- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലിയിൽ കുറ്റപത്രം ഇനിയുമായില്ല; രാഹുൽ ആർ നായരെ തിരിച്ചെടുക്കാൻ നിർദ്ദേശം; സർക്കാരിന് ശുപാർശ നൽകിയത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ ഉന്നതതല സമിതി
തിരുവനന്തപുരം: ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സസ്‌പെന്റ് ചെയ്ത രാഹുൽ ആർ നായരെ സർവ്വീസിൽ തിരിച്ചെടുക്കും. സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത് ആറ് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ജിജി തോംസൺ, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ബാലസുബ്രഹ്മണ്യം എന്നിവരടങ്ങിയ ഉന്നതതല സമിതിയ
തിരുവനന്തപുരം: ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സസ്‌പെന്റ് ചെയ്ത രാഹുൽ ആർ നായരെ സർവ്വീസിൽ തിരിച്ചെടുക്കും. സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത് ആറ് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ജിജി തോംസൺ, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ബാലസുബ്രഹ്മണ്യം എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് ഇതിനുള്ള ശുപാർശ സർക്കാരിന് നൽകിയത്. ആറുമാസമായിട്ടും കുറ്റപത്രം തയ്യാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്. ഇനി വിചാരണ കഴിഞ്ഞ് കോടതി വിധി വരെ രാഹുലിന് സർവ്വീസിൽ തുടരാനാകും. കോടതി വിധി എതിരായാൽ മാത്രമേ ഇനി സർവ്വീസിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടാകൂ.
2014 നവംബർ 17നാണ് രാഹുൽ ആർ നായരെ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. നാളെ സസ്‌പെൻഷൻ കാലവധിക്ക് ആറു മാസം പൂർത്തിയാകും. വിജിലൻസിനോടും തിരിച്ചടെുക്കുന്നതിൽ ഉന്നതതല സമിതി ശുപാർശ തേടി. രാഹുലിനെതിരായ അന്വേഷണം അവസാന ഘട്ടത്തിലായതിനാൽ തിരിച്ചെടുക്കുന്നതിൽ വിജിലൻസും എതിർപ്പ് പ്രകടിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ രാഹുലിന്റെ നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും. എന്നാൽ ക്രമസമാധാന ചുമതല ഉടൻ നൽകില്ല. അന്വേഷണത്തിൽ കുറ്റവിമുക്തനായാൽ മാത്രമേ ക്രമസമാധാന ചുമതല രാഹുലിന് മടക്കി നൽകൂ.
മലപ്പുറം എം.എസ്‌പി കമാണ്ടന്റായിരിക്കെയാണ് രാഹുൽ ആർ നായരെ സസ്‌പെൻഡു ചെയ്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സമയത്ത് ക്വാറി ഉടമകളിൽ നിന്നും 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്നാണ് സസ്‌പെൻഡു ചെയ്തത്. രാഹുലിനെതിരെ കേസെടുക്കാൻ വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയ സാഹചര്യത്തിലായിരുന്നു അത്.
കഴിഞ്ഞ ജൂണിലാണ് എസ്‌പിക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടികാട്ടി ഡി.ജി. പി കെ.എസ്. ബാലസുബ്രമണ്യം ആഭ്യന്തരമന്ത്രിക്ക് ശുപാർശ നൽകിയത്. ഇന്റലിജൻസ് എ.ഡി.ജി.പി എ. ഹേമചന്ദ്രൻ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇന്റലിജൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനാകില്ലെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇതേ തുടർന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനുമിടെ 20ഓളം സാക്ഷികളിൽ നിന്ന് മൊഴിയെടുക്കുകയും മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു.
രാഹുലും അജിത്തും ക്വാറി ഉടമയും അയാളുടെ സഹോദരനും തമ്മിലുള്ള മൊബൈൽ ഫോൺ കോൾ വിശദാംശങ്ങളാണ് കേസിലെ പ്രധാന തെളിവ്. എക്‌സ്‌പ്ലോസീവ് ലൈസൻസുകൾ പരിശോധിക്കേണ്ടത് എസ്.ഐയുടെയും സി.ഐയുടെയും ജോലിയാണ്. അപൂർവം കേസുകളിൽ ഡിവൈ.എസ്‌പിമാരും ഇടപെടും. എസ്‌പിക്ക് മേൽനോട്ടച്ചുമതല മാത്രമേയുള്ളൂ. എന്നാൽ പരാതിക്കാരന്റെ ഒരു ക്വാറി എസ്‌പിയുടെ നിർദേശപ്രകാരം പൂട്ടിച്ചു. ഇദ്ദേഹത്തോട് അസൽ ലൈസൻസുമായി എസ്‌പിയെ കാണാൻ എസ്.ഐ നിർദേശിച്ചു എന്നാണ് ആക്ഷേപം.
ക്വാറിയുടമയുടെ സഹോദരൻ എസ്‌പിയെ ചേംബറിൽ ചെന്നു കണ്ടപ്പോൾ 20 ലക്ഷം ആവശ്യപ്പെട്ടു. ഒരു മൊബൈൽ നമ്പർ നൽകിയശേഷം, തുക എവിടെയാണ് എത്തിക്കേണ്ടതെന്നറിയാൻ അതിൽ ബന്ധപ്പെടാൻ എസ്. പി പറഞ്ഞുവത്രേ. ക്വാറി ഉടമ ആ നമ്പരിൽ വിളിച്ചപ്പോൾ അജിത്ത് എന്നയാളാണ് കോൾ എടുത്തത്. ഇയാളുമായി 17 ലക്ഷം രൂപയ്ക്ക് ഇടപാടുറപ്പിച്ചു. തുക പണമായി കൊച്ചിയിലെത്തിക്കാൻ പറഞ്ഞു. കൊച്ചിയിലെ വൈറ്റ് ഫോർട്ട് ഹോട്ടലിനു മുന്നിൽ കാറിൽ കാത്ത് നിന്ന അജിത്തിനു പണം കൈമാറി. തുടർന്ന് ക്വാറി നടത്താൻ തടസമുണ്ടായില്ല. പണം കിട്ടിയയുടൻ അജിത്ത് രാഹുലിനെ വിളിച്ചതിനും തെളിവുണ്ട്. ദിവസങ്ങൾക്കുശേഷം റാന്നി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഇവരുടെതന്നെ മറ്റൊരു ക്വാറി ഷാഡോ പൊലീസിനെ വിട്ട് എസ്‌പി. പൂട്ടിച്ചു. ലോക്കൽ പൊലീസിനെ മറികടന്നായിരുന്നു ഇത്.
എന്നാൽ പൊലീസിനുള്ളിലെ ഉന്നതതല ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. എഡിജിപി ശ്രീലേഖ, ഐജി മനോജ് എബ്രഹാം എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് താൻ പ്രവർത്തിച്ചതെന്ന് രാഹുൽ വിജിലൻസിന് മൊഴി നൽകിയിരുന്നു. ഇതിനെതിരെ ഐപിഎസ് അസോസിയേഷനും പ്രതിഷേധിച്ചിരുന്നു.