തിരുവനന്തപുരം: കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. പക്ഷം പിടിച്ച് ചിലരെ ചവിട്ടിത്താഴ്‌ത്താൻ ശ്രമിക്കുന്നവർ. അത്തരക്കാരുടെ ശ്രമഫലമായാണ് കേരളത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ കൈക്കൂലി ആരോപണം ഉയരുന്നത്. ഉപജാപങ്ങൾ കൂടിയായപ്പോൾ അദ്ദേഹത്തെ കൈക്കൂലിക്കാരനാക്കി മാധ്യമ വാർത്തകളെത്തി. എന്നാൽ, അന്വേഷണം നടത്തിയപ്പോൾ വ്യക്തമായത് അദ്ദേഹത്തെ ചില നിക്ഷിപ്ത താൽപ്പര്യക്കാർ ചേർന്ന് കുടുക്കിയെന്നാണ്. രാഹുൽ ആർ നായരാണ് വിജിലൻസ് അന്വേഷണത്തിൽ കുറ്റവിമുക്തനായത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരിക്കേ ക്വാറി ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ രാഹുൽ ആർ. നായർ ഉൾപ്പെടെ രണ്ട് പേർക്ക് വിജിലൻസിന്റെ ക്‌ളീൻ ചിറ്റ് നൽകിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് വിജിലൻസ് കണ്ടെത്തൽ. നിലവിൽ തൃശ്ശൂർ കമ്മീഷണറാണ് രാഹുൽ ആർ നായർ.

ഷാനിയോ മെറ്റൽ ക്രഷർ ആൻഡ് സതേൺ ഗ്രാനൈറ്റ് എന്ന ക്വാറി നടത്തിപ്പുകാരനായ ജയേഷ് തോമസിൽ നിന്ന് 17 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ക്വാറി നടത്തുന്നു എന്ന പരാതിയിൽ പരിശോധന നടത്തിയ രാഹുൽ നായർ ക്വാറി പൂട്ടിച്ചു. ക്വാറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ ഇരുപത് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും കേസിലെ രണ്ടാം പ്രതിയായ അജിത്ത് മുഖേന രാഹുലിന് പതിനേഴ് ലക്ഷം കൈമാറി എന്നുമായിരുന്നു ജയേഷിന്റെ ആരോപണം.

ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ജയേഷിന്റെ ഉടമസ്ഥതയിലുള്ള കണ്ണന്താനം റോക്ക്‌സ് ആൻഡ് സാൻഡ്‌സ് എന്ന സ്ഥാപനത്തിൽ നിന്ന് സംഭവം കഴിഞ്ഞ അടുത്ത ദിവസം പതിനഞ്ചരലക്ഷം രൂപ ജയേഷിന്റെ പേരിൽ നൽകിയതായി രേഖകൾ ഉണ്ട്. എന്നാൽ ഈ തുക രാഹുലിന് കൈക്കൂലി കൊടുക്കാൻ ഉപയോഗിച്ചു എന്ന് പറയാൻ കഴിയില്ലെന്നാണ് വിജിലൻസ് വാദം. കേസ് അടുത്തമാസം 19ന് വീണ്ടും കോടതി പരിഗണിക്കും.

പൊലീസിലെ തന്നെ ഒരു ഉ്ന്നത ഉദ്യോഗസ്ഥനാണ് രാഹുൽ ആർ നായർക്കെതിരെ രംഗത്തെത്തിയത് എന്നതാണ് സൂചന. പത്തനംതിട്ടയിലെ ഒരു പ്രമുഖ ക്രഷർ ക്വാറി ഉടമ പുല്ലാട്ടെ ഒരു യൂണിറ്റ് തുറക്കാൻ എസ്‌പിക്ക് 17 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതി നൽകിയത്. ഇടനിലക്കാരൻ മുഖേനയാണ് എസ്‌പി പണം ആവശ്യപ്പെട്ടത്. ഇതു കൈമാറുകയും ചെയ്തതായി പറയുന്നു. ഇതു സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്വാറി ഉടമ പരാതി നൽകിയത്.

രാഹുൽ ആർ.നായർ എസ്‌പി ആയതിനുശേഷം പത്തനംതിട്ടയിലെ പാറമടകളും ക്വാറികളും വ്യാപകമായി പരിശോധിക്കുകയും നടപടിയെടുക്കുയും ചെയ്തിരുന്നു. ഇത്തരത്തിലുണ്ടാകുന്ന നടപടികൾ എസ്‌പി പണത്തിനുവേണ്ടി നടത്തിയതാണെന്ന പരാതിയാണുണ്ടായത്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എസ്‌പിയെ കുടുക്കാനാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. തുടർന്നാണ് അന്വേഷണം വിജിലൻസിനു കൈമാറിയത്. ആരോപണത്തേ തുടർന്നു പത്തനംതിട്ടയിൽ നിന്നു സ്ഥലംമാറ്റിയ രാഹുൽ ആർ.നായർക്കെതിരെ നടപടി വേണമെന്ന് ഡിജിപി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇന്റലിജൻസ് എഡിജിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിശദമായ അന്വേഷണം സംഭവത്തിലുണ്ടാകണമെന്ന ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ സംഭവം അന്വേഷിച്ചത്.

പരാതിക്കാരൻ ഉൾപ്പെടെയുള്ളവരിൽ നിന്നു തെളിവെടുത്തു. ആരോപണ വിധേയനായ എസ്‌പി ആക്ഷേപം തള്ളുകയും എഡിജിപി ആർ.ശ്രീലേഖ, ഐജി മനോജ് ഏബ്രഹാം എന്നിവർക്കെതിരെ മൊഴി നൽകുകയും ചെയ്തു. പത്തനംതിട്ടയിൽ മുമ്പ് എസ്‌പിമാരായിരുന്ന ഇരുവരും പാറമട, ക്രഷർ ഉടമകളുമായി ബന്ധമുള്ളവരാണെന്നായിരുന്നു ആക്ഷേപം. നിയമവിരുദ്ധ നടപടികളുടെ പേരിൽ താൻ പൂട്ടിച്ച ക്രഷറുകൾ തുറക്കാൻ ഇവർ ഇടപെട്ടതായും രാഹുൽ പരാതിപ്പെട്ടു. ഇതനുസരിച്ച് ഇരുവരുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. ഇവർ ഇതു നിഷേധിച്ചെങ്കിലും ചില ക്രഷറുകളും തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ നേരത്തെയും ആരോപണ വിധേയമായിരുന്നു. ആരോപണ വിധേയനായ ഒരാൾ നടപടിയിൽ നിന്നു രക്ഷപെടാൻ നൽകിയ മൊഴിയായിട്ടാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്ഷേപം കണ്ടിരുന്നത്.