻ തീരുമാനിച്ചിരുന്നു. തന്നെയാണ് സംവിധായകനായി നിശ്ചയിച്ചിരുന്നത്. ഇതേ തുടർന്ന് താനു സുഹൃത്തുക്കളും ചേർന്ന് അനുബന്ധ ജോലികളും പൂർത്തിയാക്കിയെങ്കിലും നിർമ്മാതാക്കളുടെ പിടിപ്പുകേടിനെത്തുടർന്ന് ചിത്രം മുടങ്ങി. തുടർന്ന് നല്ല ഉദ്ദേശത്തോടുകൂടിയല്ല ഇവർ സിനിമ എടുക്കുന്നതെന്നും അതിനുപിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും കാട്ടിയാണ് രാഹുൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാജേശ്വരി പരാതി നൽകിയത്. അതേസമയം, രാഹുലിന്റെ ആരോപണങ്ങൾ രാജേശ്വരി നിഷേധിക്കുകയുമുണ്ടായി. ഇത് വാർത്തകളിലും ഇടം പിടിച്ചിരുന്നു.

സംഘപരിവാർ സംഘടകളെ അടക്കം സോഷ്യൽ മീഡിയയിലൂടെ നിശിദമായി വിമർശിച്ച വ്യക്തി കൂടിയായിരുന്നു രാഹുൽ പശുപാലൻ. ഭരിക്കുന്നവരുടെ പിടിപ്പുകേടുകളെയും ഫേസ്‌ബുക്കിലൂടെ ശക്തമായി വിർശിച്ചിരുന്നു. കെ എം മാണിയുടെ അഴിമതി കേസിൽ അടക്കം രാഹുൽ പ്രതികരിക്കുകയുണ്ടായി. ഫോട്ടോഗ്രാഫർ എന്ന നിലയിലും ശ്രദ്ധേയനായി വ്യക്തിയായിരുന്നു രാഹുൽ. ചുംബന സമരത്തിലെ നായകൻ എന്ന നിലയിൽ മലയാള മനോരമ ചാനലിന്റെ ന്യൂസ് മേക്കർ പുരസ്‌ക്കാരത്തിന്റെ പട്ടികയിലും ഇടം പിടിച്ചിരുന്നു രാഹുൽ. ചാനലുകളിൽ സദാചാര പ്രശ്‌നങ്ങളിൽ ചർച്ച ചെയ്യാൻ കൂടി എത്തിയിരുന്നു രാഹുൽ. അതുകൊണ്ട് തന്നെ പെൺവാണിഭ കേസിൽ അറസ്റ്റു ചെയ്തു എന്ന വിവരം പുറത്തുവന്നതോടെ പൊതുവിൽ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾക്ക് ഞെട്ടൽ ഉണ്ടായിട്ടുണ്ട്.

ഭരണകൂടത്തിന്റെ നോട്ടപ്പുള്ളു കൂടിയായ രാഹുലിനെ പെടുത്തിയതാണോ എന്ന ചോദ്യം ഉന്നയിക്കുമ്പോൾ തന്നെ സാമൂഹിക മുന്നേറ്റങ്ങളെ തടയുന്ന വിധത്തിലായിപോയി രാഹുലിന്റെ അറസ്‌റ്റെന്ന് പൊതുവിലയിരുത്തൽ നടത്തുന്നവരുമുണ്ട്. പൊലീസ് പറയുന്ന വാദമുഖങ്ങൾക്ക് അപ്പുറം രാഹുൽ പശുപാലന് എന്താണ് പറയാനുള്ളത് എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ കാതോർക്കുന്നത്.