- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേഠിയിലെ ജനമനസ്സിൽ എനിക്ക് സ്ഥാനമുണ്ട്; യുപിയിൽ തെരഞ്ഞെടുപ്പു ചൂട് മുറുകവേ രാഹുൽ ഗാന്ധി പ്രിയങ്കക്കൊപ്പം അമേഠിയിൽ; ഹിന്ദുത്വവാദികൾ അധികാരത്തിൽ പിടിച്ചുതൂങ്ങാൻ നുണകൾ പറയുന്നെന്ന് വിമർശനം; യോഗിയെയും വികസനത്തെയും ഉയർത്തിക്കാട്ടി അധികാരം ഉറപ്പിക്കാൻ മോദിയുടെ തന്ത്രങ്ങളും
ന്യൂഡൽഹി: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു ചൂടു മുറുകവേ രാഹുൽ ഗാന്ധി വീണ്ടും തന്റെ മുൻ മണ്ഡലമായ അമേഠിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽ സ്വന്തം മണ്ഡലത്തിൽ എത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തെ കടന്നാക്രമിച്ചു കൊണ്ടാണ് രാഹുൽ രംഗത്തുവന്നത്. അമേഠിയിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു.
'2019ൽ അമേഠിയിൽ പരാജയപ്പെട്ടശേഷം ഇതു രണ്ടാം തവണയാണ് ഇവിടെ എത്തിയത്. എല്ലാ തെരുവുകളും മുൻപത്തേതു പോലെതന്നെ കാണപ്പെടുന്നു. അമേഠിയിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ജനങ്ങളുടെ കണ്ണിൽ സർക്കാരിനെതിരായ രോഷം കാണപ്പെടുന്നു. അത് മാത്രമാണ് ഇവിടെയുള്ള മാറ്റം'- പ്രിയങ്ക ഗാന്ധിക്കൊപ്പം അമേഠിയിലെ മാർച്ചിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
'ജനമനസ്സുകളിൽ എനിക്കിന്നും സ്ഥാനമുണ്ട്. നമ്മൾ എല്ലാവരും അനീതിക്കെതിരെ ഉറച്ചു നിൽക്കുന്ന ആളുകളാണ്. 2004ലാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത് അമേഠിയിലാണ്. ജനങ്ങൾ ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങളാണ് എന്റെ രാഷ്ട്രീയപാത തെളിച്ചു തന്നത്, എല്ലാവരോടും നന്ദി പറയുന്നു'- രാഹുൽ കൂട്ടിച്ചേർത്തു.
'കുറച്ചു ദിവസം മുൻപ് ഗംഗാ നദിയിൽ നമ്മുടെ പ്രധാനമന്ത്രി സ്നാനം ചെയ്യുന്ന കാഴ്ച കണ്ടു. പക്ഷേ യുപി മുഖ്യമന്ത്രിയോ ഇന്ത്യൻ പ്രധാനമന്ത്രിയോ തൊഴിലില്ലായ്മയെ പറ്റിയോ നാണ്യപ്പെരുപ്പത്തെ പറ്റിയോ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകില്ല. നോട്ടു നിരോധനവും ജിഎസ്ടിയും കോവിഡ് മഹാമാരിയും രാജ്യത്തെ മധ്യവർഗത്തിന്റെയും പാവപ്പെട്ടവരുടെയും ജീവിതം തളർത്തിയിരിക്കുകയാണ്. ജീവിതകാലം മുഴുവൻ സത്യത്തിന്റെ പാതയിൽ നടക്കുന്ന വ്യക്തിയാണ് ഹിന്ദു. അയാൾ ഭയത്തിനു കീഴടങ്ങില്ല, തന്റെ ഭയത്തെ വെറുപ്പോ കോപമോ ആയി മാറ്റിയെടുക്കുകയുമില്ല. പക്ഷേ ഒരു ഹിന്ദുത്വവാദി അധികാരത്തിൽ പിടിച്ചുതൂങ്ങാൻ നുണകൾ പറയുന്നു. ഹിന്ദുവിന്റെ പാത സത്യഗ്രഹമാണെന്നാണ് മുൻപ് മഹാത്മാ ഗാന്ധിജി പറഞ്ഞത്'- രാഹുൽ ചൂണ്ടിക്കാട്ടി.
ഇപ്പോൾ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. ഹിന്ദുക്കൾ സത്യാഗ്രഹത്തിൽ വിശ്വസിക്കുന്നു. എന്നാൽ ഹിന്ദുത്വവാദികൾ സാത്താഗ്രാഹ്(രാഷ്ട്രീയ അത്യാഗ്രഹം)ത്തിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഹിന്ദു എന്നതിന്റെ അർഥം നിങ്ങൾക്ക് പറഞ്ഞു തരാം. സത്യത്തിന്റെ പാത മാത്രം പിന്തുടരുന്നയാൾ, ഭയത്തിന് കീഴടങ്ങാത്തയാൾ, ഭയത്തെ അക്രമവും വെറുപ്പും ദേഷ്യവുമാക്കി മാറ്റത്തവർ എന്നിവരാണ് ഹിന്ദുക്കളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുലും പ്രിയങ്കയും ഒരു വശത്ത് യുപിയിൽ തുടർച്ചയായി സന്ദർശിക്കുമ്പോൾ മറുവശത്ത് നരേന്ദ്ര മോദിയും കൃത്യമായി തുടർഭരണം നേടുന്നതിനുള്ള തന്ത്രങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. യുപിയിൽ പുതിയ സമവാക്യങ്ങളുമായാണ് ഇക്കുറി മോദി കളത്തിൽ ഇറങ്ങിയിരിക്കുന്നത്. 36,230 കോടി രൂപയുടെ ഗംഗാ എക്സ്പ്രസ് വേ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങാണ് പൂർണമായും 'വോട്ടുപിടുത്ത'മാക്കി മാറ്റിയത്. വികസന പദ്ധതികളെല്ലാം മോദിയാണ് നിറയുന്നത്. യുപിയുടെ മുഖ്യമന്ത്രിയായി യോഗിയെ തുടരാൻ അനുവദിക്കണമെന്നും മോദി വ്യക്തമാക്കുന്നു.
യുപി + യോഗി =ബഹുത് ഹേ ഉപയോഗി എന്നാണ് ഇന്ന് ഉത്തർപ്രദേശിൽ മുഴങ്ങി കേൾക്കുന്നതെന്ന് മോദി പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിയായിരുന്നു സംസാരം. ഇന്ന് ബുൾഡോസറുകൾ മാഫിയകളെയും അനധികൃത നിർമ്മാണം തകർക്കുന്നു. അവരെ വളർത്തിയവർക്കാണ് ഇപ്പോൾ വേദന. ജനങ്ങൾ യുപി + യോഗി =ബഹുത് ഹേ ഉപയോഗി എന്നാണ് പറയുന്നത് -മോദി പറഞ്ഞു.
യാദവരുടെ ശക്തികേന്ദ്രമായ മെയിൻപുരി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സഹായികൾക്കെതിരെ റെയ്ഡ് നടത്തിയ ദിവസമാണ് മോദി പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. അതേസമയം, കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. 'നേരത്തെ ജനങ്ങളുടെ പണം എങ്ങനെ ഉപയോഗിച്ചു, ഏത് രീതിയിലാണ് നിങ്ങൾ അത് കണ്ടത്.. എന്നാൽ ഇന്ന് യു.പിയിലെ പണം വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. നേരത്തെ ഈ പദ്ധതികൾ കടലാസിൽ തുടങ്ങിയത് അവർക്ക് അവരുടെ പണം നിറയ്ക്കാൻ വേണ്ടിയാണ്. ഇന്ന് ഈ പദ്ധതികൾ നിങ്ങളുടെ പണം ലാഭിക്കുകയും നിങ്ങളുടെ പോക്കറ്റിൽ ഉണ്ടെന്നും ഉറപ്പാക്കുന്നു,' പ്രധാനമന്ത്രി മോദി പറഞ്ഞു.
മറുനാടന് ഡെസ്ക്