അംബികാപൂർ: റാഫേൽ യുദ്ധവിമാന കരാർ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മോദിക്ക് കഴിയുമോ എന്ന ചോദ്യമാണ് കോൺഗ്രസ് അധ്യക്ഷൻ ഉന്നയിച്ചത്. പ്രധാനമന്ത്രിയെ 15 മിനിട്ട് സംവാദത്തിന് താൻ വെല്ലുവിളിക്കുകയാണ്. അതിനായി ഏതിടത്തും ഏതു സമയത്തും എത്താൻ തയ്യാറാണ്. അനിൽ അംബാനിയെയും എച്ച്എഎലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

റാഫേൽ ഇടപാടിൽ നടപടിക്രമങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. രാത്രി രണ്ട് മണിക്കാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ മോദിക്ക് സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുൽ മോദിയെ വെല്ലുവിളിച്ചത്. 15 വർഷമായി ഛത്തീസ്‌ഗഡ് ഭരിക്കുന്ന ബിജെപി സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടുവെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സർക്കാർ ഒഴിവുകൾ പൂർണമായും നികത്തും. ജോലി പുറംകരാർ നൽകുന്നത് നിർത്തലാക്കും. അധികാരത്തിലെത്തിയാൽ വന്നാൽ സർക്കാർ ഒഴിവുകൾ പൂർണമായും നികത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മോദിയുടെ സുഹൃത്തുക്കളായ ചില ബിസിനസുകാർക്കു മാത്രമാണ് നോട്ടുനിരോധനം കൊണ്ടു ഗുണമുണ്ടായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ' പതിനഞ്ചുവർഷമായി രമൺ സിങ് അധികാരത്തിലുണ്ട്. കേന്ദ്രത്തിൽ മോദി സർക്കാർ നാലരവർഷം പൂർത്തിയാക്കി. എന്നാൽ യുവാക്കൾക്ക് തൊഴിലവസരമുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ ഇരു സർക്കാറുകളും പരാജയപ്പെട്ടിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.

ഛത്തീസ്‌ഗഢിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സർക്കാർ ജോലിയിലെ ഒഴിവുകൾ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തി പത്തുദിവസത്തിനുള്ളിൽ കോൺഗ്രസ് കർഷകരുടെ കടം എഴുതി തള്ളുമെന്നും അദ്ദേഹം പറഞ്ഞു.